അധികാര തര്‍ക്കം: പുതുച്ചേരി മുഖ്യമന്ത്രിക്ക് സുപ്രിംകോടതി നോട്ടിസ്
പുതുച്ചേരി: ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദിയുമായുള്ള അധികാര വടംവലിയുമായി ബന്ധപ്പെട്ട് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമിക്ക് സുപ്രിം കോടതി നോട്ടിസ്. മുഖ്യമന്ത്രിയും ലഫ്. ഗവര്‍ണറും തമ്മില്‍ രൂക്ഷമായ അധികാര തര്‍ക്കമാണ് നിലനില്‍ക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ലഫ്. ഗവര്‍ണര്‍ ഇടപെടരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ സുപ്രിം കോടതിയെ സമീപിച്ച കിരണ്‍ ബേദിയുടെ ഹരജി പരിഗണിച്ചാണ് മുഖ്യമന്ത്രി വി. നാരായണ സ്വാമിക്ക് നോട്ടിസ് അയച്ചത്.
ഹൈക്കോടതിയുടെ ഉത്തരവ് ശരിയല്ലെന്നും സംസ്ഥാനത്ത് തനിക്കാണ് അധികാരമെന്നും ചൂണ്ടിക്കാട്ടിയാണ് കിരണ്‍ ബേദി സുപ്രിം കോടതിയെ സമീപിച്ചത്.
ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, എം.ആര് ഷാ എന്നിവരടങ്ങിയ സുപ്രിം കോടതി അവധികാല ബെഞ്ചാണ് മുഖ്യമന്ത്രിക്ക് നോട്ടിസ് അയച്ചത്. ഒരു ഉത്തരവുണ്ടാകുന്നതുവരെ സാമ്പത്തിക നടപടികള്‍ ഉള്‍പ്പെടെയുള്ളവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിര്‍ത്തിവയ്ക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടിട്ടുണ്ട്. കോണ്‍ഗ്രസ് എം.എല്‍.എ കെ. ലക്ഷ്മിനാരായണന്റെ ഹരജി പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ലഫ്. ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."