മാധ്യമപ്രവര്‍ത്തകരെ ജയിലിലിട്ടതിനെ ന്യായീകരിച്ച് ഓങ് സാന്‍ സൂ കി
നൈഫിഡൊ: റോഹിംഗ്യന്‍ കൂട്ടക്കൊലയെപ്പറ്റി റിപ്പോര്‍ട്ട് ചെയ്ത രണ്ടു റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരെ ജയിലിലടച്ചതിനെ ന്യായീകരിച്ച് മ്യാന്മാര്‍ നേതാവ് ഓങ് സാന്‍ സൂകി. വാ ലോണ്‍ (32), ക്യൂ സോയ് ഊ (28) എന്നിവരെയാണ് ഏഴു വര്‍ഷത്തെ ശിക്ഷ വിധിച്ച് മ്യാന്മാര്‍ ജയിലിലടച്ചത്.
രാഖൈന്‍ പ്രവിശ്യയില്‍ നടന്ന റോഹിംഗ്യന്‍ മുസ്‌ലിം കൂട്ടക്കൊലയും സൈനികരുടെ അതിക്രമവും റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് ശിക്ഷ. രാജ്യത്തിന്റെ രഹസ്യം ചോര്‍ത്തിയെന്നാണ് ഇവര്‍ക്കെതിരെ കുറ്റം ചാര്‍ത്തിയിരിക്കുന്നത്.
''അവര്‍ മാധ്യമപ്രവര്‍ത്തകരായതു കൊണ്ടല്ല ജയിലിലടക്കപ്പെട്ടത്... ഔദ്യോഗിക രഹസ്യ നിയമം ഭേദിച്ചെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്''- സൂ കി പറഞ്ഞു. ഹാനോയില്‍ നടക്കുന്ന ആസിയാന്‍ വേള്‍ഡ് ഇകോണമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഡിസംബറിലാണ് രണ്ടു മാധ്യമപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് ശിക്ഷ കൂടി വിധിച്ചതോടെ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധമുണ്ടായി. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച സൂ കി ഭരിക്കുമ്പോള്‍ തന്നെ നടന്ന കൊടുംക്രൂരത റിപ്പോര്‍ട്ട് ചെയ്തവര്‍ക്കാണ് കല്‍തുറുങ്ക് കൂടി ലഭിച്ചത്.
ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമല്ല, മറിച്ച് രാജ്യത്തിന്റെ ഔദ്യോഗിക രഹസ്യവുമായി ബന്ധപ്പെട്ടുള്ളതാണ്. പലരും ഈ വധിയുടെ സംഗ്രഹം വായിച്ചിട്ടുണ്ടോയെന്നു പോലും ഞാന്‍ അല്‍ഭുതപ്പെടുന്നു- സൂ കി പറഞ്ഞു.
നമ്മള്‍ നിയമത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, അവര്‍ക്കെല്ലാം വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള അവകാശമുണ്ട്. വിധി എന്തുകൊണ്ട് തെറ്റായെന്നു കാണിക്കാനുമാവും- സൂ കി പറഞ്ഞു.
2017 ഓഗസ്റ്റില്‍ അരാകാന്‍ റോഹിംഗ്യ സാല്‍വേഷന്‍ ആര്‍മി എന്ന സംഘം മ്യാന്മാര്‍ പൊലിസ് പോസ്റ്റ് ആക്രമിച്ചതിനെത്തുടര്‍ന്നാണ് റോഹിംഗ്യന്‍ മുസ്‌ലിംകളെ മുഴുവനും ഉന്മൂലനം ചെയ്യാന്‍ സൈനിക നടപടിയെടുത്തത്. ഏഴു ലക്ഷം റോഹിംഗ്യകളാണ് രാഖൈനില്‍ നിന്ന് നാടുവിട്ടോടിയത്. ഇവരിപ്പോഴും ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അഭയാര്‍ഥികളായി കഴിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."