വത്തിക്കാന്റെ ഇടപെടല്‍; കുറ്റവിമുക്തനാകും വരെ ജലന്ധര്‍ ബിഷപ്പിനെ മാറ്റിനിര്‍ത്തിയേക്കും
ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍നിന്നു മാറ്റാന്‍ വത്തിക്കാന്‍ ഒരുങ്ങുന്നു.
കേസുമായി ബന്ധപ്പെട്ട് ബിഷപ്പിന്റെ അറസ്റ്റ് അടുത്തിരിക്കുന്ന വേളയിലാണ് വത്തിക്കാന്റെ ഇടപെടല്‍. കേസില്‍നിന്ന് കുറ്റവിമുക്തനാകും വരെ പൗരോഹിത്യ ചുമതലകളില്‍നിന്ന് ഒഴിവാക്കാന്‍ സഭാ നേതൃത്വത്തോട് വത്തിക്കാന്‍ ആവശ്യപ്പെട്ടതായാണ് സൂചന.
കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ ഏറിവരുന്നതു വത്തിക്കാനേയും സഭാ നേതൃത്വത്തെയും ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു മണിക്കൂര്‍ നേരം കന്യാസ്ത്രീകള്‍ നില്‍പ്പുസമരം നടത്തിയിരുന്നു. കേരളത്തിലെ ഒരോ സംഭവവികാസങ്ങളും വത്തിക്കാനെ സഭ അറിയിക്കുന്നുണ്ട്.
അതേസമയം ബിഷപ്പിന്റെ അറസ്റ്റ് സംബന്ധിച്ച് അന്വേഷണ സംഘം വ്യക്തമായ തീരുമാനങ്ങളിലേക്ക് എത്തി. നിര്‍ണായക തെളിവുകള്‍ ലഭിച്ചതോടെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നാണ് പൊലിസിന്റെ കണക്കുകൂട്ടല്‍.
19നു നടക്കുന്ന ചോദ്യംചെയ്യലിനു ശേഷം ബിഷപ്പിനെ അറസ്റ്റു ചെയ്യാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പരാതിക്കാരിയായ കന്യാസ്ത്രീയും സാക്ഷികളും ബിഷപ്പും നല്കിയ മൊഴികളില്‍ വൈരുധ്യമുണ്ടെന്നു കണ്ടെത്തിയിരുന്നെങ്കിലും ആ കുറവുകള്‍ പരിഹരിക്കുന്നതരത്തിലുള്ള അന്വേഷണം നടത്താന്‍ പൊലിസിനായി.
രേഖപ്പെടുത്തിയ 81 സാക്ഷിമൊഴികളില്‍ മൂന്നെണ്ണം കുറ്റകൃത്യം നടന്നെന്നു സ്ഥാപിക്കാന്‍ കഴിയുന്ന വ്യക്തമായ തെളിവുകളാണ്. അതിനാല്‍ ചോദ്യംചെയ്യലിനു ഹാജരാകുന്ന ഫ്രാങ്കോയെ അറസ്റ്റു ചെയ്യാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."