പ്ലാച്ചിമട കൊക്കകോള സമരം: മന്ത്രി ബാലന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തും
പാലക്കാട്: പ്ലാച്ചിമട കൊക്കകോള കമ്പനിക്കെതിരേ കലക്ടറേറ്റിനു മുന്നില്‍ നടത്തുന്ന രണ്ടാംഘട്ട സമരം 22 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്നാരോപിച്ച് നിയമ, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്റെ വസതിയിലേക്ക് പ്രക്ഷോഭകര്‍ മാര്‍ച്ച് നടത്തും. നിയമസഭ പുതുക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ല് പരിഗണനയ്ക്ക് എടുത്തെങ്കിലും അന്തിമ തീരുമാനം എടുക്കേണ്ടത് നിയമവകുപ്പാണ്. മന്ത്രി എ.കെ ബാലനാണ് ഇതിന്റെ ചുമതല. എന്നാല്‍ ഇതുവരെ മന്ത്രി പ്ലാച്ചിമടക്കാര്‍ക്ക് അനുകൂലമാകുന്ന ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്. വെള്ളം, കന്നുകാലികള്‍, കൃഷി, ആരോഗ്യം, തൊഴില്‍ എന്നിവയിലെ നഷ്ടം കണക്കാക്കിയാണ് പുതുക്കിയ ബില്‍.
സമരത്തെ തിരിഞ്ഞുനോക്കാതിരുന്ന ഇടതുസര്‍ക്കാര്‍ നയത്തിനെതിരേ സമര സമിതി ശക്തമായി പ്രതിഷേധിക്കും. ഇതിന്റെ ഒന്നാംഘട്ടമായി മന്ത്രി എ.കെ ബാലന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തും. പിന്നീട് ജില്ലയിലെ ഭരണകക്ഷി എം.എല്‍.എ മാരുടെ വീട്ടിലേക്കും മാര്‍ച്ച് നടത്താനാണ് തീരുമാനം.
പാലക്കാട് നടന്ന നിരവധി പരിപാടികള്‍ക്ക് മന്ത്രി എ.കെ ബാലന്‍ പങ്കെടുത്തെങ്കിലും ഒരിക്കല്‍ പോലും സമരപ്പന്തല്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. ഇന്ന് വൈകിട്ട് മൂന്നിന് പാലക്കാട് ആര്‍.ടി.ഒ ഓഫിസില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അന്തിമ തീരുമാനം മന്ത്രി തന്നെ എടുക്കേണ്ട സാഹചര്യത്തില്‍ ചര്‍ച്ച കൊണ്ട് ഒരു ഫലവും ഉണ്ടാവില്ലെന്നും സമര സമിതി ചൂണ്ടിക്കാട്ടുന്നു.
നഷ്ടപരിഹാര ട്രിബ്യൂണല്‍ രൂപീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, പട്ടിക ജാതി-പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം കോള കമ്പനി ഉടമകളെ അറസ്റ്റ് ചെയ്യുക, കോളയുടെ ആസ്തികള്‍ കണ്ടുകെട്ടുക, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജലമലിനീകരണം തടയല്‍ നിയമപ്രകാരം കമ്പനിക്കെതിരേ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം ആരംഭിച്ചത്. ഈ ആവശ്യങ്ങള്‍ നേടിയെടുക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം. അടുത്ത ഘട്ടത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് സമരം മാറ്റുന്നതിനെക്കുറിച്ചും സമരസമിതി ആലോചിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."