ചാകരയെത്തി: തീരത്ത് ആശ്വാസം
കോവളം: കാറും കോളും അടങ്ങി കന്നി വെയിലിന്റെ തെളിച്ചവും തിളക്കവുംപരന്ന വിഴിഞ്ഞം തീരത്ത് ചെറിയതോതിലുള്ള ചാകര എത്തിയത് മത്സ്യതൊഴിലാളികള്‍ക്ക് ആശ്വാസമായി. കടല്‍ക്ഷോഭവും കൊടുങ്കാറ്റും കാലാവസ്ഥ മുന്നറിയിപ്പും കാരണം വറുതിയുടെ പിടിയിലായിരുന്നവര്‍ കടല്‍ കനിഞ്ഞതോടെ വലിയ ആശ്വാസത്തിലാണ്.
ചാകരപോയിട്ട് അഷ്ടിക്ക് പോലും വക ലഭിക്കാതിരുന്ന നാളുകളായിരുന്നു അടുത്തിടവരെ വിഴിഞ്ഞം കടപ്പുറത്തിന് പറയാനുണ്ടായിരുന്നത്. ഇപ്പോള്‍ കഥ മാറി. കടലില്‍ പോകുന്നവര്‍ വള്ളം നിറയെ മീനുമായിട്ടാണ് തിരിച്ചെത്തുന്നത്. വലിയ ബോട്ടുകളില്ലാതെ ചെറിയ വള്ളങ്ങളില്‍ എഞ്ചിന്‍ വെച്ച് പോകുന്നവര്‍ക്കും നന്നായി മീന്‍ കിട്ടുന്നുണ്ട്.
വിഴിഞ്ഞം കടപ്പുറത്ത് ഇന്നലെ രാവിലെ അയല മീനിന്റെ ചാകരയായിരുന്നെങ്കില്‍ തൊട്ട് പിന്നാലെ വാളയും ഞണ്ടും കൊഴിയാളയും ധാരാളമായി എത്തിയതോടെ കോളടിച്ചത് കറിക്ക് മീന്‍ വാങ്ങാനെത്തിയവര്‍ക്കാണ്. വില്‍പനക്കാര്‍ സഞ്ചിയിലും ചാക്കിലുമൊക്കെ കുറഞ്ഞ വിലക്ക് മീന്‍ വാരിക്കോരി നല്‍കിയതോടെ ചില്ലറയ്ക്കു വാങ്ങാനെത്തിയവര്‍ ഒടുവില്‍ മീന്‍ ചുമന്നു പോകേണ്ട സ്ഥിതിയായി.
കടലമ്മയുടെ കനിവ് കരയിലുള്ളവര്‍ക്കും പങ്കുവെക്കാന്‍ മത്സ്യതൊഴിലാകള്‍ക്ക് ഒരുമടിയുമുണ്ടായില്ല. വലിയ ചാകരക്കോള് കാണിക്കാതെയാണെങ്കിലും വലയിലും വള്ളത്തിലും കുടങ്ങി കരക്കെത്തിയത് ടണ്‍കണക്കിന് മീനാണ്. ചെറുമീനുകളുടെ കൂട്ടത്തില്‍ വലിപ്പവും തൂക്കവുമുള്ള കട്ടക്കൊമ്പന്‍ മീനുകളും ഉണ്ടായിരുന്നു. കഴിഞ്ഞ കുറെ നാളുകളായി കണവയും വാളയും നൊത്തോലിയും കൊഞ്ചും ഉല്‍പ്പടെ ധാരാളമായി മത്സ്യം ലഭിച്ചിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."