രോഗം ബാധിച്ച തെങ്ങുകള്‍ മുറിച്ചുനീക്കാന്‍ 1000 രൂപ നല്‍കും: കൃഷിമന്ത്രി
വടകര: വടകര താലൂക്കിലടക്കം രോഗം ബാധിച്ചും മറ്റും നശിച്ചുപോയ തെങ്ങുകള്‍ മുറിച്ചുമാറ്റുന്നതിന് കര്‍ഷകന് ആയിരം രൂപവീതം നല്‍കുമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കൂമ്പ് ചീഞ്ഞും വരള്‍ച്ച കാരണവും വ്യാപകമായി തെങ്ങുകള്‍ നശിച്ച കാവിലുംപാറ, ചെക്യാട്, വളയം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാദാപുരം റസ്റ്റ്ഹൗസില്‍ നടത്തിയ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ തന്നെ മികച്ച വിത്തുതേങ്ങ സംഭരണ കേന്ദ്രമായ മേഖലയിലെ തെങ്ങുകൃഷിക്ക് ഏതാനും വര്‍ഷങ്ങളായി ഉണ്ടായികൊണ്ടിരിക്കുന്ന നാശം ഗൗരവത്തോടെയാണ് കാണുന്നത്. ഇതിന് ശാശ്വതപരിഹാരം കാണാന്‍ ശാസ്ത്രജ്ഞരടക്കമുള്ളവരുമായി ചര്‍ച്ചചെയ്ത് സമഗ്ര പദ്ധതി നടപ്പിലാക്കും.
മണ്ണിന്റെ ഘടനയില്‍വന്ന മാറ്റമാണ് പ്രശ്‌നത്തിനു കാരണമെന്ന വിലയിരുത്തലിന് വിദഗ്ദ സംഘം. മണ്ണ് പരിശോധിച്ച് പരിഹാര നടപടികള്‍ സ്വീകരിക്കും. നശിച്ചുപോയ തെങ്ങുകള്‍ക്കു പകരം മുന്തിയ ഇനം തെങ്ങുകള്‍ വച്ചുപിടിപ്പിക്കാന്‍ പഞ്ചായത്തുകളുടെ സഹകരണം തേടുമെന്നും മന്ത്രി പറഞ്ഞു.
തെങ്ങോലപുഴുവിന്റെ ശല്യം തടയാന്‍ രോഗബാധിത ഒലകള്‍ വെട്ടിമാറ്റിയശേഷം പ്രത്യേക ഇനം പ്രാണികളെ പ്രദേശങ്ങളില്‍ വിന്യസിക്കും. തെങ്ങു കൃഷിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ സമഗ്ര പദ്ധതി തയ്യാറാക്കാന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറെ ചുമതലപ്പെടുത്തി. ഉയര്‍ന്ന തരം വിത്തുതേങ്ങയുടെ ഉല്‍പാദനത്തിനായി നഴ്‌സറി സ്ഥാപിക്കാനും സര്‍ക്കാര്‍ തയ്യാറാണ്.
തെങ്ങു കര്‍ഷകരുടെ പ്രശ്‌നപരിഹാരത്തിനായി കേരഫെഡ്, നാളീകേര വികസന കോര്‍പറേഷന്‍ എന്നിവയെ ശക്തിപ്പെടുത്തും. മലബാറിന്റെ കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി എം.പിമാരുടെയും എം.എല്‍.എമാരുടെയും യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.
യോഗത്തില്‍ ഇ.കെ വിജയന്‍ എം.എല്‍.എ, കൃഷി പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമി, ഡയറക്ടര്‍ അശോക്കുമാര്‍ തെക്കന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, കാര്‍ഷിക സര്‍വകലാശാല ശാസ്ത്രജ്ഞര്‍, കൃഷി ഓഫിസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."