പുനസ്ഥാപിക്കുന്ന നടപടികള്‍ യുദ്ധകാലടിസ്ഥാനത്തില്‍
മെഡിക്കല്‍ കോളജ്: ആശുപത്രി ഉള്‍പ്പെടെ ഈ പ്രദേശത്തെ വിവിധ ഭാഗങ്ങളിലേക്കുള്ള പ്രധാന പൈപ്പ് ലൈന്‍ മരപ്പാലത്ത് പൊട്ടി. ശനിയാഴ്ച രാത്രി എട്ടോടെയാണ് പൈപ്പ് പൊട്ടിയത്. വെള്ളം മുട്ടിയതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രോഗികളും കൂട്ടിരുപ്പുകാരും ജീവനക്കാരും വലഞ്ഞു.
പട്ടം മരപ്പാലത്ത് മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് കുടിവെള്ളമെത്തിക്കുന്ന 800 എം.എം.ഡി.ഐ പൈപ്പാണ് പൊട്ടിയത്. ഇതേ തുടര്‍ന്ന് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. സമീപ പ്രദേശത്തെ വീടുകളില്‍ വെള്ളം കയറി.
നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ എത്തി വാല്‍വ് അടച്ച് കുടിവെള്ളം പാഴാകുന്നത് തടഞ്ഞു. പുനസ്ഥാപിക്കുന്ന നടപടികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ ഇന്നലെ രാത്രി വൈകിയും നടന്നു.
ഈ ഭാഗത്തെ സ്വകാര്യ ആശുപത്രികള്‍, വിവിധ രോഗനിര്‍ണ്ണയ കേന്ദ്രള്‍ മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍, ഹോട്ടല്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളെയാണ് വെള്ളമില്ലാത്തത് ബാധിച്ചു. അരുവിക്കരയില്‍ നിന്ന് മണ്‍വിള ടാങ്കിലേക്കുള്ള 600 എം.എം പൈപ്പില്‍ കരിയം എല്‍.പി.എസിന് സമീപം കഴിഞ്ഞ ദിവസം ഉണ്ടായ ചോര്‍ച്ച അടയ്ക്കുന്നതിനുള്ള പണി തുടങ്ങുന്നതിനിടയിലാണ് മരപ്പാലത്തും പൊട്ടലുണ്ടായത്.
മെഡിക്കല്‍ കോളജിന് പുറമെ പേരൂര്‍ക്കട പത്മവിലാസം ലെയ്ന്‍, ടികെഡി റോഡ്, കുറവന്‍കോണം, വിക്രമപുരം ഹില്‍സ്, കുമാരപുരം, കണ്ണമ്മൂല പ്രദേശങ്ങളിലും ഈ ലൈനില്‍നിന്ന് വെള്ളം നല്‍കുന്നുണ്ട്. വേളി, കഴക്കൂട്ടം, അരുവിക്കര എന്നീ ഭാഗങ്ങളില്‍ നിന്നു വന്‍കിട ഹോട്ടലുകള്‍ സ്വകാര്യ ആശുപത്രി മുതലായവ ടാങ്കര്‍ ലോറികളില്‍ നിന്നു പണം നല്‍കി ശുദ്ധജലം വാങ്ങുകയായിരുന്നു.
ഈ ഭാഗത്ത് അടിക്കടി പൈപ്പുപൊട്ടല്‍ തുടര്‍കഥയാണ്. നൂറുകണക്കിന് രോഗികളും നിരവധി സന്ദര്‍ശകരും എത്തുന്ന മെഡിക്കല്‍ കോളജ് ആശുപത്രി, വിവിധ വന്‍കിട സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടങ്കിലും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."