കുമ്മനത്തിനെതിരായ കേസ് ഒത്തുതീര്‍പ്പാക്കും
തിരുവല്ല: ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പുകേസ് കൂടുതല്‍ നടപടികളിലേക്ക് പോകുന്നതിനുമുമ്പ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം.
പാലക്കാട് കഞ്ചിക്കോട് ആസ്ഥാനമായി തുടങ്ങുന്ന ന്യൂഭാരത് ബയോ ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം നല്‍കി കുമ്മനത്തിന്റെ പി.എ ആറന്മുള പ്രസീതാലയത്തില്‍ പ്രവീണ്‍ ബി. പിള്ള അടക്കമുള്ളവര്‍ ഇടപെട്ട് 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. പരാതി നല്‍കിയ ആറന്മുള പുത്തേഴത്ത് ഇല്ലത്ത് പി.ആര്‍ ഹരികൃഷ്ണന് പണം തിരികെ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ സ്ഥാപന ഉടമ വിജയന്‍ സന്നദ്ധത അറിയിച്ചു. മുതിര്‍ന്ന നേതാവിന്റെ പേരില്‍ ഉയര്‍ന്നുവന്ന ജാമ്യമില്ലാ കേസ് എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ ആര്‍.എസ്.എസ്- ബി.ജെ.പി നേതൃത്വങ്ങള്‍ നല്‍കിയ നിര്‍ദേശവും ഒത്തുതീര്‍പ്പിനു വേഗംകൂട്ടി. ഇതിന്റെ ഭാഗമായി ഇരുകൂട്ടരും തമ്മില്‍ നേരില്‍ക്കാണും.
വ്യാഴാഴ്ചയാണ് ഹരികൃഷ്ണന്‍ കൊടുത്ത പരാതിയില്‍ ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം ആറന്മുള പൊലിസ് കുമ്മനമടക്കം ഒന്‍പതു പേരെ പ്രതികളാക്കി കേസെടുത്തത്. വിജയന്‍ രണ്ടാം പ്രതിയും ഭാര്യ കൃഷ്ണവേണി മൂന്നാം പ്രതിയും കുമ്മനം നാലാം പ്രതിയുമാണ്. ബി.ജെ.പി എന്‍.ആര്‍.ഐ സെല്‍ കണ്‍വീനര്‍ എന്‍. ഹരികുമാര്‍, സേവ്യര്‍ തുടങ്ങിയവരും കേസില്‍ പ്രതികളാണ്.
സാമ്പത്തിക തട്ടിപ്പിനുള്ള വകുപ്പുകളായ 406, 420 എന്നിവ ചുമത്തിയാണ് പൊലിസ് കേസെടുത്തത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന വാദവുമായി കുമ്മനം രംഗത്തെത്തിയിരുന്നു. കുമ്മനത്തെ കള്ളക്കേസില്‍പ്പെടുത്തിയെന്ന് ആരോപിച്ച് ബി.ജെ.പി ഇന്നലെ കരിദിനമാചരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."