കീമോതെറാപ്പി: യുവതിയുടെ കുടുംബം നഷ്ടപരിഹാരത്തിന് കേസുകൊടുക്കും
ആര്‍പ്പൂക്കര: സ്വകാര്യ ലാബ് നല്‍കിയ തെറ്റായ പരിശോധന ഫലത്തിന്റെ പേരില്‍ കാന്‍സര്‍ ചികിത്സയ്ക്ക് വിധേയായ യുവതി നഷ്ടപരിഹാരം ലഭിക്കുന്നതിന് ഉപഭോക്തൃ കോടതിയെ സമീപിക്കും. മാവേലിക്കര നൂറനാട് പാലമേല്‍ ചിറയ്ക്കല്‍ കിഴക്കേതില്‍ രജനി(38)യാണ് നഷ്ടപരിഹാരത്തിന് കോടതിയെ സമീപിക്കുന്നത്. ഫെബ്രുവരി 18ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജനറല്‍ സര്‍ജറി വിഭാഗത്തിലാണ് യുവതി ചികിത്സ തേടിയെത്തിയത്. വലത് മാറിടത്തിലെ ഒരു മുഴ നീക്കം ചെയ്യുന്നതിനാണ് എത്തിയത്.
എന്നാല്‍ സ്‌കാനിങ്, മാമോഗ്രാം, ബയോപ്‌സി എന്നീ പരിശോധനകള്‍ നടത്തിയപ്പോള്‍ രജനിക്ക് അര്‍ബുദം ബാധിച്ചിട്ടുണ്ടെന്നും അടിയന്തരമായി കീമോതെറാപ്പി ആരംഭിക്കണമെന്ന് ഓങ്കോളജി വിഭാഗത്തിനോടാവശ്യപ്പെടുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സംയുക്ത തീരുമാനമനുസരിച്ച് കീമോ ചികിത്സ ആരംഭിച്ചു. കീമോ ചികിത്സയുടെ ആദ്യഘട്ടം വന്നപ്പോള്‍ മെഡിക്കല്‍ കോളജിലെ പതോളജി വിഭാഗത്തിന്റെ ബയോപ്‌സി റിപ്പോര്‍ട്ട് വന്നതില്‍ രജനിക്ക് അര്‍ബുദം ബാധിച്ചിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്.
ഉടന്‍ തന്നെ കീമോതെറാപ്പികളുള്‍പ്പെടെയുള്ള അര്‍ബുദ ചികിത്സ നിര്‍ത്തിവയ്ക്കുകയും, മാറിടത്തിലെ മുഴ ജനറല്‍ സര്‍ജറി വിഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും ചെയ്തു. തനിക്ക് കാന്‍സര്‍ ഇല്ലെന്ന പരിശോധനാ ഫലം കിട്ടിയതോടെ രജനി തിരുവനന്തപുരം ആര്‍.സി.സിയില്‍ അര്‍ബുദ രോഗ പരിശോധന നടത്തി അവിടത്തെ പരിശോധന ഫലത്തിലും അര്‍ബുദ ലക്ഷണങ്ങള്‍ ഇല്ലാതെ വന്നതിനെ തുടര്‍ന്ന് രജനി മനുഷ്യാവകാശ കമ്മീഷനും ആരോഗ്യ മന്ത്രിക്കും പരാതി നല്‍കിയത്.
എന്നാല്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തില്ല. ആരോഗ്യ മന്ത്രിയുടെ ഓഫിസ് അന്വേഷണത്തിന് ഉത്തരവിടുകയും കോളജ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്‌തെങ്കിലും നടപടി ഉണ്ടായില്ല.
എന്നാല്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് മന്ത്രി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും, മുന്‍പ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് തന്നെയാണ് കോളജ് പ്രിന്‍സിപ്പല്‍ നല്‍കിയിരിക്കുന്നത്. ഇതിനിടയില്‍ ഇന്നലെ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരിക്കുകയാണ്.
രണ്ടു മാസം മുന്‍പ് നല്‍കിയ പരാതിയില്‍ ഇപ്പോഴാണ് അന്വേഷണം നടത്തുവാന്‍ ബന്ധപ്പെട്ടവര്‍ തയാറായതെന്നും, രോഗമില്ലാതിരുന്ന തനിക്ക് കാന്‍സര്‍ ചികിത്സ നടത്തിയതിന്റെ പേരിലുണ്ടായ ശാരീരിക ക്ഷീണത്തിന് നഷ്ടപരിഹാരം ലഭിക്കുവാന്‍ ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്ന് അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."