ശ്രീലങ്കയിലെ മുസ്‌ലിം മന്ത്രിമാരും രാജിവച്ചു
മുസ്‌ലിം മന്ത്രിമാര്‍
വംശീയവാദികളുടെ
സമ്മര്‍ദത്തിന്
കീഴടങ്ങിയെന്ന് ടി.എന്‍.എ
കൊളംബോ: കാബിനറ്റ് പദവിയുള്ള നാലുപേരുള്‍പ്പെടെ ശ്രീലങ്കയിലെ ഒന്‍പത് മുസ്‌ലിം മന്ത്രിമാര്‍ രാജിവച്ചു. തിങ്കളാഴ്ച രണ്ട് പ്രവിശ്യാ ഗവര്‍ണര്‍മാര്‍ രാജിവച്ചതിന്റെ തുടര്‍ച്ചയായാണിത്. ഈസ്റ്റര്‍ദിന ഭീകരാക്രമണത്തെ തുടര്‍ന്ന് മുസ്‌ലിം സമുദായത്തെ ഭീകരരായി ചിത്രീകരിക്കുന്നതിനെതിരായ കൂട്ടായ നിലപാടിന്റെ ഭാഗമായാണ് രാജി. ഏപ്രില്‍ 21ലെ ആക്രമണവുമായി ബന്ധപ്പെട്ട് എല്ലാ മുസ്‌ലിം നേതാക്കളും രാജിവയ്ക്കണമെന്ന് പ്രമുഖ ബുദ്ധമതസന്യാസിയും ഭരണകക്ഷിയായ യു.എന്‍.പിയുടെ എം.പിയുമായ അതുരാലിയെ രത്തനെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് നടത്തിയ പ്രകടനത്തില്‍ കൊളംബോ കര്‍ദിനാളും പങ്കെടുത്തിരുന്നു. നേരത്തെ രാജ്യമെങ്ങും മുസ്‌ലിം വ്യാപാരസ്ഥാപനങ്ങള്‍ക്കു നേരെ നടത്തിയ ആക്രമണങ്ങളില്‍ ക്രിസ്തുമതതീവ്രവാദികളോടൊപ്പം ബുദ്ധസന്യാസിമാരും പങ്കെടുത്തതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
രാജി ഭീകരാക്രമണവുമായി മുസ്‌ലിം രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണത്തിലെ സത്യാവസ്ഥ തെളിയിക്കാന്‍ അധികൃതര്‍ക്ക് കൂടുതല്‍ സമയവും സൗകര്യവും നല്‍കുമെന്ന് ശ്രീലങ്ക മുസ്‌ലിം കോണ്‍ഗ്രസ് നേതാവ് റഊഫ് ഹകീം പറഞ്ഞു. ഞങ്ങളിലാരെങ്കിലും കുറ്റക്കാരാണെന്നു കണ്ടാല്‍ അവര്‍ക്കു ശിക്ഷിക്കാം. അല്ലെങ്കില്‍ കുറ്റക്കാരല്ലെന്നു പ്രഖ്യാപിക്കട്ടെ- അദ്ദേഹം പറഞ്ഞു. അതേസമയം, മുസ്‌ലിം നേതാക്കള്‍ എം.പി സ്ഥാനം രാജിവയ്ക്കുകയില്ലെന്നും രാജിവച്ച മന്ത്രിമാര്‍ പാര്‍ലമെന്റില്‍ പിന്‍നിരയില്‍ ഇരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാറിനുള്ള പിന്തുണ തുടരും. അന്വേഷണത്തിന് ഒരു മാസം സമയം അവര്‍ക്കു നല്‍കും. അതുവരെ സര്‍ക്കാരില്‍ തുടരുന്നത് ശരിയല്ലെന്നാണ് ഞങ്ങള്‍ കരുതുന്നത്- റഊഫ് ഹകീം വ്യക്തമാക്കി.
അതിനിടെ രാജ്യത്തെ മുസ്‌ലിംകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് തമിഴ് നാഷനല്‍ അലയന്‍സ് വക്താവ് എം.എ സുമന്തിരന്‍ രംഗത്തുവന്നു. വംശീയവാദികളുടെ സമ്മര്‍ദത്തിന് മുസ്‌ലിം മന്ത്രിമാര്‍ കീഴടങ്ങിയതായി അദ്ദേഹം പറഞ്ഞു. മുസ്‌ലിം മന്ത്രിമാര്‍ രാജിവയ്‌ക്കേണ്ടേിവന്നത് ലജ്ജാകരമായ കാര്യമാണെന്ന് ധനമന്ത്രി മംഗള സമരവീര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."