ദുബൈ വാഹനാപകടം: മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടി; വി മുരളീധരന്‍
തിരുവനന്തപുരം: ദുബൈയിലെ ബസ് അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചുവരുന്നതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. അപകടത്തില്‍ പരിക്ക് പറ്റിയവരുടെ ചികിത്സാ നടപടികള്‍ തുടരുകയാണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പരുക്ക് പറ്റിയവരുടെ വിവരങ്ങള്‍ അറിയുന്നതിനായി ദുബൈയില്‍ കണ്‍ട്രോള്‍ റൂം തുറന്നതായും മന്ത്രി പറഞ്ഞു.
കേരളത്തില്‍ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനുമായി ചര്‍ച്ച നടത്തിയെന്നും മുരളീധരന്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും, കേന്ദ്ര ആരോഗ്യവകുപ്പ് സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്സവകാലഘട്ടങ്ങളിലെ വിമാനക്കൂലി വര്‍ധനവിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും വി മുരളീധരന്‍ പറഞ്ഞു. വിദേശത്തുനിന്നും മൃതദേഹം നാട്ടിലെത്തിക്കാന്‍ നിലവില്‍ തൂക്കം നോക്കി വില നിശ്ചയിക്കുന്ന രീതിയില്‍ മാറ്റം വരുത്തുന്ന കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഇരുകാര്യങ്ങളിലും പരിഹാരം കണ്ടെത്തുന്നതിനായി അടിയന്തരയോഗം വിളിച്ചുചേര്‍ക്കുമെന്ന് വ്യോമയാന മന്ത്രി ഉറപ്പു നല്‍കിയതായും വി. മുരളീധരന്‍ പറഞ്ഞു.
കേന്ദ്രസഹമന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തിയ വി മുരളീധരന് തിരുവനന്തപുരത്ത് ബിജെപി നേതാക്കളും പ്രവര്‍ത്തകരും വന്‍വരവേല്‍പാണ് നല്‍കിയത്. വിമാനത്താവളത്തില്‍ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള, ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ വി മുരളീധരനെ സ്വീകരിച്ചു. രാത്രിയോടെ വി. മുരളീധരന്‍ ദില്ലിക്ക് മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."