നിളയോരത്ത് വിരുന്നെത്തി, ദേശാടനക്കിളികള്‍
പൊന്നാനി: നിളയോരങ്ങളിലും കോള്‍പാടങ്ങളിലും ദേശാടനക്കിളികള്‍ യഥേഷ്ടം വിരുന്നെത്തിത്തുടങ്ങി. ദേശാടനക്കാലമായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പക്ഷികളാണ് നിളാ തടത്തിലേക്കെത്തുന്നത്. സെപ്റ്റംബറോടെയാണ് കേരളത്തിലേക്ക് ദേശാടനക്കിളികള്‍ വിരുന്നെത്തിത്തുടങ്ങുക.യൂറോപ്പിലെ മഞ്ഞുപ്രദേശങ്ങളില്‍നിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് പക്ഷികള്‍ ദേശാടനത്തിനെത്തുന്നുണ്ട്.
യൂറോപ്പില്‍നിന്നെത്തുന്ന പുള്ളിക്കാടക്കൊക്ക് (വുഡ് സാന്‍ഡ്‌പൈപ്പര്‍), തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന വര്‍ണക്കൊക്ക് (പെയിന്റഡ് സ്റ്റോര്‍ക്ക്) എന്നീ പക്ഷികള്‍ ഓഗസ്റ്റ് മാസത്തില്‍ത്തന്നെ എത്തിച്ചേര്‍ന്നിരുന്നു.
യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലും ഏഷ്യയുടെ ഇതരഭാഗത്തും പ്രജനനം നടത്തുന്ന പുള്ളി കാടക്കൊക്ക് പ്രജനന കാലമായ ജൂണ്‍, ജൂലൈ മാസങ്ങള്‍ക്കുശേഷം ഏഷ്യയുടെ തെക്കന്‍ഭാഗത്തേക്കും ഓസ്‌ട്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളിലേക്കും പസഫിക് സമുദ്രത്തിലെ വിവിധ ദ്വീപുകളിലേക്കും സഞ്ചരിക്കും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദേശാടനപ്പക്ഷികള്‍ എത്തുന്ന തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ കോള്‍നിലങ്ങളില്‍നിന്ന് ഭാരതപ്പുഴയുടെ സമീപമുള്ള ചതുപ്പുനിലങ്ങളില്‍ വിദേശത്തുനിന്നുള്ള പലയിനം ദേശാടനപ്പക്ഷികളാണ് ഓരോവര്‍ഷവും എത്തുന്നത്.
ചെളിയില്‍ ഇരതേടുന്ന കാടക്കൊക്കുകളുള്‍പ്പെടെയുള്ള വേഡേഴ്‌സ് വിഭാഗം, താറാവിനത്തില്‍പ്പെട്ട എരണ്ടകള്‍, പരുന്ത് വര്‍ഗങ്ങള്‍ തുടങ്ങിയവയുള്‍പ്പെട്ട ദേശാടനപ്പക്ഷികളെ ഭാരതപ്പുഴയോരത്ത് പക്ഷിനിരീക്ഷകനായ കൂറ്റനാട് സ്വദേശി ഷിനോ ജേക്കബ് നടത്തിയ നിരീക്ഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.അതില്‍ ഏറ്റവുംപുതിയ കണ്ടെത്തല്‍ സൈബീരിയന്‍ മാര്‍ഷ് സാന്‍ഡ്‌പൈപ്പര്‍ (ചതുപ്പന്‍) എന്ന പക്ഷിയാണ്.
കൂടാതെ വാലന്‍ എരണ്ട (നോര്‍ത്തേണ്‍ പിന്‍ടെയ്ല്‍), വരി എരണ്ട (ഗാര്‍ഗനി), പട്ടക്കണ്ണന്‍ എരണ്ട (കോമണ്‍ ടീല്‍),ചുണ്ടാന്‍കാടകള്‍ (സ്‌നൈപ്പ്), പൊന്‍മണല്‍ക്കോഴി (പസഫിക് ഗോള്‍ഡന്‍ പ്ലോവര്‍), ചോരക്കാലി (റെഡ് ഷാങ്ക്), കരിതപ്പി (യൂറേഷ്യന്‍ മാര്‍ഷ്‌നാരിയര്‍) തുടങ്ങിയവ വിദേശത്ത് നിന്നുള്ളവ നിളയോരത്ത് എത്തുന്നുണ്ട്.ഇതിനുപുറമേ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുള്ള വര്‍ണക്കൊക്ക് (പെയിന്റഡ് സ്റ്റൂക്ക്), മുഴയന്‍ താറാവ് (കോമ്പ് കൊക്ക്), കരിന്തലയന്‍ മീന്‍ കൊത്തി (ബ്ലാക്ക് കാപ്ഡ് കിങ്ഫിഷര്‍) എന്നീ പക്ഷികളുമുണ്ട്.ഇതില്‍ വര്‍ണക്കൊക്ക് വളരെയേറെ ഭംഗിയുള്ളതും വലിപ്പമുള്ളതുമാണ്.
ഇത്തവണ കണ്ട സംഘത്തില്‍ ഒരു കുഞ്ഞുകൂടിയുണ്ടായിരുന്നു എന്നതിനാല്‍ പ്രദേശത്ത് ഇവ പ്രജനനം നടത്തുന്നുണ്ടോയെന്ന അന്വേഷണത്തിലാണ് പക്ഷിനിരീക്ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."