വീണ്ടും ലോക്കപ്പ് മര്‍ദനം: യുവാവിന്റെ നട്ടെല്ലും തോളെല്ലും പൊട്ടി
കഴക്കൂട്ടം: കഴിഞ്ഞ ഒന്‍പതിന് രാത്രി എട്ടിന് കുളത്തൂര്‍ മണ്‍വിള കെല്‍ട്രോണ്‍ ജങ്ഷനില്‍നിന്ന് നാല് യുവാക്കളെ തുമ്പ ജനമൈത്രി സ്റ്റേഷന്‍ എസ്.ഐ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച് അവശരാക്കിയാതായി പരാതി. സംഭവത്തില്‍ ഒരു യുവാവിന്റെ നട്ടെല്ലും തോളെല്ലും എസ്.ഐയുടെ മര്‍ദനത്തില്‍ പൊട്ടിയതിനെ തുടര്‍ന്ന് യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മണ്‍വിള കിഴക്കുംകര വിളയില്‍ വീട്ടില്‍ സജികുമാര്‍ (36 ) നാണ് മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റത്. പൊലിസ് മര്‍ദനത്തില്‍ തന്റെ മകന് എഴുന്നേറ്റുനില്‍ക്കാനോ വലതു കൈ ഉയര്‍ത്താനോ കഴിയുന്നില്ലെന്ന് കാണിച്ച് സജികുമാറിന്റെ മാതാവാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. സജികുമാറും സുഹൃത്തുക്കളായ നസീര്‍, മഹേഷ്, ഗിരീഷ് എന്നിവരും സ്ഥിരമായി തങ്ങാറുള്ള മണ്‍വിള കെല്‍ട്രോണ്‍ ജങ്ഷനിലെ ലക്ഷ്മി സൗണ്ട്‌സ് എന്ന കടയ്ക്ക് സമീപം നില്‍ക്കുമ്പോള്‍ വി.എസ്.എസ്.സിയുടെ ജീപ്പില്‍ യൂനിഫോം ധരിക്കാതെ സിവില്‍ വേഷത്തില്‍ വന്ന എസ്.ഐ വണ്ടി നിര്‍ത്തി സജികുമാറിനെ അടുത്തേക്ക് വിളിക്കുകയും ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് ജീപ്പിനുള്ളിലേക്ക് തള്ളുകയും ചെയ്തു.
ഇതുകണ്ട് ഓടിയടുത്ത സുഹൃത്തുക്കളെ ചെകിടത്തടിച്ച് കൂടെയുണ്ടായിരുന്ന പൊലിസുകാരുടെ സഹായത്തോടെ പിടിച്ച് ജീപ്പില്‍ കയറ്റി കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തോട് ചേര്‍ന്നുള്ള കഴക്കൂട്ടം പൊലിസ് സ്റ്റേഷനിലെത്തിച്ചായിരുന്നു മര്‍ദനം. സജികുമാറിനെ മേശയില്‍ കമിഴ്ത്തി കിടത്തി വലതുകൈ പിന്നിലേക്ക് തിരിച്ച് മുതുകത്തും കഴുത്തിലും എസ്.ഐ കൈമുട്ടുകൊണ്ടു ഇടിച്ച ശേഷം തറയിലേക്ക് തള്ളിയിട്ട് ശരീരമാസകലം ബൂട്ടിട്ട് ചവിട്ടിയതായും പരാതിയില്‍ പറയുന്നു. കൂടാതെ ഒപ്പമുണ്ടായിരുന്ന മഹേഷിനെ തലകുനിച്ചുനിര്‍ത്തി മുട്ടുകൊണ്ട് മുതുകില്‍ ഇടിച്ച ശേഷം എസ്.ഐ മടങ്ങി. ശേഷം കഴക്കൂട്ടം സ്റ്റേഷനിലെ പൊലിസ് ഉദ്യോഗസ്ഥര്‍ മകനെയും സുഹൃത്തുക്കളെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ഇവര്‍ മദ്യപിച്ചിരുന്നതായി എഴുതിവാങ്ങുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് സ്റ്റേഷനിലെത്തിയ രണ്ട് പൊതുപ്രവര്‍ത്തകരുടെ ജാമ്യത്തില്‍ ഇവരെ നാലുപേരെയും വിട്ടയച്ചു. എണീറ്റുനില്‍ക്കാനോ കൈ ഉയര്‍ത്താനോ കഴിയാത്ത മകനെ അന്നുതന്നെ ഒരു ആയുര്‍വേദ വൈദ്യന്റെ ചികിത്സയില്‍ ആക്കിയെങ്കിലും ഭേദമാകാത്തതിനാല്‍ പന്ത്രണ്ടാം തീയതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടറുടെ പരിശോധനയില്‍ നട്ടെല്ലില്‍ പൊട്ടല്‍ ഉള്ളതായും വലത് കൈയുടെ ഭുജത്തില്‍ ഡിസ്‌ലോക്കേഷന്‍ ഉള്ളതായും കണ്ടെതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതായി പരാതിയില്‍ പറയുന്നു.
നാലുമാസം മുന്‍പ് വഴി സംബന്ധിച്ച് മറ്റൊരു വ്യക്തി എസ്.ഐക്ക് നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് എസ്.ഐ വീട്ടിലെത്തി ചീത്തവിളിക്കുന്നത് കേട്ടുകൊണ്ടുവന്ന മകന്‍, അന്നും സിവില്‍ ഡ്രെസിലായിരുന്ന എസ്.ഐയോട് ആളറിയാതെ കയര്‍ത്ത് സംസാരിക്കുകയും ഇതില്‍ ഷുഭിതനായ എസ്.ഐ 'നിന്നെ എന്റെ കൈയ്യില്‍ കിട്ടുമെന്ന് ഭീഷണിപ്പെടുത്തി മടങ്ങി. അതിന്റെ വൈരാഗ്യത്താല്‍ ചെയ്തിട്ടുള്ള മനുഷ്യത്വരഹിതമായ ഈ പ്രവര്‍ത്തിക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് മാതാവ് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുള്ളത്.
എന്നാല്‍ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും യുവാവിന്റെ മൊഴി ലഭിച്ച ശേഷം ഉചിതമായ നടപടി കൈക്കൊള്ളുമെന്നും കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ ആര്‍. അനില്‍കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."