പഠനം പാല്‍പ്പായസം
കൂട്ടുകാരേ,
പുതിയ അധ്യയന വര്‍ഷത്തിനു തുടക്കം കുറിച്ചല്ലൊ. പുതിയ ചുവടുവയ്പ്പിന് വിദ്യാലയങ്ങളും അധ്യാപകരും ഒരുങ്ങിക്കഴിഞ്ഞു. ജനകീയപങ്കാളിത്തത്തോടെയുള്ള പഠനാന്തരീക്ഷമാണ് നിങ്ങള്‍ക്കു വേണ്ടി ഒരുക്കിയിരിക്കുന്നത്.
പാഠപുസ്തകവും യൂനിഫോം വിതരണവും കഴിഞ്ഞല്ലോ. നിങ്ങള്‍ കാണാന്‍ പോകുന്ന വൈവിധ്യങ്ങളിലെ ചിലതു മാത്രമാണിവ. നിങ്ങളുടെ സര്‍ഗാത്മകവും മാനസികവുമായ കഴിവുകളെ അധ്യാപകര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകാം. അവ തേച്ചുമിനുക്കിയെടുത്ത് നിലനിര്‍ത്താന്‍ സര്‍ഗോല്‍സവവും സംഘടിപ്പിച്ചു. അക്കാദമിക മികവിനോടൊപ്പം നിങ്ങളുടെ കലാ - കായിക ശേഷികളെ വളര്‍ത്തുന്നു.
വിവരസാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകളുടെ പുത്തന്‍ ഉണര്‍വ് നിങ്ങള്‍ക്ക് സ്മാര്‍ട്ട് ക്ലാസ് റൂം പഠനപ്രവര്‍ത്തനങ്ങളിലൂടെ ലഭിക്കുന്നു. കൂടാതെ ഹൈടെക് ക്ലാസ് മുറികളും ലാബുകളും വിദ്യാലയങ്ങള്‍ കുട്ടികള്‍ക്കായി ഒരുക്കി കഴിഞ്ഞു. 1 മുതല്‍ 12 ക്ലാസ് വരെയുള്ള അധ്യാപകര്‍ വിവിധതരം പരിശീലനം സ്വായത്തമാക്കിയാണ് നിങ്ങള്‍ക്ക് വേണ്ടി ഒരുങ്ങിയിരിക്കുന്നത്..
ഹരിതോല്‍സവത്തിലുടെ നിങ്ങള്‍ ദിനാചരങ്ങളെ തൊട്ടറിയുന്നു.10 ദിനാചരണങ്ങള്‍ക്ക് നിങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. അതും വ്യത്യസ്തവും വൈവിധ്യമാകുന്ന പ്രവര്‍ത്തനങ്ങളിലൂടെ
പഠനവും സാമൂഹിക സേവനവും പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കുന്നു എന്ന സത്യത്തെ വിജയിപ്പിക്കുന്ന തരത്തിലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കുണ്ടാകുന്നു. എല്ലാ നെഗറ്റീവ് ചിന്തകളും മാറ്റിവച്ച് ജീവിതത്തിന്റെ വസന്തകാലത്തെ ആത്മവിശ്വാസത്തോടെ നേരിടാന്‍ നിങ്ങള്‍ക്കു കഴിയെട്ടെ.
രക്ഷിതാക്കള്‍
മസ്തിഷ്‌കവും പഠനവും പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നു എന്നതില്‍ യാതൊരു എതിര്‍ വാദവുമില്ല. മസ്തിഷ്‌കത്തിലെ കോശങ്ങള്‍ തമ്മിലുണ്ടാകുന്ന ബന്ധത്തിലൂടെയാണ് പഠനം നടക്കുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തങ്ങള്‍ സുഖകരമാക്കുന്ന ശീലങ്ങള്‍ കുട്ടികളില്‍ വളര്‍ത്തണം. തലച്ചോറില്‍ 80 ശതമാനം വരെ ജലമാണെന്ന് ശാസ്ത്രം പറയുന്നു. ജലത്തിന്റെ അഭാവം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നു. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കാന്‍ കുട്ടിക്കളെ ശീലിപ്പിക്കണം. പഠനപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വെള്ളം കുടിക്കുന്നത് കുട്ടികളുടെ ഓര്‍മശക്തിയും ഏകാഗ്രതയും വര്‍ധിപ്പിക്കും. പ്രഭാതഭക്ഷണം പൊതുവേ കുട്ടികള്‍ അവഗണിക്കാറാണ് പതിവ്. സ്‌കൂളുകളില്‍ പ്രഭാതഭക്ഷണം നല്‍കി വരുന്നുണ്ടെങ്കിലും കുട്ടികള്‍ കഴിക്കുന്നു എന്ന് ഉറപ്പുവരുത്തണം. പ്രഭാതഭക്ഷണത്തിന്റെ അഭാവം കുട്ടികളില്‍ പഠന നിലവാരത്തിലും സ്വഭാവരൂപീകരണത്തിലും വ്യതിയാനങ്ങള്‍ കണ്ടുവരുന്നതായി ശാസ്ത്രം തെളിയിക്കുന്നു.
വിദ്യാലയങ്ങളിലെ നാലു ചുമരില്‍ ഒതുങ്ങുന്നതല്ല പഠനം. തന്റെ ചുറ്റുപാടുകളെ മനസിലാക്കാനും അതനുസരിച്ച് പ്രയത്‌നിക്കാനും കഴിയണം. സൗഹൃദം എന്നത് കൊണ്ടുംകൊടുത്തും പരസ്പര സ്‌നേഹത്തോടെയുള്ള പ്രവൃത്തിയാണ് എന്ന തിരിച്ചറിവും നേടണം.
എന്നെക്കൊണ്ടു പറ്റില്ല, എനിക്കറിയില്ല , കഴിയില്ല എന്നീ ചിന്തകളെ ഒഴിവാക്കി ആത്മവിശ്വസത്തോടെ വേണം പുതിയ ക്ലാസില്‍ എത്തേണ്ടത്. കണ്ണുചിമ്മിക്കുന്ന പ്രവേശനോത്സവം കണ്ടുകഴിഞ്ഞു.
സന്തോഷിക്കുക. അക്ഷരങ്ങളോട് കൂട്ടുകൂടി അജ്ഞതയെ കൈവെടിയുക... പ്രകാശമാകുന്ന അറിവ് സമ്പാദിക്കുക... പൂന്തോപ്പിലെ പൂമ്പാറ്റകളായി പാറി നടക്കൂ.. നമ്മചൊരിയട്ടെ...വിജയാശംസകള്‍...
ഉറക്കം
തലച്ചോറിന്റെ സുഖകരമായ വളര്‍ച്ചയ്ക്ക് ഉറക്കം അത്യാവശ്യമാണ്. വേണ്ടത്ര വിശ്രമം ലഭിക്കാത്ത മസ്തിഷ്‌കത്തിന് മറവി കൂടുതലായിരിക്കും. 8 മണിക്കൂറെങ്കിലും ഉറങ്ങണം. കൂടാതെ വെളിച്ചവും പഠനത്തില്‍ അവിഭാജ്യഘടകം തന്നെയാണ്. അതുകൊണ്ട് പഠനമുറി വായു സഞ്ചാരമുള്ളതും വെള്ളിച്ചമുള്ളതുമാകണം. കുട്ടികളെ തുടര്‍ച്ചയായി പഠിക്കാന്‍ പ്രേരിപ്പിക്കരുത്. ഇടവേളകള്‍ കലര്‍ന്ന പഠനമേ കാര്യക്ഷമത നല്‍കൂ.
സ്‌നേഹവും പരിചരണവും
മിക്ക മാതാപിതാക്കളും സ്‌നേഹത്തിന്റെയും ലാളനയുടെയും കാര്യത്തില്‍ പിന്നോക്കാം നില്‍ക്കുന്നു. കുട്ടികളിലെ വളര്‍ച്ചയുടെ പ്രധാനഘടകമാണ് വാല്‍സല്യം. കുട്ടികളുടെകൂടെ കുറച്ചു സമയം ചെലവഴിച്ച് ആവശ്യങ്ങള്‍ മനസുകൊണ്ട് തൊട്ടറിയുക.
കുട്ടികള്‍ ആവശ്യപ്പെടുന്നത് എന്തും വാങ്ങിക്കൊടുത്ത് സ്‌നേഹം പ്രകടിപ്പിച്ചാല്‍ അതു പിന്നീട് അവരില്‍ നിങ്ങള്‍ തന്നെ കുത്തിനിറയ്ക്കുന്ന വാശിയായി മാറും. സ്വയം പര്യാപ്തത കുട്ടികള്‍ കൈവരിക്കേണ്ടതുണ്ട്. അതിന് ആവശ്യമായ സഹചര്യങ്ങള്‍ കുട്ടികള്‍ക്ക് ഒരുക്കുകയാണ് വേണ്ടത്. കുട്ടികളെ സെലിബ്രറ്റികള്‍ ആക്കി മാറ്റരുത്. അര്‍ഹതപ്പെട്ട അംഗീകാരങ്ങള്‍ തേടി വരും.
രക്ഷിതാക്കളുടെ കഴിവുകള്‍ കുട്ടിയുടെ കഴിവുകളായി സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചാല്‍ നഷ്ടപ്പെടുന്നത് സ്വന്തം കുഞ്ഞിന്റെ ഭാവിയാകും. ഭാവിയില്‍ മറ്റുള്ളവരുടെ പരിഹാസത്തിന് പാത്രമാവാനേ അതുപകരിക്കൂ. കുട്ടികളുടെ കഴിവുകള്‍ എന്തെല്ലാമെന്ന് പഠനപ്രവര്‍ത്തന സമയങ്ങളില്‍ അവര്‍ പ്രകടിപ്പിച്ചിരിക്കും. അധ്യാപകര്‍ അതു തിരിച്ചറിയുകയും ചെയ്യും. അച്ചടക്കവും ചിട്ടയായ പഠനരീതിയും കുട്ടികളില്‍ രക്ഷിതാക്കള്‍ വളര്‍ത്തിയെടുക്കണം. അലസത കുട്ടികളില്‍ പഠനപിന്നോക്കാവസ്ഥയ്ക്ക് കാരണമാകും. രക്ഷിതാക്കളുടെ അകമഴിഞ്ഞ സഹായവും സഹകരണും ഉണ്ടങ്കില്‍ മാത്രമേ പഠനം അതിന്റെ അര്‍ഥത്തില്‍ നടക്കുകയുള്ളു.രക്ഷിതാക്കള്‍ സ്‌ക്കൂളുമായുള്ള ബന്ധം നിലനിര്‍ത്തുകയും പി.ടി.എ മീറ്റിംഗില്‍ സാന്നിധ്യം ഉറപ്പുവരുത്തുകയും ചെയ്യണം. പഠിപ്പിക്കുന്ന അധ്യാപകരുമായി നിരന്തരം ആശയവിനിമയം നിര്‍ബന്ധമായും നടത്തണം.
പൊതുവിദ്യാലയങ്ങളിലെ ഒരോ കണ്ണിയിലേക്കുമാണ് ഒരോ കുട്ടിയും എത്തിച്ചേരുന്നത് എന്നത് നിസാരവസ്തുതയായി കാണരുത്. 100 ശതമാനം എന്ന വിഷനൊടൊപ്പം കുട്ടികളുടെ സ്വപ്നങ്ങള്‍ക്കും സഞ്ചരിക്കാന്‍ സാധിക്കണം.
ഓരോ ക്ലാസിലെയും പാഠ്യപദ്ധതിയെ പറ്റിയും ഒരോ വിഷയത്തിലെ ഓരോ പാഠത്തിലും കുട്ടികള്‍ നേടേണ്ട ശേഷികളെ പറ്റിയും പ്രത്യേകം അറിവ് വേണം.
അധ്യാപകസഹായിയിലെയും ടെക്സ്റ്റ്ബുക്കിലെയും പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വളരെ വൃത്തിയായി തന്നെ അധ്യാപകര്‍ക്ക് നല്‍കാന്‍ സാധിക്കുമെങ്കിലും അധികവിവരങ്ങള്‍ക്ക് സഹായകമായ നിര്‍ദ്ദേശങ്ങളും മാര്‍ഗങ്ങളും കുട്ടികള്‍ക്ക് ചൂണ്ടിക്കാട്ടുക.
കുട്ടികളുടെ ചിന്താപ്രക്രിയക്ക് ഒരിക്കലും തടസം നില്‍ക്കരുത്.
അവരുടെ സര്‍ഗാത്മക ശേഷി വികസിപ്പിക്കുന്നതാകണം പ്രവര്‍ത്തനങ്ങള്‍.
കുട്ടികളുടെ കലാവാസനകള്‍ പുറത്തുകൊണ്ടുവരുന്ന ഒരു തുറന്ന പുസ്തകമായിരിക്കണം ക്ലാസ് മുറികള്‍. കുട്ടികളുടെ കഴിവുകളെ തളര്‍ത്തരുത്. വളരാനുള്ള അവസരം ഒരുക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."