ഹര്‍ത്താലിനു പിന്നാലെ പമ്പ് സമരം; ജനം വലഞ്ഞു
കണ്ണൂര്‍: ഹര്‍ത്താലിനു പിന്നാലെയുണ്ടായ പെട്രോള്‍ പമ്പ് സമരം ജനങ്ങള്‍ക്ക് ഇരുട്ടടിയായി. പയ്യന്നൂരിലെ ആര്.എസ്.എസ് പ്രവര്ത്തകന് ബിജുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച കണ്ണൂരിലും മാഹിയിലും ബി.ജെ.പി ഹര്‍ത്താല്‍ ആചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ പമ്പുടമകള്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് സമരം ചെയ്തത്. അടുത്തടുത്ത ദിവസങ്ങളില്‍ പമ്പ് അടഞ്ഞു കിടന്നതോടെ എണ്ണ കിട്ടാതെ ജനങ്ങള്‍ വലഞ്ഞു. ശനിയാഴ്ച ഹര്‍ത്താലിന് ശേഷം വൈകുന്നേരം ആറു മുതല്‍ പമ്പുകള്‍ തുറന്നുപ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ തിരക്കു കാരണം മിക്ക പമ്പുകളിലും രാത്രിയോടെതന്നെ ഇന്ധനം തീര്‍ന്നിരുന്നു. ഹര്‍ത്താലായതിനാല്‍ ആവശ്യത്തിനുള്ള ഇന്ധനം പമ്പുകളില്‍ എത്തിക്കാന്‍ സാധിക്കാത്തതും തിരിച്ചടിയായി. ഞായറാഴ്ച പെട്രോള്‍ പമ്പുകള്‍ അടഞ്ഞുകിടക്കുന്ന കാര്യം പലരും അറിഞ്ഞുമില്ല. അപൂര്‍വചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പമ്പ് ഉടമകളുടെ 24 മണിക്കൂര്‍ സമരം. എന്നാല്‍ ഓള് ഇന്ത്യ ഫെഡറേഷന് ഓഫ് പെട്രോളിയത്തില്‍ അംഗങ്ങളല്ലാത്ത പമ്പുകള്‍ ഇന്ധനം തീരുന്നതുവരെ തുറന്ന് പ്രവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."