പാലാ പാരലല്‍ റോഡ് മൂന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
പാലാ : വൈക്കം റോഡിലെ കൊട്ടാരമറ്റത്തിനു സമീപമുള്ള പാരലല്‍ റോഡ് ജങ്ഷന്‍ മുതല്‍ പുലിയന്നൂര്‍ വരെ നീളുന്ന പാലാ പാരല്‍ റോഡിന്റെ മൂന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.
27 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. രണ്ട് സംസ്ഥാന പാതകളെയും നഗരത്തിലെത്തുന്ന പ്രധാന റോഡുകളെയും തമ്മില്‍ കുറഞ്ഞ നിരക്കില്‍ ബന്ധിപ്പിക്കുന്നതാണ് നിര്‍ദ്ദിഷ്ട പദ്ധതി.
1.500 കി.മീറ്റര്‍ ദൂരമാണ് മൂന്നാംഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. ഭൂമി ഏറ്റെടുക്കലിനായി അനുവദിച്ച തുക ഭൂരിഭാഗം ഭൂവുടമകള്‍ക്ക് വിതരണം ചെയ്യുകയും ഏറ്റെടുത്ത ഭൂമി റവന്യൂവകുപ്പ് പൊതുമരാമത്ത് വകുപ്പിന് കൈമാറുകയും ചെയ്തു. പാലാ പാരലല്‍ റോഡിന്റെ കിഴതടിയൂര്‍ മുതല്‍ സിവില്‍ സ്റ്റേഷന്‍ വരെയുള്ള ഒന്നാംഘട്ടവും സിവില്‍ സ്റ്റേഷന്‍ മുതല്‍ വൈക്കം റോഡ് ജങ്ഷന്‍ വരെയുള്ള രണ്ടാംഘട്ടവും ആധുനികനിലവാരത്തില്‍ നിര്‍മിച്ച് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തുകഴിഞ്ഞു.
മൂന്നാംഘട്ടം കൂടി പൂര്‍ത്തിയാകുന്നതോടെ പാലാ-തൊടുപുഴ റോഡിലെ കിഴതടിയൂര്‍ ജങ്ഷന്‍ മുതല്‍ പാലാ-കോട്ടയം റോഡിലെ പൂലിയന്നൂര്‍ ജങ്ഷന്‍ വരെ 3.750 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള അന്താരാഷ്ട്രനിലവാരത്തിലുള്ള സമാന്തരപാതയാണ് നാടിന് തുറന്നുകിട്ടുന്നത്.
നഗരഹൃദയവുമായി ബന്ധിപ്പിക്കുന്ന പാലാ-തൊടുപുഴ, പാലാ-കൂത്താട്ടുകുളം, പാലാ-ഉഴവൂര്‍, പാലാ-വൈക്കം എന്നീ പ്രധാന പാതകളിലേയ്ക്ക് നഗരത്തിന്റെ ഏതു ഭാഗത്തുനിന്നും പ്രവേശന കവാടങ്ങളും തുറന്നു ലഭിക്കുന്നതോടെ സുഗമവും സുരക്ഷിതവുമായ യാത്രാ സൗകര്യമാണു ലഭ്യമാവുക.
മൂന്നാംഘട്ടത്തില്‍ പണിയുന്ന റോഡിന് 16 മീറ്റര്‍ വീതിയാണ് ഉള്ളത്. 12 മീറ്റര്‍ ടാര്‍ വീതിയും ഇരുവശങ്ങളിലും വെള്ളം, ടെലിഫോണ്‍ എന്നിവയ്ക്കായുള്ള പ്രത്യേക ചേമ്പറുകളും ഉണ്ടാവും.
കാല്‍നടയാത്രക്കാര്‍ക്കായി നടപ്പാതയും വിഭാവനം ചെയ്തിട്ടുണ്ട് ബി.എം ആന്‍ഡ് ബി.സി ടാറിങും നടത്തും.
മൂന്നാംഘട്ട റോഡില്‍ പുലിയന്നൂര്‍ നിന്നും വൈക്കം റോഡിലെ പാറേക്കണ്ടത്തിലേയ്ക്കും റിങ് റോഡിന്റെ ഭാഗമായി നെല്ലിയാനിയിലേക്കുള്ള ബൈപ്പാസിനും സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.എന്നാല്‍ സമാന്തരപാതയുടെ വൈക്കം റോഡില്‍ നിന്നുള്ള തുടക്കത്തിലും അരുണാപുരം ഭാഗത്തും ചില തര്‍ക്കങ്ങള്‍ തുടരുന്നത് നിര്‍മാണപ്രവര്‍ത്തനത്തെ പിന്നോട്ടടിക്കുന്നുണ്ട്.
റോഡിന്റെ കയറ്റിറക്കങ്ങള്‍ കുറച്ച് നിരപ്പാക്കുന്ന ജോലികളാണ് പൂര്‍ത്തീകരിക്കുന്നത്.
പുലിയന്നൂര്‍ സ്‌കൂളിന്റെ മുന്‍വശത്തുള്ള പാറയും നെല്ലിയാനി ലിങ്ക് റോഡ് തുടങ്ങുന്ന ഭാഗത്തെ പാറയും കയറ്റവും കുറക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. അടിക്കടി മഴ പെയ്യുന്നതും മണ്ണെടുപ്പ് സംബന്ധിച്ച് ചിലര്‍ നടത്തുന്ന തര്‍ക്കങ്ങളും പണികള്‍ക്ക് കാര്യമായ തടസം സൃഷ്ടിക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."