നിര്‍ണായക തെളിവുകളും മൊഴികളും ലഭിച്ചെന്ന് പൊലിസ്; ബിഷപ്പിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും
കൊച്ചി: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. ബിഷപ്പിന്റെ മൊഴികള്‍ കളവാണെന്ന് തെളിയിക്കുന്ന നിര്‍ണായക മൊഴികള്‍ പൊലിസിന് ലഭിച്ചു. അതിനാല്‍ അറസ്റ്റ് അനിവാര്യമാണെന്ന നിലപാടിലാണ് പൊലിസ്. എന്നാല്‍ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനു ശേഷമായിരിക്കും അറസ്റ്റെന്ന് പൊലിസ് വ്യക്തമാക്കി.
പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുധ്യങ്ങള്‍ക്ക് തൃപ്തികരമായ വിശദീകരണം ലഭിച്ചതായി പൊലിസ് പറഞ്ഞു. കന്യാസ്ത്രീയുടെ മൊഴികളിലെ വൈരുദ്ധ്യം പരിഹരിച്ചു. ഇതുവരെ രേഖപ്പെടുത്തിയ എണ്‍പത്തൊന്ന് മൊഴികളില്‍ മൂന്നെണ്ണമാണ് ഏറ്റവും നിര്‍ണായകം. ബിഷപ്പിന്റെ മൊഴികള്‍ കളവാണെന്ന് തെളിയിക്കുന്നതും പീഡനം നടന്നുവെന്ന് പരാതിയില്‍ പറയുന്ന ദിവസം കുറവിലങ്ങാട് മഠത്തില്‍ എത്തിയിരുന്നുവെന്ന് തെളിയിക്കുന്നതുമായ മൊഴികളാണ് ഇവ.
പീഡനം നടന്നുവെന്ന് പരാതിയില്‍ പറയുന്ന ദിവസം ബിഷപ്പ് കുറവിലങ്ങാട് മഠത്തില്‍ എത്തിയിരുന്നു എന്ന മൊഴിയാണ് അതില്‍ പ്രധാനം. മഠത്തിലെ രജിസ്റ്ററില്‍ ഇക്കാര്യം രേഖപ്പെടുത്തിയ കന്യാസ്ത്രീയാണ് മൊഴി നല്‍കിയത്. കുറവിലങ്ങാട് മഠത്തിലല്ല മുതലക്കോടത്തെ മഠത്തിലാണ് താമസിച്ചതെന്നാണ് ബിഷപ്പിന്റെ മൊഴി. എന്നാല്‍ മുതലക്കോടത്ത് ബിഷപ്പ് എത്തിയിട്ടില്ല എന്ന് ഇവിടെ രജിസ്റ്റര്‍ കൈകാര്യം ചെയ്യുന്ന കന്യാസ്ത്രീയുടെ മൊഴി നല്കി. കൂടാതെ ബിഷപ്പിന്റെ കാര്‍ ഡ്രൈവറുടെ മൊഴിയും ബിഷപ്പിനെതിരാണ്. ശാസ്ത്രീയ തെളിവുകളും രേഖകളും കണ്ടെടുത്തിട്ടുണ്ട്.
പരാതി തയാറാക്കിയ ലാപ്ടോപ്, കംപ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്ക്, ബിഷപ്പിന്റെ ലാപ്ടോപ് മൊബൈല്‍ ഫോണ്‍ എന്നിവ പൊലിസ് കണ്ടെടുത്തിരുന്നു. ഇതോടൊപ്പം മഠങ്ങളിലെ സന്ദര്‍ശക രജിസ്റ്ററുകള്‍, ബിഷപ്പിന്റെ കേരളത്തിലെ ടൂര്‍ പ്രോഗ്രാം, ഇടയനോടൊപ്പം പരിപാടിയുടെ റജിസ്റ്റര്‍ തുടങ്ങി 34 രേഖകളും അന്വേഷണസംഘത്തിന്റെ പക്കലുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ പൊലിസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതേസമയം, പീഡനം നടന്ന സമയത്ത് ബിഷപ്പ് ഉപയോഗിച്ച മൊബൈലും. കന്യാസ്ത്രീയുടെ മൊബൈലും കണ്ടെത്താനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."