ആറുപേര്‍ക്കും നിപയില്ല: പൂനെയില്‍ നിന്നുള്ള പരിശോധനാഫലം പുറത്ത്
കൊച്ചി: നിപയെന്ന് സംശയിച്ച് പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലാബിലേക്കയച്ച ആറുപേരുടെ പരിശോധനാഫലം പുറത്തുവന്നു. ഇവരിലാര്‍ക്കും നിപയില്ലെന്ന റിപ്പോര്‍ട്ടാണ് പുറത്തുന്നത്. ഇത് ഏറെ ആശ്വാസകരമാകുകയാണ് കേരളത്തിന്. കേരളത്തില്‍ നിപ വലിയ അളവില്‍ പടര്‍ന്നിട്ടില്ലെന്നതിന്റെ ശുഭ സൂചനകൂടിയാണിതെന്ന് ആരോഗ്യ മന്ത്രി പി.കെ ശൈലജ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആറ് പേരുടേയും സാമ്പിളുകള്‍ ഇന്നലെയാണ് പരിശോധനയ്ക്ക് അയച്ചത്. ഇതോടെ നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് മാത്രമാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് വ്യക്തമായി. വിദ്യാര്‍ഥിയോട് അടുത്തിടപെട്ട രണ്ട് പേരും രണ്ട് നേഴ്‌സുമാരും അടക്കം ആറ് പേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്. ഇവരുടെ സാമ്പിളുകളാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നത്. അതിന്റെ ഫലമാണ് പ്രതീക്ഷ പകരുന്നത്.
വിദ്യാര്‍ഥിയോട് അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ആറ് പേര്‍ക്കും നിപ ബാധയില്ലെന്ന സ്ഥിരീകരണം വലിയ ആശ്വാസത്തോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നത്.
പൂനെ ലാബില്‍ നിന്നുള്ള പരിശോധനാഫലത്തിനായി പരിഭ്രാന്തിയോടെയായിരുന്നു കേരളം കാത്തിരുന്നത്. അതാണിപ്പോള്‍ ഏറെ പ്രതീക്ഷ പകരുന്നത്.
നേരത്തെ നിപ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനിലയില്‍ ഏറെ പുരോഗതിയുണ്ടെന്നും നില ഏറെ മെച്ചപ്പെട്ടതായും മന്ത്രി അറിയിച്ചു. ഇതോടെ നിപയുടെ ആശങ്ക ഒഴിഞ്ഞുവെന്നും എന്നാല്‍ നിയന്ത്രണവിധേയമായെന്നു പറയാനായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. രോഗ വ്യാപനം തടയാനും പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും വിപുലമായ സംവിധാനങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.
വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ എറണാകുളത്ത് അവലോകന യോഗം ചേരുന്നുണ്ട്.
അതേ സമയം തിരുവനന്തപുരത്ത് പനിയുമായെത്തിയ ഒരാള്‍ നിരീക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."