സന്തോഷ് മാധവനെ ജയിലിലെ സഹായിസ്ഥാനത്തുനിന്ന് മാറ്റും
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ വിവാദസന്യാസി സന്തോഷ് മാധവനെ ജയില്‍ ആശുപത്രിയിലെ സഹായിയെന്ന ജോലിയില്‍നിന്ന് ഉടന്‍ മാറ്റണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശി ഉത്തരവിട്ടു. സന്തോഷ് മാധവന്റെ സ്വാധീനത്തിനുവഴങ്ങി ജയില്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. വിക്ടര്‍ ദന്തചികിത്സയ്ക്കുള്ള അവസരം നിഷേധിച്ചുവെന്ന് ആരോപിച്ച് തടവുകാരന്‍ സാബു ദാനിയേല്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
ഇത്തരം ലഘുവായ ജോലികള്‍ മറ്റു തടവുകാര്‍ക്കു നല്‍കണം. തടവുകാര്‍ക്കു ചികിത്സ നിഷേധിക്കപ്പെട്ട സാഹചര്യമുണ്ടായിട്ടുണ്ടോയെന്ന് സെന്‍ട്രല്‍ ജയിലിനു പുറത്തുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം. ജയില്‍മേധാവി ഇതുസംബന്ധിച്ച് സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ട് കമ്മിഷന്‍ തള്ളി. ഉന്നത ഉദ്യോഗസ്ഥര്‍ ഇത്തരത്തിലുള്ള അന്വേഷണറിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കരുതെന്ന് ജസ്റ്റിസ് ജെ.ബി കോശി മുന്നറിയിപ്പുനല്‍കി. പരാതി നല്‍കിയ സാബു നാലു കേസുകളില്‍ പ്രതിയാണെന്നാണു ജയില്‍ മേധാവിയുടെ പ്രധാന ആരോപണം. അത് പരാതിക്കാരന്റെ അവകാശങ്ങള്‍ ലംഘിക്കാനുള്ള കാരണമല്ലെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. സംഭവം കമ്മിഷനില്‍ എസ്.പിയായ ബേബി എബ്രഹാമും അന്വേഷിച്ചിരുന്നു. നേരത്തേ പൂജപ്പുരയില്‍ അനില്‍ജോര്‍ജ് എന്ന തടവുകാരന്‍ ചികിത്സ കിട്ടാതെ മരിച്ച പരാതിയും കമ്മിഷന്റെ പരിഗണനയിലുണ്ട്. സന്തോഷ് മാധവന്‍ രണ്ടു കൊല്ലത്തോളമായി ജയിലില്‍ ലഘുജോലികളിലാണ് ഏര്‍പ്പെടുന്നത്. തടവുകാര്‍ക്ക് ചികിത്സ ലഭിക്കാതെ അപകടം സംഭവിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനും ജയില്‍ അധികൃതര്‍ക്കുമാണെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. പരാതിക്കാരനായ സാബുവിന് ദന്തല്‍കോളജില്‍ തുടര്‍ചികിത്സ നല്‍കണം. ജയിലിനുള്ളിലെ ആശുപത്രിയിലും ക്ലിനിക്കിലും യോഗ്യരായ പുരുഷ നഴ്‌സുമാരെ നിയമിക്കണമെന്നും തടവുകാരെ പുറത്തുകൊണ്ടുപോകാന്‍ വലിയ വാഹനം ലഭ്യമാക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.
727 ശിക്ഷാ തടവുകാരെമാത്രം പാര്‍പ്പിക്കാന്‍ ശേഷിയുള്ള പൂജപ്പുര ജയിലില്‍ ഇപ്പോള്‍ 1,300ലേറെ തടവുകാരുണ്ട്. അതനുസരിച്ചുള്ള സൗകര്യങ്ങളും ജീവനക്കാരും ആവശ്യമാണ്. മാസത്തിലൊരിക്കലെങ്കിലും തടവുകാരെ പരിശോധിക്കാന്‍ ഡോക്ടറുടെ സേവനം ജയിലില്‍ ലഭ്യമാക്കണമെന്നും ഉത്തരവിലുണ്ട്. പരാതി നല്‍കിയതിന്റെ പേരില്‍ സാബു ദാനിയേലിനെതിരേ പ്രത്യക്ഷമായോ പരോക്ഷമായോ നടപടിയെടുക്കരുതെന്നും ജസ്റ്റിസ് ജെ.ബി കോശി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."