ആറാം വയസില്‍ ലോക റിക്കാര്‍ഡുകള്‍ കരസ്ഥമാക്കി ഖത്തറിലെ മലയാളി വിദ്യാര്‍ഥി
ദോഹ: ഖത്തര്‍ ബിര്‍ല സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥി പത്മനാഭന്‍ നായര്‍ ആറാംവയസില്‍ സ്വന്തമാക്കിയത് ലോകറെക്കോര്‍ഡ്. വേള്‍ഡ് റെക്കോര്‍ഡ്‌സ് ഓഫ് യു.കെ, ലിംക ബുക് ഓഫ് റെക്കോര്‍ഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്ത്യ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവയിലുമാണ് ഈ കുരുന്നുപ്രതിഭ ഇടംനേടിയത്. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് കൈവരിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചു കാത്തിരിക്കുകയാണ്. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പേ വംശനാശം സംഭവിച്ച വ്യത്യസ്ത ഇനം ദിനോസോറുകളെ ഏറ്റവും ചുരുങ്ങിയ സമയത്തില്‍ തിരിച്ചറിഞ്ഞാണ് പത്മനാഭന്‍ ലോകറെക്കോര്‍ഡ് സ്വന്തംപേരിലാക്കിയത്.
ഒരു മിനുട്ടില്‍ 41 വ്യത്യസ്ത ഇനം ദിനോസോറുകളുടെയും അഞ്ചു മിനുട്ടില്‍ 97 ഇനങ്ങളുടേയും ചിത്രങ്ങളാണ് പത്മനാഭന്‍ തിരിച്ചറിഞ്ഞത്. 130 വ്യത്യസ്ത ഇനം ദിനോസോറുകളെ തിരിച്ചറിഞ്ഞ് ഇടതടവില്ലാതെ അവയുടെ പേരു പറയാന്‍ ഈ കൊച്ചുമിടക്കനാവും. പിറന്നാള്‍ സമ്മാനമായിക്കിട്ടിയ ഒരു പുസ്തകത്തില്‍ നിന്നാണ് വ്യത്യസ്തയിനം ദിനോസോറുകളെ തിരിച്ചറിഞ്ഞ് പത്മനാഭന്‍ അവയുടെ പേരുകള്‍ ഹൃദിസ്ഥമാക്കിത്തുടങ്ങിയത്.
മകന്റെ താല്‍പര്യം തിരിച്ചറിഞ്ഞ് ദിനോസോറുകളെക്കുറിച്ച് കൂടുതല്‍ അറിവു പകരുന്ന പുസ്തകങ്ങളും യുട്യൂബ് വിഡിയോകളും മാതാപിതാക്കള്‍ ലഭ്യമാക്കി. ഒപ്പം അദ്ധ്യാപകരും കുടുംബസുഹൃത്തുക്കളും പരമാവധി പ്രോത്സാഹനമേകി. ഇപ്പോള്‍ ഒരു ദിനോസറിന്റെ ചിത്രം കാട്ടിയാല്‍ അത് ഉരഗവര്‍ഗമോ പക്ഷിവര്‍ഗമോ എന്നതുള്‍പ്പെടെ ഏറെ വിശദാംശങ്ങള്‍ നിഷ്പ്രയാസം പറയാന്‍ പത്മനാഭനാവും.
ആലപ്പുഴ മാന്നാര്‍ പള്ളിയമ്പില്‍ വീട്ടില്‍ ജയപ്രകാശിന്റെയും ചെട്ടികുളങ്ങര നെടുവേലില്‍ വീട്ടില്‍ ജ്യോതിലക്ഷ്മിയുടെയും മകനാണ് പത്മനാഭന്‍.പഠനത്തോടൊപ്പം കൂടുതല്‍ നേട്ടങ്ങള്‍ പഠ്യേതര വിഷയങ്ങളിലും സ്വന്തമാക്കുക എന്നതാണ് ഈ കുരുന്നിന്റെ ഭാവി ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."