നഷ്ടപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ നല്‍കി സര്‍ട്ടിഫിക്കറ്റ് അദാലത്ത്
പറവൂര്‍: പ്രളയത്തില്‍ നഷ്ടമായ രേഖകളുടെ പകര്‍പ്പുകള്‍ നല്‍കി പറവൂര്‍ താലൂക്കില്‍ സര്‍ട്ടിഫിക്കറ്റ് അദാലത്ത് നടന്നു. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ലൈസന്‍സ്, ആര്‍.സി ബുക്ക്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ആധാരം, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് തുടങ്ങിയവയുടെ യഥാര്‍ത്ഥ രേഖകള്‍ക്ക് പകരമായി ഉപയോഗിക്കാന്‍ സാധിക്കുന്ന പകര്‍പ്പുകളാണ് അദാലത്തില്‍ നല്‍കിയത്. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് എ.ഐ നിഷാദ് രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്നുള്ള രേഖകളുടെ പകര്‍പ്പ് അപേക്ഷകയ്ക്ക് നല്‍കി അദാലത്തിന് തുടക്കം കുറിച്ചു. എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും ഐ.ടി മിഷന്റെയും സഹകരണത്തോടെയാണ് അദാലത്ത് നടന്നത്. പറവൂര്‍, വടക്കേക്കര, മൂത്തകുന്നം, ചേന്ദമംഗലം, പുത്തന്‍വേലിക്കര എന്നീ അഞ്ച് വില്ലേജുകളിലെ ജനങ്ങള്‍ക്കായാണ് അദാലത്ത് സംഘടിപ്പിച്ചത്. ഓരോ കൗണ്ടറിലും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥനെ കൂടാതെ ഒന്നോ രണ്ടോ അക്ഷയ സംരംഭകരും ഉണ്ടായിരുന്നു.
ആധാര്‍ 96, എസ്.എസ്.എല്‍.സി 33, ആധാരം 31, ലൈസന്‍സ് 19, ആര്‍.സി ബുക്ക് 15, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് 15, റേഷന്‍ കാര്‍ഡ് 10 എന്നീ രേഖകളുടെ പകര്‍പ്പുകളാണ് അദാലത്തില്‍ നല്‍കിയത്. ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്റെ സൈറ്റില്‍ ലഭ്യമായ അപേക്ഷകളിലൂടെ 11 ജന മരണ സര്‍ട്ടിഫിക്കറ്റുകളുടേയും നാല് വിവാഹ സര്‍ട്ടിഫിക്കറ്റുകളുടേയും പകര്‍പ്പുകള്‍ ലഭ്യമാക്കി. പ്രളയത്തില്‍ രേഖകള്‍ നഷ്ടമായവരുടെ വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുന്നതിനായി ആരംഭിച്ച ഡിജി ലോക്കര്‍ സംവിധാനത്തില്‍ 143 പേര്‍ രജിസ്റ്റര്‍ ചെയ്തു
പറവൂര്‍ താലൂക്കിലെ മുഴുവന്‍ അക്ഷയ സംരംഭകരും അദാലത്തില്‍ സഹായ ഹസ്തവുമായി എത്തി. അക്ഷയ ജില്ലാ പ്രോജക്റ്റ് മാനേജര്‍ എന്‍.എസ് അജിഷ അദാലത്തിന് നേതൃത്വം നല്‍കി. വിവിധ വകുപ്പുകളില്‍ നിന്നുള്ള അന്‍പതോളം ഉദ്യോഗസ്ഥരാണ് അദാലത്തിന് എത്തിയത്. ഈ മാസം 14 ന് ആലങ്ങാട്, കടുങ്ങല്ലൂര്‍, കരുമാലൂര്‍, ഏലൂര്‍ വില്ലേജുകള്‍ക്കായുള്ള അദാലത്ത് നീറിക്കോട് കവല സഹകരണ ബാങ്ക് ഹാളിലും, 15 ന് വരാപ്പുഴ, കോട്ടുവള്ളി, ഏഴിക്കര വില്ലേജുകള്‍ക്കായുള്ള അദാലത്ത് കൂനമ്മാവ് ചാവറ ദര്‍ശന്‍ ഹാളിലും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."