കൊച്ചി നഗരസഭ: പുതിയ മേയറെ കണ്ടെത്താന്‍ കമ്മിറ്റി രൂപീകരിച്ചു
ച്ചി: പുതിയ മേയറെയും ഡെപ്യൂട്ടി മേയറെയും കണ്ടെത്താന്‍ കമ്മിറ്റി രൂപീകരിച്ചു. ബെന്നി ബഹനാന്‍, മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി എന്നിവരുടെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശ പ്രകാരമാണ് അടിയന്തിര സ്ഥാനമാറ്റത്തിനായി കമ്മിറ്റി രൂപീകരിച്ചത്. എത്രയും വേഗം മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കും പകരക്കാരെ കണ്ടെത്താനാണ് നിര്‍ദേശം.
പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍ സംബന്ധിച്ചുള്ള ആരോപണങ്ങള്‍ കെട്ടടങ്ങുന്നതിനു മുമ്പാണ് തിടുക്കപ്പെട്ടുള്ള സ്ഥാനമാറ്റം.
മേയര്‍ സൗമിനി ജെയിന്‍, ഡെപ്യൂട്ടി മേയര്‍ ടി.ജെ വിനോദ്, സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയ സ്ഥാനങ്ങളിലാണ് മാറ്റം. നേരത്തെ രണ്ടര വര്‍ഷത്തെ പങ്ക് വ്യവസ്ഥയിലാണ് ഇരുവരും അധികാരത്തിലെത്തിയത്. 2015 ഡിസംബര്‍ അഞ്ചിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന യു.ഡി.എഫ് പാര്‍ലമന്ററി പാര്‍ട്ടി യോഗത്തിലാണ് ഇത് സംബന്ധിച്ച കരാര്‍ ഒപ്പിട്ടത്. മെയ് 18ന് രണ്ടര വര്‍ഷം പൂര്‍ത്തിയായെങ്കിലും ഗ്രൂപ്പ് സമവാക്യം നിലനിര്‍ത്താന്‍ നേതൃമാറ്റം കോണ്‍ഗ്രസ് നീട്ടിവയ്ക്കുകയായിരുന്നു. ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ് ഡി.സി.സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ സ്ഥാനമാറ്റ ചര്‍ച്ചകള്‍ക്ക് ചൂടേറി. എന്നാല്‍ മേയര്‍ക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ തന്നെ ആരോപണം ഉയര്‍ന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ നേതൃമാറ്റത്തിന് തിടുക്കംകൂട്ടുന്നത്. പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മേയര്‍ പങ്കെടുത്തില്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിരുന്നു.
സ്ഥാനമാറ്റത്തിന് തിടുക്കപ്പെട്ട നടപടികള്‍ക്ക് ഒരുങ്ങുമ്പോഴും ഗ്രൂപ്പ് സമവാക്യങ്ങള്‍ പാലിച്ചുകൊണ്ടുള്ള സ്ഥാനമാറ്റത്തിനാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നത്. ഈ സാഹചര്യത്തില്‍ എ ഗ്രൂപ്പ് അംഗമായ ഷൈനി മാത്യുവാണ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ മുന്‍ പന്തിയില്‍. ഐ ഗ്രൂപ്പുകാരായ അഡ്വ. വി.കെ മിനിമോള്‍, ഗ്രേസി ജോസഫ് എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്.
ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.ബി. സാബു, കെ.ആര്‍. പ്രേംകുമാര്‍, ടി.ഡി. മാര്‍ട്ടിന്‍ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയില്‍. നേരത്തേ മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ ഇടപെടലിനെ തുടര്‍ന്നാണ് സൗമിനി ജയിന്‍ മേയര്‍ സ്ഥാനത്തേക്കു വന്നത്. ഇത്തവണ അത്തരം ഇടപെടലിന് സാധ്യത ഇല്ലെന്നാണ് പൊതു വിലയിരുത്തല്‍.
അതേസമയം, സ്ഥാനമാറ്റ വിഷയത്തില്‍ എ ഗ്രൂപ്പില്‍ കലഹമുണ്ടെന്നാണ് വിവരം. സൗമിനി ജയിനെ മാറ്റേണ്ടതില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം എ ഗ്രൂപ്പുകാര്‍. എന്നാല്‍ സ്ഥാനമാറ്റം അനിവാര്യമാണെന്നാണ് മറുവിഭാഗത്തിന്റെ അഭിപ്രായം. ഡെപ്യൂട്ടി മേയര്‍ സ്ഥാനമാറ്റത്തിലും തര്‍ക്കമുണ്ടത്രേ. സാമുദായിക സന്തുലനം പാലിക്കേണ്ടതിനാല്‍ മേയര്‍ വിഷയത്തില്‍ ഒരു തീരുമാനമായ ശേഷം മതി ഡെപ്യൂട്ടി മേയര്‍ സ്ഥാനം മാറുന്നതെന്ന അഭിപ്രായമാണ് ഉയര്‍ന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."