'ഞാന്‍ അജന്യ, അതിജീവനത്തിന്റെ ഉദാഹരണം.. പേടിക്കരുത്, നമ്മള്‍ അതിജീവിക്കും'
കോഴിക്കോട്: 'ആരും പേടിക്കരുത്, ഞാന്‍ അതിജീവിനത്തിന്റെ ഉദാഹരണമാണ്, നമ്മള്‍ അതിജീവിക്കും നിപായെ' പറയുന്നത് നിപായെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന നഴ്‌സിങ് വിദ്യാര്‍ഥി അജന്യയാണ്.
കേരളത്തില്‍ വീണ്ടും നിപാ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഫേസ്ബുക്ക് ലൈവിലൂടെയാണ് നിപാ ഭീതിയകറ്റാന്‍ അജന്യ എത്തിയത്. ഇപ്പോള്‍ കാലിക്കറ്റ് ബീച്ച് ഹോസ്പിറ്റലിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് അജന്യ.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പരിശീലനത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴായിരുന്നു അജന്യയെ നിപാ ബാധിച്ചത്. 18 പേര്‍ മരിച്ച നിപാ ബാധയില്‍ രോഗം സ്ഥിരീകരിച്ചതില്‍ ജീവിതത്തിലേക്ക് തിരിച്ചു വന്ന രണ്ടു പേരില്‍ ഒരാളായിരുന്നു അജന്യ.
അജന്യ പറയുന്നു.
' ഞാന്‍ അജന്യ, കുറച്ചുപേരെങ്കിലും എന്റെ പേര് കേട്ട് പരിചയമുണ്ടായിരിക്കുമെന്നു കരുതുന്നു. ഞാന്‍ നഴ്‌സിങ് സ്റ്റുഡന്റാണ്. കഴിഞ്ഞ വര്‍ഷത്തെ നിപായില്‍ നിന്നും അതിജീവിച്ചുവന്ന രണ്ടുപേരില്‍ ഒരാള്‍. ഞാന്‍ കാലിക്കറ്റ് ബീച്ച് ഹോസ്പിറ്റലില്‍ പഠിക്കുകയാണ്.
ഇപ്പോള്‍ ഞാന്‍ നിങ്ങളുടെ മുന്‍പില്‍ വന്നത് നിപാ പിന്നെയും സ്ഥിരീകരിച്ചതായി അറിഞ്ഞതിനാലാണ്. എനിക്ക് പറയാനുള്ളത് വേറെയൊന്നുമല്ല, പേടിയല്ല വേണ്ടത് ജാഗ്രതയാണ്. നമ്മള്‍ അതിജീവിക്കും. അതിജീവനത്തിന്റെ വലിയ എക്‌സാംപിളാണ് ഞാന്‍.
നമ്മുടെ കൂടെ ഹെല്‍ത്ത് ടീമും സജീവമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നിപാ എന്താണെന്ന് അറിയാതെയാണ് നമ്മള്‍ ആ അസുഖത്തെ അതിജീവിച്ചുവന്നത്. അതിനാല്‍ ആരും പേടിക്കരുത്. ജാഗ്രത വേണം. എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണണം. ആരോഗ്യ വകുപ്പ് എല്ലാ മുന്‍കരുതലുംകൊണ്ട് കൂടെയുണ്ട്.
എനിക്ക് തന്ന ആത്മവിശ്വാസവും ധൈര്യവുമാണ് എന്നെ അതിജീവിച്ചുവരാന്‍ സാധിച്ചത്. ഇതും നമ്മള്‍ അതിജീവിക്കും. കൂടുതല്‍ ഔട്ട്‌ബ്രേക്ക് ഒന്നും ഉണ്ടാകില്ലെന്ന് നമുക്ക് കരുതാം'. അജന്യ പറയുന്നു, തികഞ്ഞ ആത്മവിശ്വാസത്തോടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."