കക്ക, മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍; വേമ്പനാട്ട് കായലില്‍ എക്കലും പ്ലാസ്റ്റിക് മാലിന്യങ്ങളും
പൂച്ചാക്കല്‍: വേമ്പനാട്ട് കായലില്‍ എക്കലും പ്ലാസ്റ്റിക് മാലിന്യങ്ങളും അടിഞ്ഞുകൂടിയതോടെ കക്ക, മത്സ്യതൊഴിലാളികള്‍ ദുരിതത്തിലായി. ശക്തിയായ ഒഴുക്കുകാരണം ഇത്തിപ്പുഴ, മുറിഞ്ഞപുഴ എന്നീ പുഴകളിലൂടെ ഒഴുകിയെത്തിയ എക്കല്‍ അടിഞ്ഞതുകാരണം വേമ്പനാട്ട് കായലിലെ 50 ഏക്കറോളം സ്ഥലത്തെ കക്കയാണ് മൂടി പോയത്. ഇത് കാരണം പരമ്പരാഗത കക്കാവാരല്‍ തൊഴില്‍ ചെയ്ത് ജീവിക്കുന്ന നുറുക്കണക്കിന് തൊഴിലാളികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
പ്രളയത്തില്‍ മലനിരകളില്‍നിന്ന് മണലും എക്കലും വന്ന് അടിഞ്ഞത് കാരണം കായലില്‍ പല ഭാഗത്തും ആഴം കുറഞ്ഞിരിക്കുകയാണ്. ഇത് ജലത്തിന്റെ അളവ് കുറയാന്‍ കാരണമായി. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് ആലപ്പുഴ, കുട്ടനാട്, കൈനകരി ഭാഗങ്ങളില്‍നിന്ന് ഒഴുകിയെത്തിയ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കായലില്‍ കുമിഞ്ഞ് കൂടിയതിനാല്‍ വലയിറക്കാനാവാത്ത അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികള്‍.
പ്രളയ സമയത്തെ ശക്തമായ ഒഴുക്കുകാരണം തേവര്‍വട്ടം (പൂച്ചാക്കല്‍), വൈക്കം ഫിഷറീസ് വകുപ്പിന്റെ കീഴില്‍ വരുന്ന കായലിലെ ഇരുന്നൂറിലധികം ഊന്നി വലകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വേമ്പനാട്ട് കായല്‍ മാലിന്യകൂമ്പാരം ആകുന്നതോടെ മത്സ്യസമ്പത്ത് കുറഞ്ഞുവെന്നും പല മത്സ്യങ്ങളും വംശനാശ ഭീഷണിയിലാണെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ആറ്റു കൊഞ്ച്, കക്ക, മഞ്ഞക്കൂരി എന്നിവയുടെ പ്രജനത്തിന് സഹായകമായ ഓരുവെള്ളം ആവശ്യത്തിന് കടന്നുവരാത്തത് ഇവയുടെ ലഭ്യതയില്‍ ഗണ്യമായ കുറവാണ് വരുത്തിയിട്ടുള്ളതെന്ന് മത്സ്യതോഴിലാളി യൂണിയന്‍ അരൂര്‍ ഈസ്റ്റ് മണ്ഡലം (എ.ഐ.ടി.യു.സി) പ്രസിഡന്റ് കെ.എസ് രാജേന്ദ്രന്‍ പറഞ്ഞു.
കുട്ടനാട്ടില്‍ ഒരോ കൃഷിസീസണും കഴിയുന്നതോടെ കീടനാശിനികള്‍ ഉള്‍പ്പടെയുള്ള മാലിന്യത്തിന്റെ തോത് കായലില്‍ ക്രമാതീതമായി വര്‍ധിക്കും. അനിയന്ത്രിതമായ ടൂറിസം വളര്‍ച്ചയും കായലിനെ മാലിന്യകൂമ്പാരമാക്കി മാറ്റുന്നു. ഇതോടെ കായല്‍ വെള്ളം പൂര്‍ണമായും ഉപയോഗയോഗ്യമല്ലാതായി.
കായലിന്റെ ആവാസവ്യവസ്ഥതന്നെ തകര്‍ക്കുന്ന മാരക ജൈവമാലിന്യങ്ങളുടെ സാന്നിധ്യം വിവിധ ശാസ്ത്രീയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഹൗസ് ബോട്ടുകള്‍ ഉള്‍പ്പടെയുള്ളവ പുറന്തള്ളുന്ന മാലിന്യങ്ങളും മോട്ടോര്‍ ബോട്ടുകള്‍ ഓടുന്നത് കാരണമുള്ള ഡീസലും വലിയ തോതില്‍ കായലിന്റെ ഉപരിതലത്തില്‍ പടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."