അനൂപിനെ ബിനാമിയാക്കി കമ്പനി തുടങ്ങി, കള്ളപ്പണം വെളുപ്പിച്ചു; ബിനീഷ് കൂടുതല്‍ കുരുക്കിലേക്ക്; ഇന്നും ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി കൂടുതല്‍ കുരുക്കിലേക്ക്. മയക്കുമരുന്ന് കേസില്‍ പിടിയിലായ മുഹമ്മദ് അനൂപിനെ ബിനാമിയാക്കി കമ്പനികള്‍ തുടങ്ങിയത് ബിനീഷ് കോടിയേരിയാണെന്ന് ഇഡി ഈ ബിസിനസ് മറയാക്കി കള്ളപണം വെളുപ്പിച്ചുവെന്നും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തി. കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകള്‍ ചേര്‍ത്താണ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ഇന്നും ചോദ്യം ചെയ്യുന്നുണ്ട്. എന്‍ഫോഴ്സ്മെന്റിന്റെ ബംഗളൂരുവിലെ ഓഫിസില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഏറെ നേരം ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. രാത്രി ഒന്‍പത് മണിയ്ക്കാണ് ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.
വിവിധ അകൗണ്ടുകളില്‍ നിന്നായി നിരവധി തവണ അനൂപിന്റെ അക്കാണ്ടിലേക്ക് പണമെത്തിയതായി ഇഡി കണ്ടെത്തി. ഈ അക്കൗണ്ടുകളില്‍ പലതും ഇപ്പോള്‍ നിര്‍ജീവമാണ്. അനൂപിന്റെ ഷെല്‍ കമ്പനികളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. 2015 ല്‍ തുടങ്ങിയ ബി കാപിറ്റലും, എവിജെ ഹോസ്പിറ്റാലിറ്റീസും എന്തിന് വേണ്ടിയാണ് തുടങ്ങിയതെന്ന് ഇഡി അന്വേഷിക്കും. കടലാസ് കമ്പനികള്‍ തുടങ്ങി, മയക്കുമരുന്ന് കച്ചവടത്തിന് മറയാക്കിയോ എന്ന് അന്വേഷിക്കും. ലഹരി മരുന്ന് ഇടപാട് നടത്താനുള്ള പണം എവിടെ നിന്ന് വന്നു, ബിനീഷിന് അതിലുള്ള പങ്ക് തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും എന്‍ഫോഴ്സ്മെന്റ് തിരക്കുന്നത്.
അനൂപ് മുഹമ്മദിന് ലഭിച്ച പണത്തില്‍ ഭൂരിഭാഗവും ബിനിഷുമായി ബന്ധമുള്ളവരാണ് നല്‍കിയതെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. പരപ്പന അഗ്രഹാര ജയിലില്‍ വച്ച് നടന്ന എന്‍ഫോഴ്സ്മെന്റ് ഡയരക്ട്രേറ്റ് ചോദ്യം ചെയ്യലില്‍ ഭൂരിഭാഗം പണവും ബിനീഷുമായി ബന്ധമുള്ളവരാണ് നല്‍കിയതെന്ന് അനൂപ് മുഹമ്മദ് പറഞ്ഞിരുന്നു.
സമീപത്തെ പൊലിസ് സ്റ്റേഷനിലാണ് ബിനീഷിനെ ഇന്നലെ പാര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."