കുടിവെള്ള പദ്ധതികള്‍ നിരവധി; കുടിക്കാന്‍ വെള്ളമില്ല
വിഴിഞ്ഞം: ലക്ഷങ്ങളും കോടികളും മുടക്കിയ കുടിവെള്ളപദ്ധതികള്‍ നിരവധി. എന്നാല്‍ വിഴിഞ്ഞം ഉള്‍പ്പെടെ തീരദേശത്തുകാര്‍ക്ക് കുടിക്കാന്‍ വെള്ളമില്ല. തലസ്ഥാന നഗരിക്കാര്‍ക്ക് യുദ്ധകാലടിസ്ഥാനത്തില്‍ കുടിവെള്ളമെത്തിച്ച് അഭിമാനം കൊണ്ട അധികൃതര്‍ ആഴ്ചകളായിവെള്ളത്തിന് വേണ്ടി അലയുന്ന തീരദേശ വാസികളെ കണ്ടില്ലെന്ന് നടിക്കുന്നു.
കിണറുകള്‍ ഇല്ലാതെ വാട്ടര്‍ സപ്ലൈ വിഭാഗത്തെമാത്രം ആശ്രയിച്ച് കഴിയുന്ന ഇവിടുത്തെജനങ്ങളെ വട്ടം കറക്കുകയാണ് അധികൃതര്‍.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിനാവശ്യമായ വൈദ്യുതി എത്തിക്കാന്‍ കാട്ടാക്കടയില്‍ നിന്നുള്ള 220 കെ.വി ലൈനിന്റെ പണി നടക്കുന്നതിനാല്‍ ഈ മാസം അഞ്ചു മുതല്‍ പകല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ഇത് മുതലെടുത്ത് തീരദേശ വാസികള്‍ക്ക് ജലമെത്തിച്ചിരുന്ന അടിമലത്തുറയില്‍ നിന്നുള്ള പമ്പിംഗ് വരെ നിര്‍ത്തിവച്ചാണ് ജല അതോരിറ്റിഅധികൃതര്‍ ജനത്തെ വെല്ലുവിളിച്ചത്.അടിമലത്തുറയില്‍ നിന്ന് മുക്കോലയിലെ ടാങ്കില്‍ നിറച്ച് വിതരണം ചെയ്യുന്ന വെള്ളം കുടിക്കാന്‍ യോഗ്യമല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ഇരുമ്പ് ഉള്‍പ്പെടെ ധാതുലവണം കൂടിയ വെള്ളം മറ്റ് പോംവഴിയില്ലാതെ ഉപയോഗിക്കുന്ന വിഴിഞ്ഞത്തുകാര്‍ക്ക് ഇപ്പോള്‍ അതും ഇല്ലാതായി.ഡങ്കിപ്പനിയും മലേറിയയും ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത മേഖലയാണ് തീരദേശം. സ്വകാര്യ വ്യക്തികള്‍ ടാങ്കറില്‍ കൊണ്ടുവരുന്ന കുടിവെള്ളം കുടം ഒന്നിന് പത്ത് രൂപ നല്‍കി വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് ഇവിടത്തുകാര്‍ക്കുണ്ട്. സുരക്ഷിതത്വമില്ലാതെ വെള്ളം ശേഖരിച്ച് സൂക്ഷിക്കുന്നത് കൊതുകുകള്‍ വളരാനും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍കാരണമെന്ന് ആരോഗ്യ വകുപ്പുകാര്‍ പറയുന്നു.
ഇതിനൊരു ശാശ്വത പരിഹാരം ഇനിയുമായിട്ടില്ല.വെള്ളായണി കായലില്‍ നിന്ന് ജലമെത്തിച്ച് വിഴിഞ്ഞത്തുകാരെയും സമീപവാസികളെയും കുടിപ്പിക്കാമെന്ന് കരുതി വിഴിഞ്ഞം മുക്കോലയിലും കോവളം ആഴാകുളത്തിന് സമീപവും ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ കഴിയുന്ന കോടികള്‍ മുടക്കിയുള്ള ടാങ്കുകള്‍ നിര്‍മ്മിച്ചു.
പണികവും കഴിഞ്ഞ് പെയിന്റടിച്ച് ഭംഗിയുള്ള താക്കിയെങ്കിലും വെള്ളം മാത്രം എത്തിയില്ല. ഇവിടേ ക്കുള്ള പെപ്പിടലും പാതിവഴിയില്‍ കിടക്കുകയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് മുന്‍തൂക്കം നല്‍കുമെന്ന പേരില്‍ അദാനിക്കും കൂട്ടര്‍ക്കും കുടിവെള്ളം നല്‍കുമ്പോള്‍ ഈ പദ്ധതികള്‍ ഇവിടത്തെ പാവം ജനത്തെ മറക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
തുറമുഖ പാക്കേജ് വേണമെന്നാവശ്യപ്പെട്ട് ഒരാഴ്ച മുമ്പ് തെരുവിലിറങ്ങിയ ജനം നേതാക്കളുടെ മുന്നില്‍ മുറവിളി കൂട്ടിയതും കുടിവെള്ളം തരണമെന്നായിരുന്നു. ഉടന്‍ എത്തിക്കുമെന്ന പതിവ് പല്ലവിയില്‍ തന്നെ എല്ലാം ഒതുങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."