'ആരും കടന്നു കയറിയിട്ടില്ലാത്ത പ്രദേശത്തിനായി പേരില്ലാത്ത ശത്രുവിനെതിരെ യുദ്ധം നയിക്കാനൊരുങ്ങുകയാണ് മോദി'- പരിഹാസവുമായി ശശി തരൂര്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താനും ചൈനയ്ക്കുമെതിരെ യുദ്ധം നയിക്കുമെന്ന ഉത്തര്‍പ്രദേശ് ബി.ജെ.പി അധ്യക്ഷന്റെ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.
പേരില്ലാത്ത ശത്രുവിനെതിരെ യുദ്ധം ചെയ്യാന്‍ പദ്ധതിയിടുകയാണ് പ്രധാനമന്ത്രിയെന്ന് അദ്ദേഹം പരിഹസിച്ചു. ബി.ജെ.പി നേതാവിന്റെ പരാമര്‍ശം പങ്കുവെച്ചാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്.
''ഇത് അതിശയകരമായിരിക്കുന്നു. ആരാണ് നമ്മുടെ രാജ്യത്ത് അതിക്രമിച്ചു കയറിയതെന്ന് പോലും ഇതുവരെ പ്രധാനമന്ത്രി പറഞ്ഞിട്ടില്ല.
അങ്ങനൊരാള് പേരില്ലാത്ത ഒരു ശത്രുവിനെതിരെ യുദ്ധം നയിക്കാന്‍ പോകുകയാണ്. അതും അദ്ദേഹത്തിന്റെ തന്നെ അഭിപ്രായത്തില്‍ ഇതുവരെ ആരും കടന്നുകയറിയിട്ടില്ലാത്ത പ്രദേശത്തിന് വേണ്ടി. അതും അദ്ദേഹത്തിന് മാത്രമറിയുന്ന തിയ്യതിയില്‍. ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഇതാണോ മോദി മിനിമല്‍ ഗവണ്മെന്റ് കൊണ്ട് ഉദ്ദേശിച്ചതെന്നും അദ്ദേഹം ചോദിച്ചു.
പാകിസ്താനും ചൈനയുമായി എന്നാണ് യുദ്ധം ആരംഭിക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചെന്നായിരുന്നു യു.പി ബി.ജെ.പി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ് പറഞ്ഞത്.
ബി.ജെ.പി നേതാവിന്റെ പരാമര്‍ശം അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെടാന്‍ ഇടയാക്കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."