മുന്നോക്ക സംവരണം: ലക്ഷ്യം ഭൂരിപക്ഷ വോട്ടുബാങ്ക്
പാലക്കാട്: പാര്‍ശ്വവത്കരിക്കപ്പെട്ട പിന്നോക്ക വിഭാഗങ്ങളുടെ കൂടെ നിലകൊണ്ടിരുന്ന സംസ്ഥാന സര്‍ക്കാര്‍ കളം മാറ്റിച്ചവിട്ടുന്നു. പതിവ് തെറ്റിച്ച് മുന്നോക്കവിഭാഗങ്ങളുടെ വോട്ട് ബാങ്ക് ഉറപ്പിക്കുന്ന നടപടികളുമായി മുന്നോട്ടുപോകാന്‍ മന്ത്രിസഭയിലും ഇടതുമുന്നണിയിലും തീരുമാനമായി. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കിയിരുന്ന അവകാശങ്ങള്‍ വരെ കവര്‍ന്നെടുത്തും വെട്ടിക്കുറച്ചും മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത് പുതിയ നിലപാടിന്റെ ഭാഗമായാണ്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിയമം കൊണ്ടുവന്നെങ്കിലും കേന്ദ്രത്തേക്കാള്‍ ഒരുപടി മുന്നില്‍ തങ്ങളാണെന്ന നിലയിലാണ് ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ പുരോഗമിക്കുന്നത്.
ഭൂരിപക്ഷ വിഭാഗങ്ങളെ പിന്തുണക്കുക വഴി ന്യൂനപക്ഷവിഭാഗങ്ങളില്‍ നിന്നുണ്ടാകാന്‍ സാധ്യതയുള്ള എതിര്‍പ്പും പ്രതിഷേധവും മറികടക്കാന്‍ കൂടിയാണ് ശ്രീനാരായണഗുരുവിന്റെ പേരില്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റി പ്രഖ്യാപിച്ചതും കേരളകോണ്‍ഗ്രസ് ജോസ് വിഭാഗത്തെ മുന്നണിയിലെത്തിക്കാനുള്ള സാഹചര്യമൊരുക്കിയതും. ഇത്തരത്തില്‍ പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലെ ഐക്യപ്പെടല്‍ ഒഴിവാക്കാമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. കേരളകോണ്‍ഗ്രസ് ജോസ് വിഭാഗം ഇടതുമുന്നണിയുടെ ഭാഗമാവുന്നതിനുപുറമെ ക്രൈസ്തവ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് പുതിയ സംവരണ നയം ഗുണകരമാകുമെന്നത് സര്‍ക്കാരിന്റെയും മുന്നണിനേതൃത്വത്തിന്റെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.
സംസ്ഥാനത്തെ 68 ശതമാനം ക്രൈസ്തവര്‍ക്കും പുതിയ സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്ന തരത്തിലാണ് പദ്ധതികള്‍ തയാറാക്കിയിരിക്കുന്നത്. നിലവില്‍ ക്രൈസ്തവര്‍ക്കിടയിലെ 15.2 ശതമാനം വരുന്ന ലത്തീന്‍ കത്തോലിക്കര്‍ക്കും സി.എസ്.ഐ വിഭാഗത്തിനും മാത്രമാണ് സംവരണം ലഭിച്ചുവരുന്നത്. പുതിയ സംവരണ നിയമം നടപ്പിലാകുന്നതോടെ ക്രിസ്ത്യാനികളിലെ മുന്നോക്കക്കാരും പ്രബല വിഭാഗങ്ങളുമായ റോമന്‍ കത്തോലിക്ക, സിറോമലബാര്‍, സിറോ മലങ്കര, ഓര്‍ത്തഡോക്‌സ്, യാക്കോബായ, മാര്‍ത്തോമ്മ വിഭാഗങ്ങള്‍ക്കും സംവരണാനുകൂല്യം ലഭിക്കും. ഇത്തരത്തില്‍ സംവരണ പരിധിയുടെ പുറത്തുനില്‍ക്കുന്ന മുന്നോക്ക വിഭാഗങ്ങളെല്ലാം കൂടി കേരളത്തിലെ ആകെ ക്രിസ്ത്യന്‍ ജനസംഖ്യയുടെ 68 ശതമാനം വരും. കേരള ജനസംഖ്യയുടെ 12 ശതമാനം വരുന്ന നായര്‍ സമുദായത്തിനും മൂന്നുശതമാനം വരുന്ന ബ്രാഹ്മണ സമുദായത്തിനും സംവരണം ലഭിക്കും.
ഭരണഘടനയുടെ 124ാം ഭേദഗതിയുടെ ചുവട് പിടിച്ചാണ് പുതിയ സംവരണ നയം. അതേസമയം ശ്രീനാരായണഗുരുവിന്റെ പേരില്‍ സര്‍വകലാശാല പ്രഖ്യാപിച്ചെങ്കിലും സമുദായത്തിന് അര്‍ഹതപ്പെട്ട സംവരണാനുകൂല്യം ഇല്ലാതാക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ ശ്രീനാരായണീയ സമൂഹത്തില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയരുന്നുണ്ട്. ഹിന്ദുമതത്തിന്റെ തന്നെ ഭാഗമായ പട്ടികജാതി, പട്ടികവര്‍ഗവിഭാഗങ്ങള്‍, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍, മുസ്‌ലിംകള്‍ എന്നിവരെയെല്ലാം തഴഞ്ഞുകൊണ്ടാണ് സര്‍ക്കാര്‍ പുതിയ സംവരണ നീക്കവുമായി മുന്നോട്ടുപോകുന്നത്. സംവരണം നടപ്പിലാക്കുമ്പോള്‍ ന്യൂനപക്ഷങ്ങളുടെ അവകാശത്തെ ഹനിക്കാത്ത രീതിയില്‍ നടപ്പിലാക്കുമെന്ന് ഇടത് നേതാക്കളും മുഖ്യമന്ത്രിയും ആവര്‍ത്തിച്ച് പറഞ്ഞിരുന്നുവെങ്കിലും നേരത്തെ ഉണ്ടായിരുന്ന സംവരണാനുകൂല്യം കൂടി കവര്‍ന്നെടുക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടുനീക്കുന്നത്.
വിദ്യാഭ്യാസമേഖലയിലെ സംവരണത്തിനുപുറമെ ഉദ്യോഗസ്ഥ നിയമനങ്ങളിലും ഇതേ രീതിയിലാണ് സംവരണം നടപ്പിലാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. അധികാരം നിലനിര്‍ത്താനായി ദേശീയ തലത്തില്‍ സംഘ്പരിവാര്‍ നടപ്പിലാക്കുന്ന അതേ നയങ്ങള്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൂടുതല്‍ ശക്തമായി നടപ്പാക്കുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."