കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമെന്ന് ഇന്ത്യ
ഹേഗ്:കുല്‍ഭൂഷന്‍ ജാദവിന് വധശിക്ഷ വിധിച്ച പാകിസ്താന്റെ നടപടി വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യ. അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് ഇന്ത്യയ്ക്കു വേണ്ടി ഹാജരായത.
വിയന്ന കരാറിലെ 36ാം ചട്ടത്തിന്റെ ലംഘനമാണ് പാകിസ്താന്‍ നടത്തിയിരിക്കുന്നതെന്നും വധശിക്ഷ റദ്ദാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
യാദവിന് നിയമസഹായം ലഭ്യമാക്കണമെന്ന് ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പാകിസ്താന്‍ അത് നിരസിക്കുകയായിരുന്നു. യാദവിന്റെ അറസ്റ്റ് നടന്ന വിവരം പാകിസ്താന്‍ ഇന്ത്യയെ അറിയിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെ മാത്രമാണ് ഇക്കാര്യം രാജ്യം അറിഞ്ഞതെന്നും ഹരീഷ് സാല്‍വെ ചൂണ്ടിക്കാട്ടി.
പതിനൊന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ഇന്ന് വൈകീട്ടോടെ തന്നെ അന്തിമ ഉത്തരവ് ഉണ്ടാകുമെന്നാണ് കരുതുന്നത്.
പാക് സൈനിക കോടതിയുടെ വിധിക്കെതിരെ ഇന്ത്യ സമര്‍പ്പിച്ച അപ്പീലിലാണ് വാദം നടക്കുന്നത്. വിധി സ്റ്റേ ചെയ്യണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് കോടതി വാദം കേള്‍ക്കാമെന്ന് അറിയിച്ചത്. ഇന്ത്യന്‍ ചാരനെന്നാരോപിച്ച് കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച പാക് കോടതിവിധി മെയ് 9ന് അന്താരാഷ്ട്ര നീതിന്യായ കോടതി മരവിപ്പിച്ചിരുന്നു. 15 തവണ ശ്രമിച്ചിട്ടും യാദവിനെ നയതന്ത്ര പ്രതിനിധികളെ കാണാന്‍ പോലും പാകിസ്താന്‍ അനുവദിച്ചില്ലെന്ന് ഇന്ത്യ കോടതിയെ അറിയിച്ചു.
കുല്‍ഭൂഷണിന്റെ വധശിക്ഷ സ്റ്റേ ചെയ്ത അന്താരാഷ്ട്ര നീതി ന്യായകോടതി വിധി നയതന്ത്ര തലത്തില്‍ ഇന്ത്യ നടത്തിയ ഇടപെടലിന്റെ വിജയമാണ്. വധശിക്ഷ താല്‍ക്കാലികമായി റദ്ദ് ചെയ്ത ഉത്തരവ് ഹേഗിലെ അന്താരാഷ്ട്രകോടതി പാകിസ്താന് കൈമാറിയിട്ടുണ്ട്.
കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് പാകിസ്താനുമായുള്ള എല്ലാ ഉഭയകക്ഷി ചര്‍ച്ചകളും ഇന്ത്യ മരവിപ്പിച്ചിരുന്നു. കുല്‍ഭൂഷണിന് നീതി കിട്ടും വരെ പാകിസ്താനുമായുള്ള എല്ലാ ചര്‍ച്ചകളും നിര്‍ത്തിവെയ്ക്കുകയാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."