സി.പി.എമ്മില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാനാകാത്തത് ജില്ലാനേതൃത്വത്തിന് തിരിച്ചടിയാകും
കൊച്ചി: വിമതര്‍ പാര്‍ട്ടി വിട്ട് സി.പി.ഐയില്‍ ചേര്‍ന്നതോടെ എറണാകുളം ജില്ലയിലെ സി.പി.എം വിഭാഗീയത വീണ്ടും മറനീക്കി പുറത്തേക്ക്. ഏതാണ്ട് ആയിരത്തിലേറെ പേരാണ് ഇന്നലെ പാര്‍ട്ടിവിട്ട് സി.പി.ഐയില്‍ ചേക്കേയറിയത്. ഇതില്‍ 573 പേര്‍ സി.പി.എമ്മില്‍ അംഗത്വമുള്ളവരാണ്. എറണാകുളം ജില്ലയിലെ ഉദയംപേരൂര്‍,പനങ്ങാട്, എളങ്കുന്നപ്പുഴ, മരട്, നേര്യമംഗലം, ആമ്പല്ലൂര്‍ എന്നിവിടങ്ങളിലെ വിവിധ കമ്മിറ്റികളില്‍ ഉള്‍പ്പെട്ടവരും പാര്‍ട്ടി വിട്ടവരില്‍പെടും.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചായിരുന്നു വി.എസ് പക്ഷവും പിണറായി പക്ഷവുമൊക്കെ ജില്ലയില്‍ മറനീക്കി പുറത്തുവന്നത്. എന്നാല്‍ സംസ്ഥാനനേതൃത്വം ഇടപെട്ട് ജില്ലാകമ്മിറ്റിക്ക് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഒരു പരിധിവരെ ഇവര്‍ പിന്‍വാങ്ങിയിരുന്നു. നിയമസഭാതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വീണ്ടും ശക്തമായ ചേരിപ്പോരാണ് ഇന്നലെ സി.പി.ഐക്ക് തുണയായത്. നിയമസഭാതെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിക്കുവേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചിട്ടും തങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തിയതാണ് വിമതരെ ചൊടിപ്പിച്ചത്. മുന്‍മന്ത്രി കെ.ബാബുവിനെതിരേ തൃപ്പൂണിത്തുറയില്‍ ജയിക്കുക എന്നത് എല്‍.ഡി.എഫിന്റെ അഭിമാനപ്രശ്‌നമായിരുന്നു. അതുകൊണ്ടുതന്നെ ജില്ലാനേതൃത്വം നല്‍കിയ നിര്‍ദേശം മാനിച്ച് വിമതര്‍ എം.സ്വരാജിനുവേണ്ടി ഒറ്റക്കെട്ടായി രംഗത്തിറങ്ങി. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം വിമതര്‍ യു.ഡി.എഫിനുവേണ്ടിയാണു വോട്ടുപിടിച്ചതെന്ന ഔദ്യോഗികപക്ഷത്തിന്റെ പ്രചാരണമാണ് ഇവരെ പാര്‍ട്ടിവിടാന്‍ പ്രേരിപ്പിച്ചത്. എളങ്കുന്നപ്പുഴ ലോക്കല്‍ സെക്രട്ടറിയായിരുന്ന കെ.എല്‍.ദിലീപ്കുമാര്‍, ഉദയംപേരൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി.രഘുവരന്‍, മുന്‍ ഏരിയകമ്മിറ്റി അംഗം കെ.എസ്.പവിത്രന്‍, മുന്‍ ലോക്കല്‍ സെക്രട്ടറി എസ്.എ.ഗോപി, പള്ളുരുത്തി മുന്‍ ഏരിയ കമ്മിറ്റി അംഗം വി.ഒ.ജോണി എന്നിവര്‍ക്കു പുറമെ ലോക്കല്‍ കമ്മിറ്റികളിലെ നിരവധി അംഗങ്ങളും ഇന്നലെ സി.പി.ഐയില്‍ ചേര്‍ന്നു. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയെ തുടര്‍ന്ന് സാംസ്‌കാരിക സംഘടന രൂപീകരിച്ച് പ്രവര്‍ത്തിച്ചുവന്നവരാണ് കൊഴിഞ്ഞുപോയവരില്‍ ഏറെയും.
വി.എസ് പക്ഷത്തിന് ശക്തമായ വേരോട്ടമുണ്ടായിരുന്ന ജില്ലയില്‍ പിണറായി പക്ഷത്തിന്റെ പിടിച്ചെടുക്കലാണ് വിഭാഗീയതയ്ക്ക് തുടക്കമിട്ടത്.തൃപ്പൂണിത്തുറയില്‍ പിണറായി പക്ഷക്കാരനായ ജില്ലാസെക്രട്ടറി പി.രാജീവിന് ചുണ്ടിനും കപ്പിനുമിടയ്ക്ക് നിയമസഭാസീറ്റ് നഷ്ടപ്പെട്ടതും ഇരുപക്ഷവും തമ്മിലടിച്ചതിന്റെ ഫലമായിട്ടായിരുന്നു.
അതിനിടെ വിമത പക്ഷത്തെ പാര്‍ട്ടിയില്‍ ചേര്‍ക്കരുതെന്ന സി.പി.എമ്മിന്റെ കര്‍ശന നിര്‍ദേശം വകവയ്ക്കാതെയാണ് സി.പി.ഐ ഇന്നലെ ഉദയംപേരൂരില്‍ ലയനസമ്മേളനം വിളിച്ചുകൂട്ടി പ്രഖ്യാപനം നടത്തിയത്. വരും ദിവസങ്ങളില്‍ ജില്ലയില്‍ മറ്റുഭാഗങ്ങളില്‍ ഇടഞ്ഞുനില്‍ക്കുന്നവരെക്കൂടി കൂടെ കൂട്ടാനാണ് സി.പി.ഐയുടെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."