അപകടങ്ങള്‍ക്ക് വഴിയൊരുക്കി 'കുട്ടി ഡ്രൈവിങ് '
കാക്കനാട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ഡ്രൈവിങ് മൂലം അപകടങ്ങള്‍ പെരുകുന്നു. ലൈസന്‍സ് എടുക്കാന്‍ പോലും പ്രായമാകും മുന്‍പേ കൗമാരക്കാര്‍ വാഹനങ്ങളില്‍ പറക്കുന്നത് ജില്ലയിയാ പതിവു കാഴ്ചയാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നതു മൂലം ഒരു ദിവസം ശരാശരി അഞ്ച് അപകടങ്ങളെങ്കിലും ഉണ്ടാകുന്നുണ്ടെന്നാണു മോട്ടോര്‍ വാഹനവകുപ്പിന്റെ കണക്ക്. ഇരുചക്ര വാഹനങ്ങളിലാണു കറക്കം കൂടുതലെങ്കിലും കാറുകളിലും ഡ്രൈവിങ് സീറ്റില്‍ കുട്ടികളെ കാണാം.
രക്ഷിതാക്കളുടെ അനുവാദത്തോടെയാണു കൊച്ചുകുട്ടികളുടെ ഈ ഡ്രൈവിങ് എന്നതു മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെയും ഞെട്ടിക്കുന്നു. കഴിഞ്ഞ ദിവസം ഇന്‍ഫോപാര്‍ക്കിന് സമീപം പോക്കറ്റ് റോഡില്‍നിന്നു മെയിന്‍ റോഡിലേക്കു പാഞ്ഞുവന്ന കാര്‍ ഒരു വാനിലെ മുഴുവന്‍ യാത്രക്കാരെയും വിറപ്പിച്ചു. വാന്‍ വരുന്നതു ശ്രദ്ധിക്കാതെ കാര്‍ റോഡിലേക്കു കയറിവരികയായിരുന്നു. വാന്‍ ഡ്രൈവര്‍ പെട്ടെന്നു ബ്രേക്ക് ചവിട്ടിയതിനാലാണ് അപകടം ഒഴിവായത്.
കാര്‍ ഡ്രൈവറെ ചെറുതായൊന്നു വിരട്ടാമെന്നു കരുതി ചെന്ന നാട്ടുകാര്‍ കണ്ടതു ഡ്രൈവിങ് സീറ്റില്‍ ഒരു കുട്ടിയെ. സ്‌കൂള്‍ വിദ്യാര്‍ഥിയായ മകനെ പിതാവു ഡ്രൈവിങ് പഠിപ്പിക്കുകയായിരുന്നു. ഇത്തരം കാഴ്ചകള്‍ ഐടി മേഖലയില്‍ മാത്രമല്ല ഉള്‍പ്രദേശങ്ങളില്‍ പോലും ഇപ്പോള്‍ സാധാരണമായിക്കഴിഞ്ഞു. ഇത്തരത്തില്‍ കുട്ടികളുടെ ഡ്രൈവിങ് പലപ്പോഴും മറ്റു വാഹനയാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. ഇരുചക്ര വാഹനങ്ങളില്‍ പിന്നില്‍ രണ്ടുപേരെവരെ കയറ്റിയാണ് ഹെല്‍മറ്റു പോലുമില്ലാതെയുള്ള പാച്ചില്‍. ഇത്തരക്കാര്‍ വരുത്തിവയ്ക്കുന്ന അപകടങ്ങളും ചെറുതല്ല.
സ്‌കൂള്‍ യൂനിഫോമില്‍വരെ വിദ്യാര്‍ഥികള്‍ ഇരുചക്ര വാഹനമോടിച്ചുപോകുന്നതു ഗ്രാമീണ മേഖലയിലെ പ്രധാന കാഴ്ചകളിലൊന്നായി മാറിക്കഴിഞ്ഞു. മുന്‍പു പോക്കറ്റ് റോഡുകള്‍ കേന്ദ്രീകരിച്ചായിരുന്നു കുട്ടികളുടെ വാഹനമോടിക്കല്‍ എങ്കില്‍ ഇന്നു പ്രധാന പാതകള്‍വരെ ഇക്കൂട്ടര്‍ കയ്യടക്കി കഴിഞ്ഞു. ഇത്തരത്തില്‍ ലൈസന്‍സില്ലാതെ പിടിയിലായാല്‍ രക്ഷിതാക്കളെ വിളിപ്പിച്ചു വേണ്ട നിര്‍ദേശം നല്‍കുകയും 1500 രൂപ പിഴ ഈടാക്കുകയും ചെയ്യാറുണ്ടെന്നു മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു. ബോധവല്‍ക്കരണ പരിപാടികളും മറ്റും സംഘടിപ്പിക്കാറുണ്ടെങ്കിലും രക്ഷിതാക്കളുടെ സഹകരണം കൂടിയുണ്ടെങ്കിലേ ഇത്തരം നിയമലംഘനങ്ങള്‍ തടയാന്‍ സാധിക്കുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."