പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച നാല് പേര്‍ അറസ്റ്റില്‍
ഓപ്പറേഷന്‍ പി ഹണ്ട് രണ്ടാംഘട്ടം സജീവമാക്കി പൊലിസ്
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങളും വിഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിപ്പിച്ച നാല് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. കേരള പൊലിസിന്റെ ഓപ്പറേഷന്‍ പി ഹണ്ടിന്റെ രണ്ടാം ഘട്ടത്തില്‍ ജില്ലാ പൊലിസ് മേധാവികളുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസം 32 സ്ഥലങ്ങളിലായി നടത്തിയ റെയ്ഡിലാണ് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 4 പേരെ അറസ്റ്റ് ചെയ്തത്.
അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷയും 10 ലക്ഷം രൂപയില്‍ കുറയാത്ത പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. ഇവരില്‍ നിന്നും മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, കംപ്യൂട്ടര്‍ എന്നിവയും പിടിച്ചെടുത്തു. കേരള പൊലിസിന്റെ കീഴിലുള്ള സൈബര്‍ ഡോം, സൈബര്‍ സെല്‍, ഹൈടെക് സെല്‍ എന്നിവയുടെ നേതൃത്വത്തില്‍ ഇത്തരത്തിലുള്ള പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് ഓപ്പറേഷന്‍ പി ഹണ്ടിന് നേതൃത്വം നല്‍കുന്ന എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു.
സൈബര്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്റര്‍ പോളിന്റെയും കുട്ടികള്‍ക്കെതിരേയുള്ള ലൈഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള അന്തര്‍ദേശീയ സംഘടനയായ ഐ.സി.എം.ഇ.സിയുടേയും സഹകരണത്തോടെ കേരള പൊലിസ് പ്രത്യേകം വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷന്‍ വഴിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുന്നവരെ പിടികൂടാനുള്ള പദ്ധതിയായ ഓപ്പറേഷന്‍ പി ഹണ്ടിന് തുടക്കമിട്ടത്. അന്വേഷത്തിന്റെ ഭാഗമായി ഇത്തരത്തിലുള്ള വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരുടെയും കാണുന്നവരുടെയും വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊണ്ടത്. ഇത്തരത്തിലുള്ള നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന 32 സംഭവങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയിരുന്നു. അതില്‍ പലതും വിദേശ രാജ്യങ്ങളില്‍ നിന്നാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ അന്വഷണത്തിന് ഇന്റര്‍പോളിന്റെ സഹായവും തേടും. സോഷ്യല്‍ മീഡിയകളായ ഫേസ് ബുക്ക്, വാട്ട്‌സ് അപ്പ്, ടെലഗ്രാം, തുടങ്ങിയവയിലൂടെയുള്ള ഇത്തരത്തിലുള്ള പ്രചരണവും പൊലിസ് ശക്തമായി നിരീക്ഷിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."