കോടതിയില്‍ ഹാജരാവാന്‍ പ്രഗ്യക്ക് വയറുവേദന; പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തു
മുംബൈ: വയറുവേദനയെന്ന കാരണം പറഞ്ഞ് മലേഗാവ് സ്‌ഫോടന കേസിലെ സുപ്രധാന വാദം കേള്‍ക്കലില്‍ ഹാജരാകാതെ പ്രതിയും ബി.ജെ.പി എം.പിയുമായ പ്രഗ്യാ സിങ് ഠാക്കൂര്‍. ബുധനാഴ്ചയാണ് പ്രഗ്യയെ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്.
പ്രഗ്യയ്ക്ക് മുംബൈയിലെ പ്രത്യേക കോടതി ഒരു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അസുഖത്തെക്കുറിച്ച് കോടതിയില്‍ മതിയായ രേഖകള്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ നാളെയും ഹാജരായില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കോടതി പ്രഗ്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ ആഴ്ച കോടതിയില്‍ ഹാജരാവുന്നതില്‍ ഇളവ് നല്‍കണമെന്ന ഹരജി തള്ളിയതിന് പിന്നാലെയാണ് അവരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്.
പ്രഗ്യയെ ഇന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്തതായും പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുമെന്നും അവരുടെ അടുത്ത അനുയായി ഉപ്മയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം മൂലമാണത്രെ പരിപാടിയില്‍ പങ്കെടുക്കുന്നത്. അത് കഴിഞ്ഞ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്നും ഉപ്മ വിശദീകരിക്കുന്നു.
'പ്രജ്ഞ അസുഖബാധിതയാണ്. ഇന്നലെ രാത്രിയാണ് ആശുപത്രിയിലെത്തിച്ചത്. വയറുമായി ബന്ധപ്പെട്ട് അസുഖം മൂലമാണ് അവര്‍ ആശുപത്രിയിലെത്തിയിരിക്കുന്നത്. ഇന്ന് രാവിലെ അവര്‍ ആശുപത്രിയില്‍ നി്ന്നും ഡിസ്ചാര്‍ജ് ആയിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരുടെ നിര്‍ബന്ധം മൂലം അവര്‍ക്ക് ഒരു പരിപാടിയില്‍ പങ്കെടുക്കേണ്ടുണ്ട്. അത് അവസാനിച്ചാലുടന്‍ തിരികെ ആശുപത്രിയിലേക്ക് വരും' ഉപ്മ പറഞ്ഞതായി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
മലേഗാവ് കേസില്‍ ജൂണ്‍ മൂന്ന് മുതല്‍ ഏഴ് വരെ തനിക്ക് ഹാജരാകാന്‍ സാധിക്കില്ലെന്നും ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രജ്ഞ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം എന്‍.ഐ.എ കോടതി തള്ളിയിരുന്നു. പാര്‍ലമെന്റ് നടപടികളില്‍ സംബന്ധിക്കേണ്ടതുള്ളതിനാല്‍ ജൂണ്‍ മൂന്ന് മുതല്‍ ഏഴ് വരെ തനിക്ക് ഹാജരാകാന്‍ സാധിക്കില്ലെന്നായിരുന്നു പ്രജ്ഞ ഹര്‍ജിയില്‍ പറഞ്ഞത്. ഈ ആവശ്യം കോടതി മുഖവിലയ്‌ക്കെടുത്തികരുന്നില്ല. വാദം കേള്‍ക്കാന്‍ ഈ ആഴ്ചതന്നെ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
2008 സെപ്റ്റംബര്‍ 29 നാണ് മലേഗാവ് സ്‌ഫോടനമുണ്ടായത്. മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ച രണ്ട് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന അന്വേഷിച്ച കേസ് ഏപ്രില്‍ 2011നാണ് എന്‍.ഐ.എയ്ക്കു കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."