നീറ്റ് ഫലത്തില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി
കോഴിക്കോട്: നീറ്റ് പരീക്ഷാഫലം വന്നപ്പോള്‍ റാങ്ക് താഴെയായതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പുതിയങ്ങാടി പള്ളിക്കണ്ടി വന്ദന (17) ആണ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. എറണാകുളം - കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസിന് മുന്നിലേക്ക് ചാടിയ വന്ദന തല്‍ക്ഷണം മരിച്ചു.
പ്ലസ് ടു പഠനം കഴിഞ്ഞ ശേഷം നീറ്റ് പരീക്ഷയെഴുതിയ വന്ദന റിസല്‍ട്ട് വന്നപ്പോള്‍ പരീക്ഷയില്‍ പാസായിട്ടുണ്ടെന്നായിരുന്നു വീട്ടുകാരെ അറിയിച്ചത്. എന്നാല്‍, നീറ്റ് റാങ്കില്‍ താഴെയായിപ്പോയതില് വന്ദന മനോവിഷമത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
ഇന്നലെ തൊട്ടടുത്ത അക്ഷയ സെന്ററില്‍ പോയി തിരിച്ചു വരുന്നതിനിടക്കാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയത്. 'എന്റെ ആയുസ് ഇത്രയേ ഉള്ളൂ, ഞാന്‍ ആഗ്രഹിച്ച നിമിഷമായിരുന്നു ഇത്. ഐ ലവ് യു അച്ഛന്, അമ്മ, വൈഷ്ണവ്, വിഷ്ണു'എന്നിങ്ങനെ കൈത്തണ്ടയില്‍ എഴുതിയ ആത്മഹത്യാകുറിപ്പിലുണ്ട്. വിഷ്ണുവും വൈഷ്ണവും വന്ദനയുടെ സഹോദരങ്ങളാണ്. പള്ളിക്കണ്ടിയിലെ മത്സ്യത്തൊഴിലാളിയായ ഷെര്ളീധരന്റേയും രൂപയുടേയും മകളാണ്. മൃതദേഹം മെഡിക്കല്‍കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. നടക്കാവ് പൊലിസ് കേസെടുത്തു.
നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ട രണ്ട് വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം തമിഴ് നാട്ടില്‍ ആത്മഹത്യ ചെയ്തിരുന്നു. തഞ്ചാവൂര്‍ സ്വദേശിനി എസ്.ഋതുശ്രീ, തിരുപ്പൂര്‍ സ്വദേശിനി വൈശ്യ എന്നീ വിദ്യാര്‍ഥിനികളാണ് ആത്മഹത്യ ചെയ്തത്. രണ്ട് വര്‍ഷം മുന്‍പ് അനിത എന്ന വിദ്യാര്‍ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് നീറ്റ് പരീക്ഷയ്ക്ക് എതിരേ തമിഴ്നാട്ടില്‍ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."