കരളുപിളര്‍ക്കുന്ന വേദനയില്‍ ജുനൈദിന്റെ സഹോദരന്‍
കുറ്റ്യാടി: വീണ്ടുമൊരു പെരുന്നാള്‍ ദിനം ആഗതമായിരിക്കുന്നു. പക്ഷേ ആ കരളുപിളര്‍ക്കുന്ന വേദന കാസിമിനെ വിട്ടുപോയിട്ടില്ല. ഹരിയാനയില്‍ സംഘ്പരിവാറുകാര്‍ കൊലപ്പെടുത്തിയ ഹാഫിള് ജുനൈദിന്റെ സഹോദരനായ കാസിം മറക്കാനാകാത്ത നൊമ്പരങ്ങളുമായി ഇപ്പോള്‍ കേരളത്തിലാണുള്ളത്. പെരുന്നാളിന്റെ നറുമണത്തിനു പകരം ട്രെയിന്‍ ബോഗിയില്‍ തളംകെട്ടിനിന്ന ചോരയുടെ മണമാണ് ഇപ്പോഴും മനസിലുള്ളതെന്ന് കാസിം പറയുന്നു. ട്രെയിനില്‍ വെറുമൊരു സീറ്റ് തര്‍ക്കം മാത്രമാണുണ്ടായത്. ഒടുവില്‍ പാകിസ്താനി എന്ന് ആക്രോശിച്ച് ജുനൈദിനെ അവര്‍ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന സഹോദരങ്ങളായ ഹാശിം, ശക്കീര്‍ എന്നിവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് ഉപ്പ ജലാലുദ്ദീനും ഉമ്മ സൈറാ ബാനുവും ആകെ തളര്‍ന്നുപോയി. ശേഷം ഉപ്പക്ക് മൂന്നു തവണ ഹൃദയാഘാതമുണ്ടായി. ഉമ്മ സൈറാ ബാനുവിന്റെ ഉള്ളില്‍നിന്ന് നടുക്കം ഇപ്പോഴും വിട്ടുപോയിട്ടില്ല. ജുനൈദടക്കം എട്ടു പേരാണ് ഞങ്ങള്‍. ശാക്കിര്‍, ഇസ്മാഈല്‍, ഹാശിം, കാസിം, ജുനൈദ്, ആദില്‍ ഫൈസല്‍. ഏഴ് ആണ്‍കുട്ടികളും റാബിയ എന്ന ഒരു സഹോദരിയും. എല്ലാവരും ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയവരാണ്. എന്റെ നേരെ ഇളയതാണ് ജുനൈദ്. ഖുര്‍ആന്‍ മനഃപാഠമാക്കിയതിന് ഉമ്മ നല്‍കിയ സമ്മാനത്തുകയുമായി റമദാന്‍ 28ന് ഡല്‍ഹിയില്‍ പോയി പെരുന്നാള്‍ വസ്ത്രങ്ങളും പലഹാരങ്ങളും വാങ്ങി വരികയായിരുന്നു. അതിനിടെയാണ് അക്രമം. കുടുംബത്തിന്റെ എക്കാലത്തെയും സന്തോഷമാണ് ഇതോടെ ഇല്ലാതായത്.
നീതി കിട്ടുമെന്ന് ഇപ്പോഴും വിശ്വാസമുണ്ട്. അതോടൊപ്പം അധികാരികളടക്കമുള്ളവര്‍ പ്രതികള്‍ക്കൊപ്പമെന്ന കാര്യത്തില്‍ സങ്കടവുമുണ്ട്. കേവലം 26 ദിവസം മാത്രമാണ് പ്രതികള്‍ ജയിലില്‍ കഴിഞ്ഞത്. സംഭവത്തിന് ശേഷം നിരവധി ആളുകള്‍ പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ വീട്ടിലെത്തുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ക്കതിനു കഴിയില്ല. നീതി കിട്ടും വരെ പോരാടും. കേരളത്തില്‍ നിന്നടക്കം ഒട്ടേറെ പേരുടെ സഹായം ലഭിച്ചിട്ടുണ്ട്. എല്ലാവരോടും നന്ദി മാത്രമാണുള്ളതെന്നും കാസിം പറഞ്ഞു.
അകാലത്തില്‍ പൊലിഞ്ഞ ജുനൈദിന്റെ ഓര്‍മയ്ക്കായി വീടിനടുത്തുതന്നെ ഉന്നത വിദ്യാഭ്യാസ സ്ഥാപനം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് കുടുംബം. ഖുര്‍ആന്‍ പഠനത്തോടൊപ്പം ഭൗതിക പഠനവും ലഭിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ലക്ഷ്യം. നിര്‍മാണത്തിനായി അര ഏക്കറോളം ഭൂമി വാങ്ങിയിട്ടുണ്ടെങ്കിലും മുഴുവന്‍ പണവും നല്‍കാനായിട്ടില്ല. ഇതിനായി പണം കണ്ടെത്താനാണ് കാസിം ഇപ്പോള്‍ കേരളത്തിലെത്തിയത്.
കുറ്റ്യാടി പാലേരി പാറക്കടവ് സ്വദേശിയും ഡല്‍ഹില്‍ മാധ്യമപ്രവര്‍ത്തകനുമായ അഷ്ഫാഖിന്റെ സഹായത്തിലാണ് കാസിം പാലേരിയിലെത്തിയത്. താമസവും മറ്റു സൗകര്യവും പാറക്കടവ് പള്ളിയില്‍ മഹല്ല് കമ്മിറ്റി ഒരുക്കി നല്‍കി. ഇവിടെ ചിലപ്പോള്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. കൂടാതെ മഹല്ല് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും ഉദാരമതികളില്‍നിന്നും രണ്ടു ലക്ഷത്തോളം രൂപ സ്വരൂപിച്ചു. സമീപ മഹല്ലുകളിലെ ആളുകളെ കാണാനും മറ്റുമായി പ്രത്യേക വാഹന സൗകര്യവും മഹല്ല് കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈറിന്റെ വീട്ടിലായിരുന്നു കഴിഞ്ഞ ദിവസത്തെ നോമ്പുതുറ. പെരുന്നാള്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കൊപ്പം ആഘോഷിക്കാനാണ് തീരുമാനമെന്നും കാസിം പറഞ്ഞു. ആറിനാണ് നാട്ടിലേക്ക് മടങ്ങുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."