സംവരണ അട്ടിമറിയിലൂടെ മുഖ്യമന്ത്രി വഞ്ചിച്ചത് സ്വന്തം സമുദായത്തെയും
ഫൈസല്‍ കോങ്ങാട്
പാലക്കാട്: കേന്ദ്ര വിരുദ്ധതയായിരുന്നു കേരളത്തിലെ പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര. കേന്ദ്രം കൊണ്ടുവരുന്ന നിയമങ്ങളെ നഖശിഖാന്തം എതിര്‍ക്കുകയും ബദല്‍ സംവിധാനങ്ങളെക്കുറിച്ചുള്ള മേനി പറച്ചിലിലുമായിരുന്നു ഇതുവരെ ഇടതുപക്ഷവും സി.പി.എമ്മും. ഏറ്റവും ഒടുവില്‍ കാര്‍ഷിക ബില്ലുകള്‍ പാര്‍ലമെന്റ് പാസാക്കിയപ്പോള്‍ സംസ്ഥാനത്തെ 'കര്‍ഷക രക്ഷയ്ക്ക്' ബദല്‍ സംവിധാനം കൊണ്ടു വരുമെന്ന് പ്രഖ്യാപിച്ചു കേരളം. എന്നാല്‍ ഇതെല്ലാം നാല് വോട്ടിനു വേണ്ടിയുള്ള പൊറാട്ട് നാടകങ്ങളാണെന്ന് വ്യക്തമാക്കുകയാണിപ്പോള്‍ മുന്നോക്ക സംവണത്തിലൂടെ പിണറായി സര്‍ക്കാര്‍. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ബി.ജെ.പി രാജ്യത്ത് നടപ്പിലാക്കുന്ന മുന്നോക്ക സംവരണം ഒരു മുഴംമുന്‍പെ തന്നെ കുറച്ചു വരേണ്യവര്‍ഗ വോട്ട് സ്വന്തം അക്കൗണ്ടിലാക്കാനാകുമെന്ന പ്രതീക്ഷയില്‍ സി.പി.എം കേരളത്തില്‍ നടപ്പിലാക്കുന്നു. പിന്നോക്ക വിഭാഗങ്ങളുടെ അസ്ഥിത്വവും ഉന്നതിയും ഉറപ്പാക്കുന്നതിനായി ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ പിന്നോക്ക സംവരണത്തെ ഇല്ലാതാക്കി സ്വന്തം നിലനില്‍പ്പിനും ഭരണത്തുടര്‍ച്ചയ്ക്കുമായി മുന്നോക്ക സംവരണം നടപ്പിലാക്കുമ്പോള്‍ മുഖ്യമന്ത്രി വഞ്ചിക്കുന്നത് സ്വന്തം സമുദായത്തെ തന്നെയാണ്.
ഇന്ത്യന്‍ ഭരണഘടന സംവരണം ലഭ്യമാക്കിയിട്ടുള്ളത് പിന്നോക്ക സമുദായങ്ങള്‍ക്കാണ്. ഉദ്യോഗമേഖലയില്‍ മതിയായിടത്തോളം പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത പിന്നോക്ക സമുദായങ്ങള്‍ക്ക് അതു പ്രാപ്തമാക്കുന്നതിനാണ് സംവരണം വ്യവസ്ഥ ചെയ്തിട്ടുള്ളത്. ജാതിയുടെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു സംവരണത്തിന് അര്‍ഹത നിശ്ചയിച്ചിരുന്നത്. കാലങ്ങളായി രാജ്യത്ത് തുടര്‍ന്നുവന്ന വലിയൊരു അനീതിയെ ഇല്ലാതാക്കാന്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന സംവരണ തത്വങ്ങളെ കാറ്റില്‍ പറത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോക്ക സംവരണം നടപ്പാക്കുന്നത്. ഈ നടപടിയിലൂടെ വിദ്യാഭ്യാസ, ഉദ്യോഗസ്ഥ മേഖലകളില്‍ ഈഴവര്‍ ഉള്‍പ്പടെയുള്ള പിന്നോക്ക വിഭാഗങ്ങളുടെ കഴുത്തില്‍ കത്തി വച്ചിരിക്കുകയാണിപ്പോള്‍.
നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിനുള്ള മാനദണ്ഡങ്ങളിലും അതില്‍ പരാമര്‍ശിച്ചിരിക്കുന്ന വരുമാനം കണക്കുകൂട്ടുന്നതിനെ സംബന്ധിച്ചും ഒട്ടേറെ തെറ്റായ ധാരണകളും നിലപാടുകളും ഉദ്യോഗാര്‍ഥികളും ഉദ്യോഗസ്ഥരും വച്ചുപുലര്‍ത്തുന്നതിനാല്‍ നൂറുകണക്കിന് ന്യൂനപക്ഷ ഉദ്യോഗാര്‍ഥികള്‍ ജോലിയില്‍ കയറാനാവാതെ പുറത്തുനില്‍ക്കുമ്പോഴാണ് ഉള്ളതും കൂടി കവര്‍ന്നെടുത്ത് മുന്നോക്കക്കാര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.
മണ്ഡല്‍ കേസില്‍ സുപ്രിംകോടതി വിധിയെത്തുടര്‍ന്നാണ് ക്രീമിലെയര്‍ വ്യവസ്ഥ സംവരണത്തിന് ബാധകമാക്കിയത്. 1992 നവംബര്‍ 16ലെ ഈ വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ആര്‍.എന്‍ പ്രസാദ് അധ്യക്ഷനായ ക്രീമിലെയര്‍ നിര്‍ണയ കമ്മിറ്റി 1993 മാര്‍ച്ച് 10ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രീമിലെയര്‍ മാനദണ്ഡങ്ങള്‍ ആദ്യമായി നിശ്ചയിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ മാനദണ്ഡങ്ങള്‍ തന്നെയാണ് ഇന്നും നിലവിലുള്ളത്.
അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മുന്നോക്ക സംവരണത്തിലെ സാമ്പത്തിക മാനദണ്ഡങ്ങള്‍ക്ക് ക്രീമിലെയര്‍ മാനദണ്ഡങ്ങളുമായി യാതൊരു ബന്ധവുമില്ല. പിന്നോക്കക്കാരായ ഉദ്യോഗാര്‍ഥികളുടെ സാമ്പത്തിക പരിധിയേക്കാള്‍ ഉയര്‍ന്നതാണ് മുന്നോക്കക്കാരുടേത്. അതുകൊണ്ടുതന്നെ ന്യൂനപക്ഷവിഭാഗങ്ങള്‍ നോക്കിനില്‍ക്കെ മുന്നോക്ക വിഭാഗത്തിലെ സമ്പന്നര്‍ സംവരണം ഉറപ്പാക്കി മുന്നോട്ടുപോകുമെന്നര്‍ഥം.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."