ബാലഭാസ്കറിന്റെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു: ഡ്രൈവര്‍ അര്ജുന് കേരളം വിട്ടു
തിരുവനന്തപുരം: വയലിനിസറ്റ് ബാലഭാസ്കറിന്റെ മരണം കൊലപാതകമാണെന്ന സംശയം ശക്തമായി. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. അതിനിടെ ബാലഭാസ്കറിന്റെ വാഹനമോടിച്ച അര്ജുന് അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും അറിയിക്കാതെ കേരളം വിട്ടു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ശാരീരിക അവശതകളുള്ള അര്ജുന് അസമിലാണിപ്പോള്‍ എന്നാണ് മാതാപിതാക്കള്‍ മൊഴി നല്‍കിയിരിക്കുന്നത്. കേസന്വേഷണം വഴിത്തിരിവിലെത്തിയ സാഹചര്യത്തില്‍ അര്ജുന് കേരളം വിട്ടതില്‍ ദുരൂഹതയുണ്ടെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. ബാലഭാസ്കറിന്റെ മരണത്തില്‍ തുടക്കം മുതലുള്ള സംശയത്തിന്റെ പ്രധാനകാരണം വാഹനം ഓടിച്ചത് ആരാണെന്നതാണ്. തൃശൂര്‍ സ്വദേശി അര്‍ജുനെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും ഏതാനും സാക്ഷികളും മൊഴി നല്‍കിയെങ്കിലും ബാലഭാസ്കറാണെന്നായിരുന്നു അര്‍ജുന്റെ മൊഴി.
ഇത് കളവാണെന്ന നിഗമനത്തില്‍ ഇയാളെ വീണ്ടും ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് സംഘം തൃശൂരിലെത്തിയതോടെയാണ് അര്ജുന് അസമിലാണെന്ന വിവരം ലഭിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റയാള്‍ ദൂരയാത്രക്ക് പോയതില്‍ ദുരൂഹതയെന്നാണ് വിലയിരുത്തല്‍. ഇതിനൊപ്പം അപകടത്തിനിടയാക്കിയത് അമിതവേഗത്തില്‍ അശ്രദ്ധമായുള്ള ഡ്രൈവിങ്ങാണെന്ന തെളിവും ഡിവൈ.എസ്.പി കെ.ഹരികൃഷ്ണന്റെ നേതൃത്വത്തിലെ സംഘം കണ്ടെടുത്തു. രാത്രി 1.08ന് ചാലക്കുടി പിന്നിട്ട സംഘം 230 കിലോമീറ്റര്‍ കടന്ന് കഴക്കൂട്ടം പള്ളിപ്പുറത്തെത്തിയത് വെറും രണ്ട് മണിക്കൂര്‍ 40 മിനിറ്റ് കൊണ്ടാണ്. അമിതവേഗത്തിന് ചാലക്കുടിയിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ നിരീക്ഷണ കാമറയില്‍ വാഹനം കുടുങ്ങിയിട്ടുണ്ട്. തൃശൂരില്‍ നിന്ന് യാത്ര പുറപ്പെടുമ്പോള്‍ അര്‍ജുനായിരുന്നു ഡ്രൈവറെന്ന് അന്വേഷണ സംഘത്തിന് സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തിന് അടുത്ത് വച്ച് വാഹനം അപകടത്തില്‍ പെടുമ്പോള്‍ മുന്‍സീറ്റിലിരുന്നയാളുടെ കാല് കുടുങ്ങിക്കിടക്കുകയായിരുന്നെന്നും രക്ഷിക്കാന്‍ അയാള്‍ നിലവിളിക്കുകയായിരുന്നെന്നുമാണ് സാക്ഷിമൊഴികള്‍. കുഞ്ഞ് മുന്നില്‍ ബ്രേക്കിന്റെ തൊട്ടടുത്ത് കുരുങ്ങിക്കിടക്കുകയായിരുന്നു. ലക്ഷ്മി മുന്‍സീറ്റിലായിരുന്നു. പിന്‍സീറ്റിലിരുന്നയാള്‍ മുന്നോട്ട് തെറിച്ച് പരുക്കേറ്റ് ബോധമില്ലാതെ കിടക്കുകയായിരുന്നു. എന്നാല്‍ ആരാണ് വാഹനമോടിച്ചതെന്നതില്‍ ഇപ്പോഴും പൊലിസിന് കൃത്യമായ തെളിവുകളില്ല. അര്ജുന് തന്നെയാണ് വാഹനമോടിച്ചതെന്നാണ് ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിരിക്കുന്നത്. അര്ജുന് ആദ്യം മൊഴി നല്‍കിയത് ബാലഭാസ്കറാണെന്നായിരുന്നു.
കൂടാതെ ബാലഭാസ്കര്‍ അടുപ്പം പുലര്‍ത്തിയിരുന്ന പാലക്കാട്ടെ പൂന്തോട്ടം കുടുംബത്തിന് സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ പ്രകാശന് തമ്പിയടക്കമുള്ളവരുമായും ലക്ഷങ്ങളുടെ ഇടപാടുണ്ടായിരുന്നു. ഇവരുടെ മകന് ജിഷ്ണുവും നാട്ടിലില്ല. ഹിമാലയത്തില്‍ പോയെന്നാണ് ലഭിക്കുന്ന വിവരം. അര്‍ജുനും ജിഷ്ണവും ഒരുമിച്ചാണോയെന്നും അന്വേഷിക്കുന്നുണ്ട്.
അതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ ബാലഭാസ്കറിന്റെ സുഹൃത്തുക്കള്‍ പ്രതികളായതോടെ ഗായകന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ഇതിനായി ബാങ്കുകളില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."