കുട്ടികളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന വിഡിയോ ഗെയിമുകള്‍ ഇന്റര്‍നെറ്റില്‍
എടച്ചേരി(കോഴിക്കോട്): കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന വിഡിയോ ഗെയിമുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. 14 നും18 നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് ഈ ഗെയിം ലക്ഷ്യംവയ്ക്കുന്നത്.
കുട്ടികളെ കളികളിലൂടെ അടിമപ്പെടുത്തി ആത്മഹത്യയിലേക്ക് നയിക്കുന്ന ഈ ക്രൂര കൃത്യങ്ങള്‍ക്ക്പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും രക്ഷിതാക്കള്‍ കരുതിയിരിക്കണമെന്നും സൈബര്‍ സെല്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കുട്ടികള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷിക്കണമെന്ന് ചില സ്‌കൂളുകള്‍ ഇതിനകം രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ ഗെയിം കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അന്വേഷണ ഏജന്‍സികളെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
വിവിധ രാജ്യങ്ങളില്‍നിന്നായി നിരവധി കുട്ടികള്‍ ബ്ലൂ വെയില്‍ കളിച്ച് ആത്മഹത്യ ചെയ്തതായി തെളിഞ്ഞിട്ടുണ്ട്.
ഗെയിമില്‍ വിജയിക്കുന്ന കുട്ടികള്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കിയാണ് വശീകരിക്കുന്നത്. കളി തുടങ്ങിയാല്‍ പിന്മാറാന്‍ പറ്റാത്തവിധം കുട്ടികള്‍ ഇതിന്റെ അടിമകളായിത്തീരും.
റഷ്യയാണ് ഇതിന്റെ ഉറവിട കേന്ദ്രമെന്നാണ് കരുതുന്നത്. യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ വിഡിയോ ഗെയിം ഭീതിപരത്തുന്നതായി ഇതിനിടെ അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഗെയിം തുടങ്ങുമ്പോള്‍തന്നെ ചില നിര്‍ദേശങ്ങളെത്തും. രാത്രി ഒറ്റയ്ക്കിരുന്ന് ഹൊറര്‍ സിനിമകള്‍ കാണുക, കൈയിലും കാലിലും പ്രത്യേക രീതിയില്‍ മുറിവുണ്ടാക്കുക, രാത്രിയിലെ ചില പ്രത്യേക സമയങ്ങളില്‍ ഉണരുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഗെയിം കളിക്കുന്നയാളിനോട് നിര്‍ദേശിക്കും. ഇത് പൂര്‍ത്തിയാക്കിയതിന്റെ തെളിവായി ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും വേണം.
ഇല്ലെങ്കില്‍ ഭീഷണിപ്പെടുത്തുമെന്നും അനുഭവസ്ഥര്‍ പറയുന്നു.
ഇങ്ങനെ മുന്നേറുന്ന ചാലഞ്ചിന്റെ അമ്പതാം ദിവസം ആത്മഹത്യ ചെയ്യാനാണ് ആവശ്യപ്പെടുക.
ഉയര്‍ന്ന കെട്ടിടത്തില്‍ നിന്ന് ചാടുക, പാലങ്ങളില്‍ നിന്ന് പുഴയിലേക്ക് ചാടുക തുടങ്ങിയ നിര്‍ദേശങ്ങളാവും അന്തിമഘട്ടത്തില്‍ കുട്ടികള്‍ക്ക് നല്‍കുക. ഇത്തരത്തില്‍ നൂറോളംപേര്‍ റഷ്യയില്‍ മാത്രം മരണപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."