പൊലിസുകാരുടെ ജീവിതം ചോര്‍ന്നൊലിക്കുന്ന ഷീറ്റുകള്‍ക്കു താഴെ
പേരൂര്‍ക്കട: മാനം കറുത്താല്‍, മഴയൊന്നു ശക്തിപ്പെട്ടാല്‍ തമ്പാനൂര്‍ സ്റ്റേഷനിലെ പൊലിസുകാര്‍ കുഴഞ്ഞതുതന്നെ. ചോര്‍ന്നൊലിക്കുന്ന ഷീറ്റുകള്‍ക്കുതാഴെയാണ് അവരുടെ ഔദ്യോഗിക വൃത്തി. മഴ ശക്തമായാല്‍ തമ്പാനൂര്‍ സ്റ്റേഷന്‍ മൊത്തത്തില്‍ വെള്ളക്കെട്ടായി മാറും. തകരഷീറ്റുകൊണ്ട് മേല്‍ക്കൂര കെട്ടിയിരിക്കുന്ന സ്റ്റേഷന്‍ ഇരിക്കുന്നത് റെയില്‍വേയുടെവക സ്ഥലത്താണ്.
റോഡ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍നിന്ന് ഉയര്‍ന്നു കിടക്കുന്നതിനാല്‍ മഴവെള്ളം ഒലിച്ചിറങ്ങുന്നത് സ്റ്റേഷന്‍ കോമ്പൗണ്ടിലേക്കാണ്. ജി.ഡി ചാര്‍ജ്ജും എസ്.ഐയും സി.ഐയും ഇരിക്കുന്ന ഭാഗം ഒഴികെ ക്രൈം വിംഗ്, വനിതാ പോലീസ് എന്നിവര്‍ ജോലി കൈകാര്യം ചെയ്യുന്ന ഭാഗമെല്ലാം മഴയത്ത് നനഞ്ഞു കുതിരും.
ഫയലുകള്‍ ഇതുമൂലം നശിക്കുന്നുമുണ്ട്. ഷീറ്റുകള്‍ക്കിടയിലൂടെ മഴവെള്ളം കടക്കുന്നതിനാല്‍ മഴ സമയത്ത് പരാതിയുമായി എത്തുന്ന പൊതുജനങ്ങള്‍ക്ക് ഒന്നു കയറിനില്‍ക്കാനും കഴിയുകയില്ല. വര്‍ഷങ്ങളായി സ്റ്റേഷന്റെ പ്രശ്‌നം തുടങ്ങിയിട്ട്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് തിരുവനന്തപുരം ന്യൂ തിയേറ്ററിനു സമീപത്ത് പുതിയ സ്റ്റേഷനുവേണ്ടി സ്ഥലമെടുത്തിട്ടത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാതാരു പുരോഗതിയും ഉണ്ടായില്ല. പുതിയ സ്റ്റേഷന്‍ നിര്‍മ്മാണം ഉടന്‍ ഉണ്ടായില്ലെങ്കില്‍ സ്റ്റേഷനിലെ പോലീസുകാരുടെ അവസ്ഥ ദുരിതപൂര്‍ണ്ണമാകും. 30 വര്‍ഷത്തിലേറെ പഴക്കമുണ്ട് നിലവില്‍ തമ്പാനൂര്‍ പോലീസ് സ്റ്റേഷന്.
റെയില്‍വേ ഭൂമിയില്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളൊന്നും ഇവിടെ നടത്താനും കഴിയില്ല. വരുന്ന മഴക്കാലത്തും തങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണംതന്നെ എന്ന് അറിയാമെങ്കിലും എത്രയും വേഗം പുതിയ സ്റ്റേഷന്‍ നിര്‍മ്മാണം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്റ്റേഷനിലെ പൊലിസുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."