വ്യാജ തൊഴില്‍പരിചയ സര്‍ട്ടിഫിക്കറ്റ്: മലയാളി നഴ്‌സുമാരുടെ മോചനം വൈകുന്നതായി പരാതി
ജിദ്ദ: ഏജന്റുമാര്‍ നല്‍കിയ വ്യാജ തൊഴില്‍പരിചയ സര്‍ട്ടിഫിക്കറ്റുമായി ജോലി നേടിയ കോട്ടയം ജില്ലക്കാരായ മൂന്നു നഴ്‌സുമാര്‍ ജിദ്ദയിലെ ജയിലില്‍. പുതുപ്പള്ളി, കറുകച്ചാല്‍, വാഴൂര്‍ സ്വദേശിനികളാണ് ഏജന്റുമാരുടെ തട്ടിപ്പില്‍ പെട്ട് മൂന്നുമാസത്തോളമായി സഊദിയിലെ തായിഫ് ജയിലില്‍ കഴിയുന്നത്.
വീട്ടുകാരില്‍ പലരും ഇവര്‍ ജയിലിലാണെന്ന വിവരം ഇനിയും അറിഞ്ഞിട്ടില്ല. സഊദി ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ജോലിക്കായി നാട്ടില്‍ നിന്ന് സ്വകാര്യ ട്രാവല്‍ ഏജന്റുമാരാണു മൂന്നു പേര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ജോലിക്കു കയറിയശേഷം സഊദി കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യല്‍റ്റിയില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോഴാണ് ഇതു വ്യാജമാണെന്നു കണ്ടെത്തിയത്.
മൂന്നു മാസമായിട്ടും ഇവരുടെ മോചനത്തിന് നടപടിയായില്ല. സഊദി പൊതുമാപ്പ് ആനുകൂല്യം മുതലാക്കി നാട്ടിലേക്കു തിരികെപ്പോരാന്‍ ശ്രമിച്ചെങ്കിലും കേസുള്ളതിനാല്‍ സാധിച്ചിട്ടില്ല. നഴ്‌സുമാരുടെ മോചനത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും ഇതുവരെ നടപടികള്‍ എങ്ങുമെത്തിയില്ലെന്നാണു നാട്ടിലെ ബന്ധുക്കളുടെ പരാതി.
സമാന കേസില്‍ ഒരു മാസത്തോളം തടവില്‍ കഴിഞ്ഞശേഷം ചില മലയാളി നഴ്‌സുമാര്‍ പുറത്തിറങ്ങിയിരുന്നു. എന്നിട്ടും കോട്ടയം സ്വദേശിനികളുടെ മോചനം വൈകുകയാണ്. രണ്ടു വര്‍ഷം മുന്‍പാണ് ഇവര്‍ സഊദിയിലേക്കു പോയത്.
അതിനിടെ സഊദിയില്‍ ആരോഗ്യ രംഗത്ത് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന ഒരിടവേളക്ക് ശേഷം മന്ത്രാലയം ശക്തമാക്കി. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി ഡാറ്റ ഫ്‌ളോ ചെയ്യുമ്പോഴാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിക്കപ്പെടുന്നത്. സഊദി അറേബ്യയില്‍ ആരോഗ്യ രംഗത്ത് പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ശക്തമായ പരിശോധനയാണ് നടന്നു വരുന്നത്.
20 ഉം 30 ഉം കൊല്ലം മുന്‍പ് ഇവിടെയെത്തിയ പലരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജിനല്‍ ആണെങ്കിലും ഇവര്‍ പഠിച്ചിറങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് നിലനില്‍ക്കുന്നില്ല എന്നതിനാല്‍ ഡാറ്റ ഫ്‌ളോ ചെയ്യുന്നതോടെ സര്‍ട്ടിഫിക്കറ്റുകളുടെ നിജ സ്ഥിതി തെളിയിക്കാന്‍ കഴിയുന്നില്ല. ഇതോടെ ഇത്തരക്കാരെ അയോഗ്യരാക്കുകയാണ് സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് ചെയ്യുന്നത്. ജവാസാത്തുമായി ചേര്‍ന്ന് സിസ്റ്റം ബ്ലോക്ക് ചെയ്യുകയും ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്തുകയുമാണ് ചെയ്യുന്നത്. കൂടാതെ പലരും സര്‍ട്ടിഫിക്കറ്റുകള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് വ്യാജ അറ്റസ്റ്റേഷനുകള്‍ ചെയ്തത് കാരണവും പിടിയിലാകുന്നുണ്ട്. ഇത്തരം കേസുകളില്‍ കുടുങ്ങുന്നതില്‍ ഏറെയും ഇന്ത്യക്കാരാണെന്നും ഇക്കാര്യത്തില്‍ ശക്തമായ ബോധവല്‍ക്കരണം അനിവാര്യമാണെന്നും സാമൂഹ്യ പ്രവര്‍ത്തകരും വിദഗ്ദരും അഭിപ്രായപ്പെടുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."