എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്തുപെട്ടി' വിതരണം ചെയ്തു
പാലക്കാട് : കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ നടപ്പാക്കുന്ന പദ്ധതിയായ 'എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്തുപെട്ടിയുടെ' ആദ്യഘട്ട വിതരണം പൂര്‍ത്തിയായി. പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ സ്ഥാപിക്കാനുള്ള എഴുത്തുപെട്ടികളുടെ വിതരണം ഗ്രന്ഥശാലകള്‍ മുഖേന നടത്തി.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് ടി കെ നാരായണദാസ് എഴുത്തുപെട്ടി ബന്ധപ്പെട്ട ഗ്രന്ഥശാലകള്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം കാസിം അധ്യക്ഷനായ ചടങ്ങില്‍ കെ. ജി. മരിയ ജറാള്‍ഡ്, താലൂക്ക് സെക്രട്ടറി വി. രവീന്ദ്രന്‍, പി. എന്‍. മോഹനന്‍, ടി. കെ. രമേഷ്, ശ്രീധരന്‍ മാസ്റ്റര്‍, ടി എസ് പീറ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ മുഴുവന്‍ യു.പി. സ്‌കൂളുകളിലും ലൈബ്രറികളുടെയും താലൂക്ക് കമ്മിറ്റികളുടെയും അധ്യാപകരുടെയും സഹായത്തോടെയാണ് സ്‌കൂളുകളില്‍ എഴുത്തുപെട്ടികള്‍ സ്ഥാപിക്കുന്നത്.
കുട്ടികള്‍ സ്‌കൂള്‍ ലൈബ്രറികളില്‍ നിന്നും വായനശാലകളില്‍ നിന്നും വായിക്കുന്ന ഇഷ്ടമുള്ള ഒരു പുസ്തകത്തെ കുറിച്ച് കുറിപ്പ് തയ്യാറാക്കി ഓരോ മാസവും എഴുത്തു പെട്ടിയില്‍ നിക്ഷേപിക്കണം.
മാസാവസാനം വരെ ലഭിച്ച കുറിപ്പുകള്‍ പരിശോധിച്ച് ഏറ്റവും നല്ല കുറിപ്പിന് എല്ലാ മാസാദ്യത്തിലും സ്‌കൂള്‍ അസംബ്ലിയില്‍ സമ്മാനം നല്‍കും. പദ്ധതി നടത്തിപ്പിന് സ്‌കൂള്‍തലത്തില്‍ ഹെഡ്മാസ്റ്റര്‍, വിദ്യാരംഗം കലാവേദി കണ്‍വീനര്‍, പി ടി എ പ്രതിനിധി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം, അടുത്തുള്ള വായനശാല പ്രതിനിധി എന്നിവരെ ചേര്‍ത്ത് കമ്മിറ്റി രൂപീകരിച്ചാണ് വിലയിരുത്തലും പ്രോത്സാഹനവും നല്‍കുന്നത്.
ശേഖരീപുരം ഗ്രന്ഥശാല പുത്തൂര്‍ യു.പി. സ്‌ക്കൂളിലേക്കും, പാലക്കാട് പബ്ലിക് ലൈബ്രറി സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലേക്കും, കൊപ്പം പൗരസംഘം വായനശാല മോയന്‍ ഗേള്‍സ് യു.പി. സ്‌കൂളിലേക്കും, ഇ.എം.എസ്. പഠന കേന്ദ്രം-മാട്ടുമന്ത പി.എം.ജി.യു.പി.സ്‌കൂള്‍, തേനൂര്‍ ഗ്രാമസേവാസംഘം-തേനൂര്‍ യു.പി.സ്‌കൂള്‍, ദേശീയ റീഡിംഗ് റൂം പുതുപ്പരിയാരം-ഗവ.യു.പി.സ്‌കൂള്‍ പുതുപ്പരിയാരം, മുണ്ടൂര്‍ യുവപ്രഭാത് വായനശാല-മുണ്ടൂര്‍ യു.പി. സ്‌കൂള്‍, കൈരളി വായനശാല-പെരിങ്ങോട് കെ.പി.ആര്‍.പി.യു.പി. സ്‌കൂള്‍, എടത്തറ കസ്തൂര്‍ബാ ലൈബ്രറി-എടത്തറ യു.പി.സ്‌കൂള്‍, കണ്ണാടി ജനകീയ വായനശാല-കണ്ണാടി യു.പി.സ്‌കൂള്‍, മരുതറോഡ് ജനകീയ ഗ്രന്ഥശാല-എലപ്പുളളി യു.പി.സ്‌കൂള്‍,സോഷ്യലിസ്റ്റ് യുവജന വായനശാല പൂടൂര്‍-എസ്.എന്‍.യു.പി.സ്‌കൂള്‍ കൊടുന്തിരപ്പുളളി, കൊളപ്പുളളി തുഞ്ചന്‍ സ്മാരക വായനശാല-മുണ്ടൂര്‍ കൂട്ടുപാത എം.ഇ.എസ്.സ്‌കൂള്‍ തുടങ്ങി ഇരുപത്തഞ്ചോളം കേന്ദ്രങ്ങളില്‍ പാലക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എഴുത്തുപെട്ടികള്‍ സ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."