പല്ലാവൂരിന്റെ പാരമ്പര്യം കാത്ത് കുനിശ്ശേരി ചന്ദ്രനും കുടുംബവും
പാലക്കാട്: ഉത്സവങ്ങളുടെ നാട്ടില്‍ വാദ്യോപരണങ്ങള്‍ കൊണ്ട് മേളപെരുക്കങ്ങളുടെ വിസ്മയം തീര്‍ക്കുമ്പോള്‍ പല്ലാവൂരിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുകയാണ് കുനിശ്ശേരി ചന്ദ്രനും കുടുംബവും. ഇടയ്ക്കയിലെ മുടിചൂടാമന്നനായിരുന്നു പട്ടരാത്ത് ശങ്കര മാരാര്‍. ചെണ്ടമേളത്തിലും ഒന്നാന്തരം കൊട്ടുകാരന്‍. പല്ലാവൂര്‍ അപ്പുമാരാര്‍ പട്ടാരത്ത് ശങ്കരമാരാരുടെ മകനാണ്. ഇടയ്ക്കയില്‍ അച്ഛന്റെ പേര് വിപുലപ്പെടുത്തിയ അതുല്യകലാകാരന്‍. പല്ലാവൂരിന്റെ പ്രസക്തിയുടെ ഓര്‍മക്കായി പഞ്ചവാദ്യമേളത്തില്‍ അപ്പുമാരാരുടെ മകന്‍ കുനിശ്ശേരി ചന്ദ്രന്‍ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന കലാകാരനായി ഖ്യാതി നേടി. അച്ഛനും മുത്തശ്ശനും ഇടയ്ക്കയില്‍ വിസ്മയം തീര്‍ത്തപ്പോള്‍ ചന്ദ്രന്‍ മദ്ദളത്തില്‍ പ്രാവിണ്യനായി.
പല്ലാവൂരിനടുത്തുള്ള കുനിശ്ശേരി ഗ്രാമത്തിലാണ് ഈ കലാകുടുംബം ജനിച്ചത്. അഗ്രഹാരസംസ്‌കാരമുള്ള ഗ്രാമമായതിനാല്‍ തന്നെ കലാന്തരീക്ഷം നിറഞ്ഞിരിക്കും. സംഗീതത്തിലധിഷ്ഠിതമാണ് ഇവരുടെ കലാപ്രകടനം. വാദ്യങ്ങള്‍ വ്യത്യസ്ഥമാണെങ്കിലും കൊട്ടിലെ പാലക്കാടന്‍ ചിട്ട ഇവരെ ഒരുമിപ്പിച്ചിരുന്നു. വ്യത്യസ്ഥ തലമുറയില്‍ ജീവിച്ചിരുന്നെങ്കിലും കലാപാരമ്പര്യം ഒട്ടും ചോരാതെ അടുത്ത തലമുറക്ക് കൈമാറിയിരുന്നു. പല്ലാവൂരുകാര്‍ ഏത് വാദ്യമെടുത്താലും അതില്‍ ശബ്ദത്തിന്റെ വ്യത്യസ്ഥതകള്‍ സാധിച്ചിരുന്നു.
തിരുവഞ്ചിക്കുളം പുറത്തു വീട്ടില്‍ ജനിച്ച അപ്പു മാരാര്‍ അഞ്ചുവയസു മുതല്‍ പല്ലാവൂര്‍ ക്ഷേത്രത്തില്‍ ഇടയ്ക്ക കൊട്ടാന്‍ തുടങ്ങി. കുളന്തസ്വാമിയുടെ കീഴിലാണ് വെറും മൂന്നു മാസം കൊണ്ട് തായമ്പക പഠിച്ചത്. ഒന്‍പതാം വയസിലാണ് തായമ്പക കൊട്ടാന്‍ തുടങ്ങിയത്. പതിനാറാമത്തെ വയസില്‍ പഞ്ചവാദ്യവും. തായമ്പകയിലെ 20 വൈവിധ്യങ്ങളില്‍ ഏതും കൊട്ടാന്‍ സാധിക്കും.
പാലക്കാടിലെ പ്രഗല്‍ഭരോടൊപ്പം വാദൃകലയില്‍ ശ്രദ്ധേയനായി മാറി. ഇടയ്ക്കയില്‍ മാത്രമല്ല, തിമിലയിലും അദ്ദേഹം തന്റെ കരുത്ത് തെളിയിച്ചിട്ടുണ്ട്. വാദ്യകലയിലെ ബഹുമുഖപ്രതിഭയാണ് അപ്പു മാരാര്‍. സംഗീതജ്ഞര്‍ കീര്‍ത്തനം ആലപിക്കുന്ന രീതിയിലാണ് കൊട്ട്. 40 കൊല്ലം തൃശൂര്‍ പൂരത്തിന് പാറമേക്കാവ് മേളക്കാരന്‍ ആയിരുന്നു. 1984 മുതല്‍ മേളപ്രമാണിയും. എന്നാല്‍ തൃശൂര്‍ പൂരത്തിന്റെ മേളപ്രമാണ സ്ഥാനത്തുനിന്നും ഇടയ്ക്ക സ്ഥാനത്തുനിന്നും സ്വയം ഒഴിഞ്ഞു. അദ്ദേഹത്തിന്റെ സഹോദരന്മാരായ മണിയന്‍ മാരാര്‍, കുഞ്ഞുകുട്ട മാരാര്‍ തുടങ്ങിയവരും കലാകാരന്‍മാരാണ്. ഇവര്‍ തിമിലയിലാണ് പ്രഗല്‍ഭര്‍. ഇത്രയേറേ കലാവാസന ഉണ്ടായിട്ടും അത് തെളിയിച്ചിട്ടും അപ്പു മാരാര്‍ക്ക് വേണ്ടത്ര അംഗീകാരം ലഭിച്ചിരുന്നില്ല.
അപ്പുമാരാരുടെ കാല ശേഷം അദ്ദേഹത്തിന്റെ കലാപാരമ്പര്യം ഇന്നും കൈവിടാതെ കാത്തുസൂക്ഷിക്കുകയാണ് മകനും, പേരമക്കളും. 1955 ല്‍ ജനിച്ച കുനിശ്ശേരി ചന്ദ്രന്‍ അച്ഛന്റെ ശിഷ്യതയിലാണ് വളര്‍ന്നത്. ചന്ദ്രന്‍ ജനിക്കുമ്പോള്‍ തന്നെ അച്ഛന്‍ പ്രശസ്തനായിരുന്നു. സി. ബാലചന്ദ്രനാണ് കുനിശ്ശേരി ചന്ദ്രനായി മാറിയത്. എസ്.ആര്‍.യു.പി സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് ചിറ്റിലഞ്ചേരി എം.എന്‍.കെ.എം.എച്ച്.എസിലായിരുനനു തുടര്‍വിദ്യാഭ്യാസം. തുടര്‍ന്ന് ഒരു വര്‍ക്‌ഷോപ്പില്‍ ജോലി ചെയ്തിരുന്നു. തിമില പഠിക്കാനാണ് താല്‍പര്യമെങ്കിലും മദ്ദളമാണ് പഠിച്ചത്. തിച്ചൂര്‍ വാസുവാരിയരുടെ കീഴില്‍ വെറും പത്ത് ദിവസം കൊണ്ടാണ് പഠിച്ചെടുത്തത്. 15ാമത്തെ വയസില്‍ ഇരട്ട മദ്ദളകേളി അവതരിപ്പിച്ചായിരുന്നു അരങ്ങേറ്റം. എല്ലാത്തിനും ഗുരുവായി അച്ഛന്‍ എപ്പോഴും കൂടെ ഉണ്ടായിരുന്നു. ആലോചനാശേഷിയാണ് ചന്ദ്രന്റെ കൊട്ടിന്റെ മൗലികത. ഏഴു തലമുറയ്ക്ക് പ്രമാണിയായി.
ഒരു കവി കൂടിയാണദ്ദേഹം. ശ്ലോകങ്ങള്‍, മംഗളപത്രങ്ങള്‍, ലളിതഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. പഞ്ചവാദ്യചരിത്രത്തിലെ മഹാരഥന്മാര്‍ക്കൊപ്പം കൊട്ടിയിട്ടുണ്ട്. നാലു പതിറ്റാണ്ടുകളായി ഈ രംഗത്ത് സജീവമാണ്. 41 വര്‍ഷമായി തൃശൂര്‍ പൂരത്തിന് കൊട്ടിയിട്ടുണ്ട്. ഇതില്‍ പാറമേക്കാവിലെ പ്രമാണിയായിട്ടുണ്ട്. 15 വര്‍ഷത്തിനു ശേഷം ഇപ്രാവശ്യം തിരുവമ്പാടി മഠത്തില്‍ വരവിന് പ്രമാണിയായി. കേരളത്തിലെ 90 ശതമാനം പൂരങ്ങളിലും സാന്നിധ്യമായിട്ടുണ്ട്. 62ാമത്തെ വയസിലും സജീവമായി തുടരുന്നു.
ചോറ്റാനിക്കര നാരായണന്‍മാരാര്‍ ട്രസ്റ്റിന്റെ കീര്‍ത്തിമുദ്രയും വാദ്യകലാരത്‌ന അവാര്‍ഡ്, കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍ സ്മാരക കലാസാഗര്‍ അവാര്‍ഡ്, കുനിശ്ശേരി ദേശത്തുനിന്നും മദ്ദളമേള കലാരത്‌ന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കൊല്ലങ്കോട് പയ്യലൂര്‍ കീഴെപ്പാട്ട് വത്സലകുമാരിയാണ് ഭാര്യ. സഞ്ജീവ്, രാജീവ്, സംഗീത മക്കളും.
സഞ്ജീവും രാജീവും അച്ഛന്റെ കലാപാരമ്പര്യം ലഭിച്ചവരാണ്. ഇരുവരും മദ്ദളകലാകാരന്മാരാണ്. കയിലിയാട് മണികണ്ഠനു കീഴിലാണ് ഇവര്‍ പഠിച്ചത്. അച്ഛനോടൊപ്പവും അല്ലാതെയും ഇവര്‍ വാദ്യകലാരംഗത്ത് സജീവമായി തുടരുന്നു. കലാലോകത്തില്‍ മുത്തച്ഛനും അച്ഛനും മക്കളും ഒരുപോലെ പ്രഗല്‍ഭരാവുന്നത് ഒരപൂര്‍വ്വതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."