അഴിമതി: ചൈനയില്‍ മുന്‍ സൈനികമേധാവിക്ക് ജീവപര്യന്തം
ബെയ്ജിങ്: ചൈനയില്‍ വിരമിച്ച മുതിര്‍ന്ന സൈനിക ഓഫിസര്‍ക്ക് അഴിമതിക്കേസില്‍ ജീവപര്യന്തം. ജനറല്‍ ഗുവോ ബോക്സിയോങി(74)നാണ് സൈനിക കോടതി ശിക്ഷവിധിച്ചത്. സ്ഥാനക്കയറ്റം നല്‍കാനായി ഉദ്യോഗസ്ഥരില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് ജനറലിനെതിരേയുള്ള പരാതി. ജനറല്‍ റാങ്ക് എടുത്തുകളയാനും സ്വകാര്യ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടുവെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. നാലു വര്‍ഷമായി ചൈനയില്‍ അഴിമതിവിരുദ്ധ നീക്കം ശക്തമാണ്. പ്രസിഡന്റ് ഷീ ജിങ്പിങിന്റെ നേതൃത്വത്തിലാണ് ചൈനയില്‍ അഴിമതിവിരുദ്ധവേട്ട നടക്കുന്നത്. ആയിരത്തിലേറെ ഉദ്യോഗസ്ഥരെയാണ് ഇതിനകം അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജോലിയില്‍ നിന്ന് നീക്കിയത്.
2000 മുതല്‍ 2012 വരെ ഗുവോ ചൈനീസ് മിലിട്ടറി കമ്മിഷന്റെ വൈസ് ചെയര്‍മാനായിരുന്നു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ നേതൃത്വമാണ് മിലിട്ടറി കമ്മിഷന്. ഈകാലയളവില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ 25 അംഗ പോളിറ്റ്ബ്യൂറോ അംഗം കൂടിയായിരുന്നു ഇദ്ദേഹം.
അഴിമതി ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കിയിരുന്നു. ഗുവോയുടെ വിചാരണ അടച്ചിട്ട സൈനികകോടതിയിലായിരുന്നുവെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. എത്ര തുകയാണ് ഇദ്ദേഹം കൈക്കൂലിപ്പണമായി സ്വീകരിച്ചതെന്ന വിവരം സിന്‍ഹുവ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. 12.3 ദശലക്ഷം ഡോളര്‍ ഇദ്ദേഹം കൈപറ്റിയതായി കഴിഞ്ഞ ഏപ്രിലില്‍ സൗത്ത് ചൈനാ മോണിങ് പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."