ബത്തേരിയില്‍ തുണിക്കടയില്‍ വന്‍ തീപിടിത്തം
സുല്‍ത്താന്‍ ബത്തേരി: നഗരത്തിലെ ട്രാഫിക് ജംങ്ഷന് സമീപത്തെ കാഞ്ഞിരാണ്ടി ടെക്‌സ്റ്റൈല്‍സ് കത്തി നശിച്ചു. ഇന്നലെ വൈകീട്ട് നാലരയോടെയാണ് കടയില്‍ നിന്നും തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഞായറാഴ്ചയും സ്ഥാപനം തുറന്നുപ്രവര്‍ത്തിച്ചിരുന്നു.
മുകളിലത്തെ നിലയില്‍ നിന്നുമാണ് തീ പടര്‍ന്നത്. തീപിടിത്തത്തിലൂടെ കോടികളുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. തീപടരുന്നത് ശ്രദ്ധയില്‍പെട്ട ഉടനെ ജീവനക്കാരെ പുറത്തെത്തിച്ചതിനാല്‍ ആളപായം ഒഴിവായി. ഉടന്‍ തന്നെ ബത്തേരി ഫയര്‍ സ്റ്റേഷനില്‍ നിന്നും അഗ്നിശമന സേനയെത്തി തീയണക്കാന്‍ ശ്രമിച്ചെങ്കിലും തീ കൂടൂതല്‍ സ്ഥലങ്ങളിലേക്ക് ആളിപ്പടരാന്‍ തുടങ്ങി. ഇതോടെ രണ്ട് യൂനിറ്റ് ഫയര്‍ എഞ്ചിന്‍ കൂടി ബത്തേരിയില്‍ നിന്നുമെത്തി.
കൂടാതെ കല്‍പ്പറ്റയില്‍ നിന്ന് രണ്ട് യൂനിറ്റും മാനന്തവാടിയില്‍ നിന്നും ഒരു യൂനിറ്റും സ്ഥലത്തെത്തി തീയണക്കാന്‍ തുടങ്ങി. നാട്ടുകാരും പൊലിസും റവന്യൂ അധികൃതരും വ്യാപാരികളും ജനപ്രതിനിധികളും ചേര്‍ന്ന് രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്.
സമയോചിതമായ ഇടപെടല്‍ സമീപത്തെ കടകളിലേക്ക് തീപടരുന്നത് തടയാന്‍ സാധിച്ചു. കാഞ്ഞിരാണ്ടി ടെക്‌സ്റ്റൈല്‍സിന് സമീപത്തും വസ്ത്ര കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീപിടിത്തത്തിന്റെ കാരണം ഷോര്‍ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.
തീ പടര്‍ന്ന് മുകളിലത്തെ നിലയിലെ വസ്ത്രങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. മുകളിലത്തെ നിലയിലെ റെഡിമെയ്ഡ് സെക്ഷനും സ്‌കൂള്‍ യൂനിഫോം സെക്ഷനും പൂര്‍ണമായും കത്തിയമര്‍ന്നു. തീ ആളിപ്പടര്‍ന്ന് കടയില്‍ പുക നിറഞ്ഞതിനാല്‍ തീ അണക്കാന്‍ ആദ്യസമയം പ്രയാസം നേരിട്ടു. തുടര്‍ന്ന് പുറത്തേക്ക് പടര്‍ന്ന തീ അണച്ച് ആസ്ബസ്റ്റോസ് ഷീറ്റ് പൊളിച്ച് ഓക്‌സിജന്‍ സിലിണ്ടറും മാസ്‌കും ഉപയോഗിച്ച് അകത്തു കയറിയാണ് ഫയര്‍ റസ്‌ക്യൂ ജീവനക്കാര്‍ ഉള്ളിലെ തീയണച്ചത്. ഇതോടെ പെട്ടെന്ന് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു.
താഴെ നിന്നും വെള്ളം പമ്പുചെയ്തത് തീ താഴത്തെ നിലയിലേക്ക് പടരുന്നത് തടയാനായി. ഇതോടെ തീ മറ്റു സ്ഥലങ്ങളിലേക്ക് പടരുന്നതും നിയന്ത്രിക്കാനായി. ട്രാക്ടറിലും പിക്കപ്പ് വാനിലുമായി ടാങ്കില്‍ വെള്ളം നിറച്ച് നാട്ടുകാരും ഫയര്‍ഫോഴ്‌സിനൊപ്പം രംഗത്തിറങ്ങി. ഫയര്‍ എന്‍ജിനില്‍ വെള്ളം തീര്‍ന്നപ്പോള്‍ സമീപത്തെ റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ നിന്നും വെള്ളമെടുത്തു. വസ്ത്രകടക്ക് തീ പിടിച്ചതറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് സ്ഥലത്ത് തടിച്ചുകൂടിയത്.
തീപിടിത്തം ദേശീയപാതക്ക് സമീപമായതിനാല്‍ ടൗണില്‍ മണിക്കൂറുകളോളം ഗതാഗത സ്തംഭനമുണ്ടായി. നഗരസഭ ചെയര്‍മാന്‍ സി.കെ സഹദേവന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവന്‍, കല്‍പ്പറ്റ ഡിവൈ.എസ്.പി മുഹമ്മദ് ഷാഫി, ബത്തേരി സി.ഐ എം.ഡി സുനില്‍ എന്നിവര്‍ സ്ഥലത്തെത്തി പ്രവര്‍ത്തനം നിയന്ത്രിച്ചു.
സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ എം.കെ കുര്യന്‍, കല്‍പ്പറ്റയില്‍ നിന്നും ബഷീര്‍, മാനന്തവാടിയില്‍ നിന്നും ലീഡിങ് ഫയര്‍മാന്‍ ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഫയര്‍ ഫോഴ്‌സെത്തിയത്.
സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി സ്റ്റേഷന്‍ ലീഡിങ് ഫയര്‍മാന്‍ സതീഷ് ബാബു, ഹോം ഗാര്‍ഡ് ചാണ്ടി എന്നിവര്‍ക്ക് നിസാര പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."