മോര്‍ച്ചറിയില്‍ സൂക്ഷിച്ച യുവതിയുടെ മൃതദേഹം അഴുകി വികൃതമായി
ചാരുംമൂട് (ആലപ്പുഴ): സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കിട്ടിയത് അഴുകി വികൃതമായ നിലയില്‍. ബന്ധുക്കളുടെ പരാതിയില്‍ വള്ളികുന്നം പൊലിസ് കേസെടുത്തു. കായംകുളം സ്വദേശിയായ അക്ഷയ (21) യുടെ മൃതദേഹമാണ് കറ്റാനത്തിനു സമീപമുള്ള സ്വകാര്യാശുപത്രിയില്‍ സൂക്ഷിച്ചിരുന്നത്.
കൊവിഡ് പരിശോധനാ ഫലം വരേണ്ടതിനാല്‍ ചൊവ്വാഴ്ചയാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. പരിശോധനാഫലം നെഗറ്റീവായതോടെ ഇന്നലെ രാവിലെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോകുന്നതിനായി ഏറ്റുവാങ്ങിയപ്പോള്‍ തിരിച്ചറിയാനാവാത്തവിധം അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായതോടെ വള്ളികുന്നം പൊലിസും സ്ഥലത്തെത്തി.
സംഭവത്തില്‍ കേസെടുക്കുമെന്ന് അറിയിച്ചതോടെയാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. മോര്‍ച്ചറിയിലെ ഫ്രീസറിന്റെ കംപ്രസര്‍ തകരാറായതാകാം കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഒരാഴ്ച മുന്‍പ് കറ്റാനം സ്വദേശിയായ വൃദ്ധയുടെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്നും പുറത്തെടുത്തപ്പോഴും ബന്ധുക്കള്‍ക്ക് ഇത്തരം പരാതിയുണ്ടായിരുന്നതായും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."