ഭരണകക്ഷിയുടെ നിയന്ത്രണത്തിലുള്ള സഹകരണ ബസുകള്‍ സര്‍വിസിനെടുക്കാന്‍ കെ.എസ്.ആര്‍.ടി.സി നീക്കം
കൊല്ലം: കെ.എസ്.ആര്‍.ടി.സിയില്‍ പുര കത്തുമ്പോള്‍ത്തന്നെ വാഴവെട്ടാനൊരുങ്ങി അധികൃതര്‍. കോര്‍പറേഷനിലെ പ്രതിസന്ധി മുതലെടുത്ത് പ്രമുഖ ഭരണകക്ഷി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളുടെ ബസുകള്‍ കരാര്‍ അടിസ്ഥാനത്തില്‍ സര്‍വിസിനെടുക്കാന്‍ നീക്കം.
ബസുകള്‍ക്കൊപ്പം ജീവനക്കാരെയും ലഭിക്കുമ്പോള്‍ ലാഭവിഹിതമാണ് വീതം വയ്ക്കുക. ഡീസല്‍ ക്ഷാമത്തിന്റെ മറവിലാണ് പരിഷ്‌കാരം നടപ്പാക്കുന്നത്. ശബരിമല സീസണിലും സഹകരണ ബസുകള്‍ ഏര്‍പ്പെടുത്തി പരമാവധി ലാഭം കൈക്കലാക്കാനാണ് അണിയറയില്‍ ആലോചന. ഡീസല്‍ ക്ഷാമത്തിന്റെ പേരില്‍ സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ചെയിന്‍ സര്‍വീസുകളിലും ഫാസ്റ്റ് പാസഞ്ചറുകളിലും സദാസമയവും തിരക്കാണ്. ഇത് കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഇരട്ടിപ്പണി നല്‍കുമ്പോള്‍ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ക്ക് ബാധകമാകാത്തത് വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നുണ്ട്.
കംപ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കിയതോടെ ഓഫിസര്‍മാര്‍ ഉള്‍പ്പെടെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ അധികമാണ്. ഇതിനിടെ,ഇടക്കാലത്തിനുശേഷം സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി റൂട്ടുകളുടനീളം സമാന്തര സര്‍വീസുകള്‍ കൈയടക്കിത്തുടങ്ങി. നേരത്തേയുണ്ടായിരുന്നതിന്റെ 75 ശതമാനം സമാന്തര സര്‍വീസുകളും കെ.എസ്.ആര്‍.ടി.സിയുടെ നടുവൊടിക്കുകയാണ്.
സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ പരീക്ഷിച്ച് വിജയിച്ച ചെയിന്‍ സര്‍വീസുകളില്‍ പലതും ഡീസല്‍ ക്ഷാമത്തിന്റെ പേരില്‍ നിര്‍ത്തലാക്കിയത് സ്വകാര്യബസുകള്‍ക്ക് ചാകരക്കൊയ്ത്തായി മാറിക്കഴിഞ്ഞു. ഉച്ചസമയങ്ങളില്‍ ആളില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ചെയിന്‍സര്‍വീസുകളെ നിലംപരിശാക്കുന്നത്.
കളക്ഷന്‍ കൂടുതലുള്ള സര്‍വീസുകള്‍ക്കും ഡീസല്‍ നല്‍കാതെ കട്ടപ്പുറത്താക്കുന്നതിന് പിന്നിലും സ്വകാര്യബസ് ലോബികളെ സഹായിക്കാനാണെന്ന് ജീവനക്കാര്‍ പറയുന്നു.
തെക്കന്‍ കേരളത്തിലെ പല ഡിപ്പോകളിലും സ്‌റ്റേറ്റ് സര്‍വീസുകള്‍ പോലും സ്വകാര്യ ബസുടകമള്‍ക്ക് വേണ്ടി നിര്‍ത്തലാക്കുന്നതും പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."