പാലാ സീറ്റില്‍ ബലം പിടിക്കില്ലെന്ന് ജോസ് പറഞ്ഞിട്ടുണ്ട്, ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്: ഇടതുമുന്നണിയില്‍ വിശ്വാസമെന്ന് മാണി സി. കാപ്പന്‍
പാലാ: ജോസ് വിഭാഗം കേരളാ കോണ്‍ഗ്രസിനെ എല്‍.ഡി.എഫ് മുന്നണിയില്‍ എടുത്തതോടെ എന്‍.സി.പി മത്സരിക്കുന്ന സിറ്റിങ് സീറ്റുകളിലടക്കം ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇടതുമുന്നണിയില്‍ വിശ്വാസമുണ്ടെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് പാലാ മണ്ഡലത്തില്‍ നിന്നു വിജയിച്ച എന്‍.സി.പി നേതാവ് മാണി സി. കാപ്പന്‍.
പാലാ സീറ്റില്‍ ബലം പിടിക്കില്ലെന്ന് ജോസ് പറഞ്ഞിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ എന്‍.സി.പി ചര്‍ച്ചചെയ്യുമെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.
ഇന്നലെ ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തിലാണ് ജോസ് പക്ഷത്തെ മുന്നണിയില്‍ എടുത്തുകൊണ്ടുളള തീരുമാനമുണ്ടായത്. മുന്നണിയിലെ പതിനൊന്നാമത്തെ കക്ഷിയായിട്ടാണ് ജോസ് പക്ഷത്തിന്റെ പ്രവേശനം. ഉപാധികളൊന്നുമില്ലാതെ ഇടതുപക്ഷമാണു ശരിയെന്നു പറഞ്ഞു വരുന്ന പാര്‍ട്ടിയെ പുറത്തുനിര്‍ത്തി സഹകരിപ്പിക്കുന്നതിനു പകരം ഘടകകക്ഷിയാക്കി സ്വാഗതം ചെയ്യണമെന്ന് കണ്‍വീനര്‍ എ.വിജയരാഘവന്‍ യോഗത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിലവിലെ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കിക്കൊണ്ട് കേരള കോണ്‍ഗ്രസ് (എം) നെ മുന്നണിയിലേയ്ക്കു സ്വാഗതം ചെയ്തു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കൂടി ജോസ് കെ.മാണിയെ ഘടകകക്ഷിയാക്കണമെന്നു പറഞ്ഞതോടെ യോഗത്തില്‍ പങ്കെടുത്ത മറ്റു പാര്‍ട്ടികളുടെ നേതാക്കളും മുന്നണി പ്രവേശനം അംഗീകരിക്കുകയായിരുന്നു.
കേരള കോണ്‍ഗ്രസ് (എം) ന്റെ മുന്നണി പ്രവേശനം ആസന്നമായിരിക്കുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മുന്നണിയ്ക്കു ഏറെ ഗുണം ചെയ്യുമെന്നായിരുന്നു പൊതുവേയുണ്ടായ വിലയിരുത്തല്‍. യോഗത്തില്‍ പങ്കെടുത്ത സ്‌കറിയാ തോമസ് സംസ്ഥാന രാഷ്ട്രീയത്തില്‍ കാലാകാലങ്ങളായി കേരള കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകള്‍ വിശദീകരിച്ചു. കെ.എം മാണി പലഘട്ടങ്ങളിലും ഇടതുമുന്നണിയിലേയ്ക്കു വരാന്‍ സന്നദ്ധനായിരുന്നുവെങ്കിലും അതിനു കഴിഞ്ഞില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം മാണിയുടെ ആഗ്രഹം മകനിലൂടെ സാധിച്ചിരിക്കുന്നുവെന്നും ഇതു കേരളത്തില്‍ പുതിയ രാഷ്ട്രീയ സാഹചര്യമൊരുക്കാന്‍ ഗുണകരമാണെന്നും സ്‌കറിയാ തോമസ് പറഞ്ഞു. സ്‌കറിയാ തോമസിന്റെ അഭിപ്രായത്തോടു യോജിച്ചുകൊണ്ടായിരുന്നു പിന്നീടു നടന്ന ചര്‍ച്ചകള്‍. ജോസ് പക്ഷത്തിന്റെ മുന്നണി പ്രവേശനം അടുത്ത ദിവസം തന്നെ കീഴ്ഘടകങ്ങളിലേയ്ക്കു റിപ്പോര്‍ട്ടു ചെയ്യാന്‍ യോഗം അതതു പാര്‍ട്ടികളുടെ നേതാക്കളെ ചുമതലപ്പെടുത്തി. ബാര്‍ കോഴയടക്കമുള്ള കേസുകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമര്‍ശിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ പ്രചാരണങ്ങള്‍ സംഘടിപ്പിക്കാനും ഇടതുമുന്നണി യോഗം തീരുമാനിച്ചു.
അതിനിടെ പാലായില്‍ എന്തെങ്കിലും ധാരണയുണ്ടെങ്കില്‍ അത് വ്യക്തമാക്കണമെന്ന് എന്‍.സി.പി യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അക്കാര്യങ്ങളെല്ലാം പിന്നീട് ചര്‍ച്ച ചെയ്യാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. നിലവില്‍ ജോസ് കെ.മാണി പക്ഷം എല്‍.ഡി.എഫിലേക്ക് വരുന്നത് മുന്നണിക്ക് ഗുണം ചെയ്യും. യു.ഡി.എഫ് ദുര്‍ബലമാകുകയും ചെയ്യും. അതിനാല്‍ അക്കാര്യമാണ് പ്രധാനമെന്നും മുഖ്യമന്ത്രി നിലപാടെടുത്തു.
കേരള കോണ്‍ഗ്രസ് (എം)ന്റെ ഇടതുമുന്നണി പ്രവേശനം സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായ തീരുമാനമാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവിലെ യു.ഡി.എഫ് സംവിധാനത്തെ ദുര്‍ബലപ്പെടുത്താനും ശിഥിലമാക്കാനും കേരള കോണ്‍ഗ്രസ് (എം) ന്റെ മുന്നണി പ്രവേശനം ഇടയാക്കും. ഇടതുമുന്നണിയ്ക്കു തുടര്‍ഭരണ സാധ്യത വര്‍ധിപ്പിക്കുന്ന രാഷ്ട്രീയ തീരുമാനമാണ് കേരള കോണ്‍ഗ്രസ് (എം) സ്വീകരിച്ചിരിക്കുന്നതെന്നും നിയമസഭാ സീറ്റുകളെ സംബന്ധിച്ചുള്ള ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."