ഓര്‍ഡര്‍... ഓര്‍ഡര്‍.../കഥ
പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തത് കൊണ്ടാണ് കോടതി വളപ്പിലേക്ക് കയറിയത്.
ഒരു ദിവസം ആരംഭിക്കുന്നതിന്റെ വിരസത മുഖത്ത് തിരിച്ചറിയാനാവാത്തതിനാലായിരിക്കാം, വക്കീല്‍കോട്ടണിഞ്ഞ പലരും എനിക്ക് ചുറ്റും കൂടാന്‍ മത്സരിച്ചു-ഒരു വക്കാലത്ത് ഒപ്പിച്ച് കിട്ടിയാല്‍ പിന്നെ മാസങ്ങളോളം വീട്ട് ചെലവിന് വകയായല്ലോ!
അവരുടെ മുഖത്ത് വിരിഞ്ഞ ഗൂഢസ്മിതം അവിടെയുണ്ടായിരുന്ന പൊലിസുകാര്‍ക്ക് പോലും മനസിലായിട്ടുണ്ട്. പക്ഷേ, നെടുവീര്‍പ്പുകള്‍ മാത്രം ജീവതാളമായ പ്രതികളും ബന്ധുക്കളും ഇതൊന്നും ശ്രദ്ധിച്ച മട്ടേയില്ല...
''ദേ, മയിസ്‌ട്രേറ്റ് വന്നൂ...'' ആരോ, എവിടെ നിന്നോ, തെല്ലുറക്കെ വിളിച്ചുപറഞ്ഞു. ചുറ്റുംകൂടിയ വക്കീലന്മാര്‍ എന്നെ വിട്ട് കോടതി മുറിയിലേക്ക് ഓടിക്കയറി.
പരിസരം ഏതാണ്ട് ശൂന്യമായെന്ന് തോന്നിയപ്പോള്‍, ഞാനും
കോടതി എന്ന ബോര്‍ഡ് വച്ച കെട്ടിടത്തിലേക്ക് എത്തിനോക്കി. ക്ഷേത്രനടയിലെത്തിയ ഭക്തന്റെ ഭാവമായിരുന്നു എന്റേത്. അകത്തിരിക്കുന്ന ശ്രീകോവിലില്‍ ഏതോ ഒരു ദൈവമുണ്ട്. ഒരു ദര്‍ശനം നടത്തിയേക്കാം. ചെരുപ്പ് പുറത്തഴിച്ച് വച്ച്, ഭയഭക്തിബഹുമാനത്തോടെ, പതിഞ്ഞ കാല്‍പ്പെരുമാറ്റത്തോടെ അകത്ത് പ്രവേശിച്ചത് കൊണ്ടാവാം, അതിനകത്തുണ്ടായിരുന്ന പലരുടെയും മുഖത്ത് ഒരുതരം പരിഹാസം.
കേസ് നമ്പര്‍ 4242016... ആഴപ്പരപ്പില്‍ ജാനകി മകള്‍ ഷീബ...; കടുംചുവപ്പ് നിറത്തിലുള്ള തുണികൊണ്ട് പൊതിഞ്ഞ വലിയൊരു മേശയ്ക്ക് താഴെനിന്നു ഒരു മധ്യവയസ്‌കന്‍ ഉറക്കെ വിളിച്ചു.
രണ്ട് വനിതാ പൊലിസുകാര്‍ മുഷിഞ്ഞ സാരി ധരിച്ച ഒരു സ്ത്രീയെയും കൊണ്ട് ജഡ്ജിക്ക് മുന്‍പി
ലെത്തി സല്യൂട്ട് ചെയ്തു. അതിലൊരാള്‍ പ്രതിയെ വിചാരണക്കൂട്ടില്‍ കയറ്റിയശേഷം ജഡ്ജിയെ വണങ്ങുകയും ചെയ്തു. ഒരു വക്കീല്‍ ഇരിപ്പിടത്തില്‍നിന്നു എഴുന്നേറ്റു. മറ്റ് വക്കീലന്മാരില്‍ ഭൂരിഭാഗവും കോട്ടില്‍നിന്നും പാന്റ്‌സില്‍ നിന്നും പുറത്തെടുത്ത മൊബൈല്‍ ഫോണില്‍ നിമഗ്നരായി.
സൈലന്റ് ആക്കാന്‍ മറന്നുപോ യ ഏതോ ഒരു മൊബൈല്‍, വാട്ട്‌സ് ആപ്പ് മെസേജിന്റെ വരവറിയിക്കുന്ന റിങ് ടോണില്‍ കരഞ്ഞു. ജഡ്ജി ആ ശബ്ദം വന്നിടത്തേയ്ക്ക് രൂക്ഷമായി ഒന്ന് നോക്കി...
വാദം തുടങ്ങുകയാണെന്ന് എനിക്ക് തോന്നി. ജീവിതത്തിലാദ്യമായാണ് ഒരു കോടതി വിചാരണ നേരിട്ട് കാണുന്നത്. സിനിമയിലെ വക്കീലന്മാരുടെ പ്രകടനമാണ് ഭേദം എന്ന് തോന്നി.
''ആ ബെഞ്ചിലിരുന്നോളൂ... സമയമാകുമ്പോള്‍ വിളിക്കും''.
വഴിമുടക്കിയ എന്നെ ഒരു കൂട്ടം കടലാസ്‌കെട്ടുകളുമായി വന്ന വൃദ്ധന്‍ പതിയെ തള്ളിമാറ്റി. ഒരു നേര്‍ത്ത ചിരിയോടെ, നരച്ച ചുമരിനരികില്‍, ദ്രവിച്ചുതുടങ്ങിയ ഒരു ബഞ്ചില്‍ ഞാന്‍ അര്‍ദ്ധാസനസ്ഥനായി.
വിചാരണക്കൂട്ടിലെ സ്ത്രീ
പൊട്ടിക്കരയുന്നു...
അതൊന്നും ശ്രദ്ധിക്കാതെ വക്കീലന്മാര്‍ മൊബൈലില്‍ കളിച്ചുകൊണ്ടേയിരുന്നു...
ജഡ്ജിയുടെയും കൂടിന്റെയും ഇടയില്‍നിന്നു വ്യാകരണത്തെറ്റ് മാത്രമുള്ള ഇംഗ്ലീഷില്‍, എന്നാല്‍ ഗമയൊട്ടും കുറക്കാതെ, വക്കീല്‍ എന്തൊക്കെയോ വാദിക്കുന്നു. ഒരല്‍പ്പം ശബ്ദമുയര്‍ത്തി, അറിയാതെ കോട്ടുവായിട്ട എന്നെ നോക്കി രണ്ട് വക്കീലന്മാര്‍ എന്തോ കുശുകുശുത്തു. അല്‍പ്പം കഴിഞ്ഞ് അതിലൊരാള്‍, വിചാരണക്കൂടിനരികിലായി നില്‍ക്കുകയായിരുന്ന പൊലിസുകാരനെ ആംഗ്യം കാണിച്ച് വിളിച്ചു. എന്നെ ചൂണ്ടി അവര്‍ പൊലിസുകാരനോട് എന്തോ സ്വകാര്യം പറഞ്ഞു.
പൊലിസുകാരന്‍ എന്റടുത്ത് വന്നു മുക്രയിട്ടു:
''നിങ്ങള്‍ക്കെന്താ ഇവിടെ കാര്യം...? കേസ് വല്ലതുമുണ്ടോ?''.
പേടിച്ച്, ഇല്ലാ എന്ന മട്ടില്‍ ഞാന്‍ തലയാട്ടി.
''ങും... ഉടന്‍ പുറത്തിറങ്ങ്...''.
ഞാന്‍ ഭയചകിതനായി എഴുന്നേറ്റു.
പൊലിസുകാരന്‍ കൂടുതല്‍ ക്രുദ്ധനായി എന്നെ തള്ളി പുറത്താക്കി.
''ഏതേലും കോപ്പിലെ പത്രക്കാരനായിരിക്കും... ''.
വക്കീലന്മാരിലാരോ പുറകില്‍നിന്നു ആക്രോശിക്കുന്നത് ഞാന്‍ വ്യക്തമായി കേട്ടു.
''ഓര്‍ഡര്‍... ഓര്‍ഡര്‍...; ജഡ്ജി ചുറ്റികയെടുത്തു''.
ആ ഓര്‍ഡറിനിടയിലും നേരത്തേ കേട്ട വാട്‌സ് ആപ്പ് മെസേജ് റിങ് വന്നത്, ചെരുപ്പ് പരതിപ്പിടിക്കുന്നതിനിടയിലും ഞാന്‍
വ്യക്തമായി കേട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."