എന്തുപറ്റി ഈ അമ്മമാര്‍ക്ക്
അമ്മ എന്നുള്ള രണ്ടക്ഷരം ശ്രവണമാത്രയില്‍ നമ്മുടെയൊക്കെ മനസിലുണര്‍ത്തുന്നത് ദിവ്യമായ വികാരമാണ്. നൊന്തു പ്രസവിച്ചു പാലൂട്ടി താരാട്ടി താലോലിച്ചു വളര്‍ത്തിയ അമ്മയോടുള്ള ബന്ധം ഹൃദ്യമായ വികാരമാണ്. തന്റെ കുഞ്ഞിനു വേണ്ടി ഉണ്ണാതെ, ഉറങ്ങാതെ എത്രയെത്ര ദിനരാത്രങ്ങളാണ് അമ്മ കഴിച്ചുകൂട്ടുന്നത്. കുഞ്ഞിന്റെ കുഞ്ഞിക്കാലിലൊരു മുള്ളുതറച്ചാല്‍ വേദന കടന്നുകയറുന്നത് സ്‌നേഹവാല്‍സല്യത്തിന്റെ നിറകുടമായ അമ്മയുടെ ഹൃദയത്തിലേക്കാണ്. സ്വന്തം കുഞ്ഞിനുവേണ്ടി ജീവന്‍ കളയാന്‍പോലും മടിയില്ല അമ്മ മനസിന്. സ്വര്‍ഗം മാതൃപാദങ്ങളിലാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചു. എന്നാല്‍ വിദ്യകൊണ്ട് പ്രബുദ്ധമെന്ന് വിശേഷിക്കപ്പെടുന്ന സാംസ്‌കാരിക കേരളത്തില്‍നിന്ന് ഈയിടെയായി പെറ്റമ്മമാരുടെ സ്വന്തം കുഞ്ഞുങ്ങളോടുള്ള കൊടുംക്രൂര ചെയ്തികളെക്കുറിച്ചാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്.
ആലുവയില്‍ അമ്മയുടെ ക്രൂര മര്‍ദനത്തിനിരയായ മൂന്നു വയസുകാരന്‍ മരണത്തിനു കീഴടങ്ങി. ഈ കൊച്ചു കൂട്ടിയെയാണ് നൊന്തു പെറ്റമ്മ ചട്ടകം പഴുപ്പിച്ച് പൊള്ളിക്കുകയും കട്ടിയുള്ള ഏതോ വസ്തുകൊണ്ട് മര്‍ദിക്കുകയും ചെയ്തത്. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ഈ കൊടുംക്രൂര സംഭവത്തിന് പിറകെ ഏതാനും ദിവസം പിന്നിട്ടപ്പോള്‍, ചേര്‍ത്തല പട്ടണക്കാട്ട് 15 മാസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ കൊന്നത് പെറ്റമ്മ തന്നെ .
തൊടുപുഴയില്‍ രണ്ടാനച്ഛന്റെ കൊടും പീഡനത്തിനിരയായി മരണത്തിനു കീഴടങ്ങിയത് ഏഴു വയസുകാരന്‍. തടയാനോ എതിര്‍ക്കാനോ സന്നദ്ധമാവാതെ നിസ്സംഗത പുലര്‍ത്തിയത് ജന്മം നല്‍കിയ അമ്മ. കട്ടപ്പനയില്‍ എട്ടു വയസുകാരിയെ തല്ലിച്ചതച്ച കേസില്‍ അറസ്റ്റിലായത് അമ്മയുടെ കാമുകന്‍. തടയാനോ പൊലിസില്‍ അറിയിക്കാനോ മെനക്കെടാത്ത അമ്മയ്‌ക്കെതിരേയും പൊലിസ് കേസെടുത്തു.
പാലക്കാട്ടുനിന്ന് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയുടെ മൂന്നര വയസുള്ള മകന് ദേഹമാസകലം പൊള്ളലേറ്റു. മാതാവ് സുലൈഖയെയും കാമുകന്‍ അല്‍ത്താഫിനെയും കോഴിക്കോട് നടക്കാവ് പൊലിസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി.
ടെക്‌നോപാര്‍ക് ജീവനക്കാരിയായ അനുശാന്തി, സ്വന്തം ഭര്‍ത്താവിനെ കബളിപ്പിച്ച് മറ്റൊരാളെ പ്രണയിച്ച് ഒടുവില്‍ ഭര്‍ത്താവിനെയും സ്വന്തം മകളെയും വകവരുത്താന്‍ കാമുകന്‍ നിനോ മാത്യുവിനെ ഏര്‍പ്പാട് ചെയ്യുകയായിരുന്നു.
അനുശാന്തിയുടെ കേസില്‍ ശിക്ഷ വിധിച്ചു കൊണ്ട് കോടതി പറഞ്ഞത് ഇവള്‍ മാതൃത്വത്തിന് അപമാനം എന്നായിരുന്നു. സ്വാര്‍ഥമാത്രാപ്രേരിതമായ സുഖഭോഗ തൃഷ്ണയ്ക്കു മുന്നില്‍ മാതൃത്വം അടിയറ വയ്ക്കുകയായിരുന്നു ഇവര്‍.
മാതൃത്വത്തിന്റെ മഹനീയതയെ ആദരിക്കാന്‍ 40ല്‍ അധികം രാജ്യങ്ങള്‍ മാതൃദിനം ആഘോഷിക്കുമ്പോള്‍ ഈ കൊച്ചു കേരളത്തില്‍ചില അമ്മമാര്‍ കൊടും ക്രൂരതയുടെ പ്രതീകങ്ങളായി മാറുന്നതാണ് കണ്ടത്. സംസ്ഥാനത്തെ 11,72,433 കുടുംബങ്ങളില്‍ കുട്ടികള്‍ക്ക് സുരക്ഷയില്ലെന്നും അവര്‍ക്കു നേരെ അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സാമൂഹിക നീതി വകുപ്പ് സര്‍വേ പറയുന്നു.
കുടുംബങ്ങളിലെ ചെറിയ പ്രശ്‌നങ്ങള്‍ പോലും താങ്ങാനാവാതെ മനോസംഘര്‍ഷത്തിലകപ്പെടുന്ന ദമ്പതികളുടെ പരാക്രമങ്ങള്‍ക്ക് ഇരകളാവുന്നത് നിസ്സഹരായ കുഞ്ഞുങ്ങളാണ്. ജോലിസ്ഥലത്തെ പിരുമുറുക്കങ്ങള്‍, വൈവാഹികബന്ധത്തിലെ അസ്വാരസ്യങ്ങള്‍, കടബാധ്യതകള്‍, ഒറ്റപ്പെടലുകള്‍ എന്നീ കാരണങ്ങളുടെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നതും പാവം കുഞ്ഞുങ്ങള്‍തന്നെ.
വളര്‍ത്തു മാതാപിതാക്കള്‍, മനോരോഗികള്‍, മദ്യപരായ മാതാപിതാക്കള്‍, ദാരിദ്ര്യം നിമിത്തം വിഷമിക്കുന്നവര്‍ എന്നിങ്ങനെയുള്ള കുടുംബങ്ങളിലെ കുട്ടികളാണത്രെ ഏറ്റവും അധികം പീഡിപ്പിക്കപ്പെടുന്നത്. കുഞ്ഞുങ്ങളുടെ മൗനനൊമ്പരങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന അമ്മമാരുണ്ട്. ആരോടൊക്കെയോ ഉള്ള അരിശം കുട്ടികളുടെ നേരെ തിരിച്ചു വിടുമ്പോള്‍ പ്രതിരോധിക്കാന്‍ അശക്തരായ ദുര്‍ബല കുഞ്ഞുങ്ങള്‍ അക്ഷരാര്‍ഥത്തില്‍ കൊടുംപീഡനത്തിന് നിന്ന് കൊടുക്കേണ്ടി വരുന്നു.
വീടുവിട്ട് ഒളിച്ചോടുന്ന കുട്ടികളില്‍ നല്ലൊരുവിഭാഗം കുടുംബത്തില്‍നിന്ന് സ്‌നേഹം ലഭിക്കാതെ പീഡിപ്പിക്കപ്പെടുന്നവരാണ് . താളം തെറ്റിയ കുടുംബബന്ധങ്ങളാണ് പലപ്പോഴും കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് അടുത്തിടപഴകാനും സ്‌നേഹം പങ്കിടാനുമുള്ള അവസരങ്ങള്‍ കുറയുന്നതാണ് വഴിവിട്ട ബന്ധങ്ങള്‍ക്ക് തേടാന്‍ അവസരമൊരുക്കുന്നത് . വിവാഹേതര ബന്ധങ്ങള്‍ കൊലപാതകങ്ങളിലും ആത്മഹത്യകളിലും ചെന്നെത്തുന്നത് അടിത്തറയില്ലാത്ത കുടുംബങ്ങളുടെ പര്യവസാനത്തിലാണ്. കുഞ്ഞുങ്ങളും ദമ്പതികളും രക്ഷപ്പെടാന്‍ സ്‌നേഹം നിറഞ്ഞ കുടുംബാന്തരീക്ഷം സൃഷ്ടിക്കുക മാത്രമാണ് പോംവഴി. പരസ്പരം അറിഞ്ഞും സ്‌നേഹം പങ്കിട്ടും വിട്ടുവീഴ്ചാ മനോഭാവം കൈക്കൊണ്ടും മുന്നോട്ടുനീങ്ങുന്ന ശൈലി സ്വായത്തമാക്കിയേ പറ്റൂ.
പരസ്പരം സ്‌നേഹത്തോടും വിട്ടുവീഴ്ചയോടും പെരുമാറുന്ന ദമ്പതികള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് വലിയ സന്ദേശമാണ് നല്‍കുന്നത്. പരസ്പരം കലഹിക്കുകയും തമ്മില്‍ തല്ലുകയും ചെയ്യുന്ന മാതാപിതാക്കള്‍ നരകതുല്യമായ കുടുംബാന്തരീക്ഷമാണ് സംഭാവന ചെയ്യുന്നത്. ഈ ദുരന്തനാടകങ്ങളില്‍ ഏറ്റവും ദുരിതം പേറേണ്ടി വരുന്ന കഥാപാത്രങ്ങളത്രെ കുഞ്ഞുങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."