ഏഷ്യാകപ്പ് ക്രിക്കറ്റിന് നാളെ തുടക്കം
ദുബൈ: 14-ാം ഏഷ്യാകപ്പ് ക്രിക്കറ്റിന് നളെ ദുബൈയില്‍ തുടക്കമാകും. രണ്ട് ഗ്രൂപ്പുകളിലായി ആറു ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. ഗ്രൂപ്പ്ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ നാളെ വൈകിട്ട് 5ന് ബംഗ്ലാദേശും ശ്രീലങ്കയും തമ്മില്‍ ഏറ്റുമുട്ടും. രണ്ടാം മത്സരത്തില്‍ ഹോങ്കോങ്ങും പാകിസ്താനും തമ്മിലാണ് കൊമ്പുകോര്‍ക്കുന്നത്. യോഗ്യതാ മത്സരത്തില്‍ യു.എ.ഇയെ തോല്‍പ്പിച്ചായിരുന്നു ഹോങ്കോങ് ഏഷ്യാകപ്പിന് യോഗ്യത നേടിയത്. പുതുമുഖ ശക്തികളായ അഫ്ഗാനിസ്ഥാനും ഇത്തവണ ഏഷ്യാകപ്പിനെത്തുന്നുണ്ട്. ശ്രീലങ്കയുമായിട്ടാണ് അഫ്ഗാനിസ്ഥാന്റെ ആദ്യ മത്സരം. ഇന്ത്യക്ക് ഹോങ്കോങ്ങുമായിട്ട് 18നാണ് ആദ്യ മത്സരം.
19ന് വൈകിട്ട് അഞ്ചിന് പാകിസ്താനുമായി ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം മത്സരം കളിക്കും. 21ന് വെള്ളിയാഴ്ച മുതല്‍ ക്വാര്‍ട്ടര്‍ ഫൈനലുകള്‍ക്ക് തുടക്കമാകും. 28ന് വൈകിട്ട് 5നാണ് ഫൈനല്‍. മഹേന്ദ്ര സിങ് ധോണി ഉള്‍പ്പെടെയുള്ള മികച്ച ടീമിനെയാണ് ഇന്ത്യ ഏഷ്യാ കപ്പിനായി പ്രഖ്യാപിച്ചിട്ടുള്ളത്. രോഹിത് ശര്‍മ ക്യാപ്റ്റനും ശിഖര്‍ ധവാന്‍ വൈസ്‌ക്യാപ്റ്റനുമാണ്. വിരാട് കോഹ്‌ലി ടീമിലില്ല. അമ്പാട്ടി റായിഡു, ദിനേശ് കാര്‍ത്തിക്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും അടക്കമുള്ള ടീമുകള്‍ മികച്ച നിരയുമായിട്ടാണ് എത്തുന്നത്. ഹോങ്കോങ് ഉള്‍പ്പെടെയുള്ള ടീമുകളും ശക്തമായതിനാല്‍ ആരെയും വില കുറച്ച് കാണുന്നില്ലെന്നാണ് ടീമുകളുടെ പ്രതികരണം. അഞ്ചു തവണ ഏഷ്യാ കപ്പ് ചാംപ്യന്‍മാരായ ഇന്ത്യ ആറാം കിരീടം ലക്ഷ്യമിട്ടാണ് ദുബൈയിലേക്കെത്തുന്നത്. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശില്‍ നടന്ന ഏഷ്യാ കപ്പില്‍ ഇന്ത്യയായിരുന്നു ചാംപ്യന്‍മാരായത്.
ആരാകും ആ ഭാഗ്യവാന്‍
ദുബൈ: ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് നാളെ തുടക്കമാകുമ്പോള്‍ ആരായിരിക്കും പുതിയ റെക്കോര്‍ഡുകള്‍ തകര്‍ക്കുകയെന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. നിലവില്‍ ഏഷ്യാ കപ്പിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് ശ്രീലങ്കയുടെ സനത് ജയസൂര്യയുടെ പേരിലാണ്. 1220 റണ്‍സാണ് ജയസൂര്യ ഏഷ്യ കപ്പില്‍ സ്വന്തമാക്കിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരവും ശ്രീലങ്കയില്‍ നിന്നുള്ള മറ്റൊരു താരമാണ്. 30 വിക്കറ്റുകള്‍ നേടി മുത്തയ്യ മുരളീധരനാണ് ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍.
കുശാല്‍ പെരേര
സനത് ജയസൂര്യക്ക് ശേഷം ശ്രീലങ്കന്‍ ക്രിക്കറ്റില്‍ ആരാണെന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു കുശാല്‍ പെരേരയുടെ കടന്നു വരവ്. ഏഷ്യാ കപ്പിനെത്തുന്ന ശ്രീലങ്കയുടെ തുറുപ്പു ചീട്ടുകളില്‍ പ്രധാനിയാണ് പെരേര. സങ്കക്കാര, മഹേല ജയവര്‍ധന എന്നിവര്‍ക്ക് പകരമാകാനും പെരേരക്ക് കഴിഞ്ഞിട്ടുണ്ട്. ഏകദിനത്തിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ചുറി പെരേരയുടെ പേരിലാണ്. ഏഷ്യാകപ്പില്‍ പെരേര പുതിയ ചരിത്രം കുറിക്കുമോ എന്ന് കാത്തിരുന്ന് കാണാം.
രോഹിത് ശര്‍മ
മഹേന്ദ്ര സിങ് ധോണി, വിരാട് കോഹ്‌ലി എന്നിവര്‍ക്കൊപ്പം ബാറ്റിങ് കരുത്തില്‍ ചേര്‍ത്ത് വായിക്കാന്‍ പറ്റുന്ന ഒരു പേരാണ് രോഹിത് ശര്‍മയുടേത്. ഏത് പ്രതിസന്ധിയിലും റണ്‍സ് നേടാനുള്ള കരുത്ത് രോഹിതിനെ വ്യത്യസ്തനാക്കുന്നു. ഏകദിനത്തില്‍ മൂന്ന് തവണ ഡബിള്‍ സെഞ്ചുറി അടിച്ച താരമാണ് രോഹിത്. ഏഷ്യാകപ്പില്‍ എന്ത് അത്ഭുതമാണ് കാണികള്‍ക്കായി രോഹിത് കരുതിവച്ചിട്ടുള്ളതെന്ന് കാത്തിരുന്ന് തന്നെ കാണണം. സനത് ജയസൂര്യയുടെ റെക്കോര്‍ഡ് മറികടക്കാന്‍ രോഹിത്തിന്റെ ബാറ്റിന് കരുത്തുണ്ടോ എന്നും കണ്ടറിയാം.
ഫഖര്‍ സമാന്‍
ഷാഹിദ് അഫ്രീദിക്ക് ശേഷം പാകിസ്താന്‍ ബാറ്റിങ് നിരയില്‍ പുതിയൊരു അവതാരമായിരുന്നു ഫഖര്‍ സമാന്‍. സമ്മര്‍ദമില്ലാതെ ബാറ്റ് ചെയ്യാന്‍ കഴിയുക എന്നതാണ് താരത്തിന്റെ മികവ്. ചാംപ്യന്‍സ് ട്രോഫിയിലെ മികച്ച പ്രകടനത്തിലൂടെയായിരുന്നു സമാനിലെ ബാറ്റ്‌സ്മാന്‍ പുറത്ത് ചാടിയത്. ചാംപ്യന്‍സ് ട്രോഫിയില്‍ നാല് മത്സരങ്ങളില്‍ നിന്ന് 252 റണ്‍സാണ് താരം സ്വന്തമാക്കിയത്. പാകിസ്താന് വേണ്ടി ഡബിള്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും സമാന്റെ പേരിലാണ്. സമാന്റെ പുതിയ ഇന്നിങ്‌സിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
ബൗളിങ്ങിലെ റെക്കോര്‍ഡ് തിരുത്താന്‍ വേണ്ടി ഒരു പിടി ബൗളര്‍മാരും ദുബൈയിലെത്തുന്നുണ്ട്. ഇന്ത്യന്‍ താരങ്ങളായ ജസ്പ്രീത് ബുംറ, ശര്‍ദുല്‍ താക്കൂര്‍, പാകിസ്താന്‍ താരം ഉസ്മാന്‍ ഖാന്‍, ആസിഫ് അലി, മുഹമ്മദ് ആമിര്‍, ശ്രീലങ്കന്‍ ബൗളര്‍മാരായ ലസിത് മലിംഗ, നിരോഷന്‍ ഡിക്ക്‌വെല്ല, അഫ്ഗാനിസ്ഥാന്‍ താരം മുജീബ് റഹ്മാന്‍ എന്നിവരെല്ലാം ബൗളിങ് ചരിത്രം കുറിക്കുമോയെന്നും കാത്തിരുന്ന് കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."